വമ്പന്‍ പദ്ധതികളുമായി സൗദിയ; കൂടെ സഞ്ജീവ് കപൂര്‍... ജെറ്റ് എയര്‍വേയ്‌സ് വിട്ട് സൗദി കമ്പനിക്കൊപ്പം
റിയാദ്: ജെറ്റ് എയര്‍വേയ്‌സ് സിഇഒ സ്ഥാനം രാജിവച്ച് സഞ്ജീവ് കപൂര്‍ സൗദിയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയക്കൊപ്പം ചേര്‍ന്നു. ജിദ്ദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗദിയ വലിയ ദൗത്യത്തിന് ഒരുങ്ങവെയാണ് സഞ്ജീവ് കപൂറും കൂടെ ചേരുന്നത്. സൗദിയ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹീം അല്‍ ഉമറിന്റെ ഉപദേഷ്ടാവ് ആയിട്ടാണ് ചുമതലയേറ്റിരിക്കുന്നത്.
2030 ആകുമ്പോഴേക്കും വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് സൗദിയ തീരുമാനിച്ചിരിക്കുന്നത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ഹബ്ബായി സൗദിയെ മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. അതോടൊപ്പം തന്നെ പ്രതിവര്‍ഷം സൗദിയിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണം 10 കോടിയായി ഉയര്‍ത്തുക എന്നതും ലക്ഷ്യമാണ്. ഇത് നേടുകയാണ് തന്റെ ദൗത്യമെന്ന് സഞ്ജീവ് കപൂര്‍ പറയുന്നു.

വ്യോമയാന രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സൗദി അറേബ്യ ഉന്നമിടുന്നത്. അതിന്റെ ഭാഗമായിട്ടാണ് സൗദിയക്ക് പുറമെ റിയാദ് എയര്‍ എന്ന വിമാന കമ്പനി കൂടി ആരംഭിക്കുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പുതിയ തീരുമാനം സൗദി പ്രഖ്യാപിച്ചത് മാസങ്ങള്‍ക്ക് മുമ്പാണ്. സൗദിയുടെ മാറ്റത്തിന്റെ പാതയ്ക്ക് വഴിയൊരുക്കാന്‍ സാധിക്കുന്നത് വലിയ കാര്യമാണെന്ന് സഞ്ജീവ് കപൂര്‍ സൂചിപ്പിക്കുന്നു.
സൗദി അറേബ്യയിലെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നാണ് സൗദിയ. കമ്പനിയുടെ വിപുലീകരണം സംബന്ധിച്ച് മാര്‍ച്ച് 21ന് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഈ വര്‍ഷം 25 വിമാനത്താവളങ്ങളിലേക്ക് കൂടി യാത്ര നീട്ടുമെന്നാണ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 39 ഡ്രീംലൈനര്‍ വിമാനങ്ങള്‍ ബോയിങില്‍ നിന്ന് വാങ്ങാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ആരാണ് സഞ്ജീവ് കപൂര്‍
20 വര്‍ഷത്തിലധികം വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണ് സഞ്ജീവ് കപൂര്‍. അമേരിക്കയിലെ നോര്‍ത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 1997ലാണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. ടെമാസെക് ഹോള്‍ഡിങ്‌സ്, ഒറാക്കിള്‍ കോര്‍പറേഷന്‍ എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്ത സ്വദേശിയാണ് സഞ്ജീവ് കപൂര്‍. ലാ മാര്‍ട്ടിനയര്‍ സ്‌കൂള്‍, ഡാര്‍ട്ട്മൗത്ത് കോളജ്, പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം.
ജെറ്റ് എയര്‍വേയ്‌സില്‍ ചേരുന്നതിന് മുമ്പ് ഒബ്രോയ് ഹോട്ടല്‍ ആന്റ് റിസോര്‍ട്ടില്‍ പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ സ്‌പൈസ് ജെറ്റ്, ഗോ എയര്‍, വിസ്താര എന്നീ വിമാന കമ്പനികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ ജിഎംജി എയര്‍ലൈന്‍സ് സിഇഒ ആയും പ്രവര്‍ത്തിച്ചു. സ്‌പൈസ് ജെറ്റില്‍ ചേര്‍ന്നത് 2013ലാണ്. വിസ്താരയില്‍ മാര്‍ക്കറ്റിങ്, നെറ്റ് വര്‍ക്ക് പ്ലാനിങ് എന്നിവയ്ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications