സൗദി അറേബ്യയില്‍ വന്‍ ദുരന്തം ഒഴിവായി; ജിദ്ദയില്‍ വിമാനം ഇറങ്ങവെ ടയര്‍ പൊട്ടി, സംഭവം ഇങ്ങനെ
റിയാദ്: സൗദി അറേബ്യയില്‍ വന്‍ വിമാന ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങവെ ടയര്‍ പൊട്ടിത്തെറിച്ചു. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ആര്‍ക്കും പരിക്കില്ല. റണ്‍വെയില്‍ തന്നെ വിമാനം നിറുത്താന്‍ സാധിച്ചതാണ് ദുരന്തം ഒഴിവാകാന്‍ കാരണം. ശേഷം അതിവേഗം യാത്രക്കാരെ ഇറക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് സംഭവം. ഈജിപ്തിന്റെ തലസ്ഥാനത്ത് നിന്ന് പുറപ്പെട്ട് ജിദ്ദയിലെത്തിയ ഈജിപ്ത് എയര്‍ വിമാനത്തിന്റെ ടയര്‍ ആണ് പൊട്ടിയത്. ഈജിപ്തിന്റെ ഔദ്യോഗിക വിമാന കമ്പനിയാണ് ഈജിപ്ത് എയര്‍. എംഎസ് 643 എന്ന നമ്പറിലുള്ള ബോയിങ് 737 വിമാനം അതിരാവിലെയാണ് കെയ്‌റോയില്‍ നിന്ന് പുറപ്പെട്ടത്. ജിദ്ദയിലെ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് ടയര്‍ പൊട്ടിയത്.

എന്താണ് ടയര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം എന്ന് വിമാന കമ്പനി വിശദീകരിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് സൗദിയും ഈജിപ്തും അന്വേഷിക്കുന്നുണ്ട്. ജിദ്ദയിലെത്തിയ ശേഷം വിമാനം വിദഗ്ധര്‍ വിശദമായി പരിശോധിച്ചു. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകള്‍. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് വിവരം.












Click it and Unblock the Notifications