സൗദി അറേബ്യയ്ക്ക് നേട്ടമില്ല; ഇന്ത്യ എണ്ണ തേടി ഈ ആഫ്രിക്കന്‍ രാജ്യത്തേക്ക്, യുഎഇ കോടികള്‍ വാരും
റഷ്യയുടെ എണ്ണ ഇന്ത്യ വന്‍തോതില്‍ വാങ്ങാന്‍ തുടങ്ങിയത് 2021ന് ശേഷമാണ്. വില കുറച്ച് കിട്ടുമെന്ന് അറിഞ്ഞതോടെയാണ് ഇന്ത്യയുടെ എണ്ണ കമ്പനികള്‍ റഷ്യയിലെത്തിയത്. എന്നാല്‍ റഷ്യയുടെ എണ്ണ വാങ്ങിയാല്‍ ഉപരോധം ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണി ഇന്ത്യ ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. മാത്രമല്ല, ചുങ്കം ഇരട്ടിയാക്കിയ അമേരിക്കയുടെ നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയുമാണ്.
ഇന്ത്യ ഏറ്റവും കൂടുതല്‍ ചരക്കുകള്‍ കയറ്റി അയക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. അവിടെ 50 ശതമാനം ചുങ്കം കൊടുക്കേണ്ടി വരുന്നത് ഇന്ത്യയുടെ കയറ്റുമതിയെ സാരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് അമേരിക്കയെ ആശ്വസിപ്പിക്കാന്‍ റഷ്യയില്‍ നിന്നുള്ള എണ്ണയ്ക്ക് പകരം മറ്റു രാജ്യങ്ങളിലെ എണ്ണ ഇന്ത്യ തേടുന്നത്. ഇതില്‍ വലിയ നേട്ടം കൊയ്യാന്‍ പോകുന്നത് ഒരു ആഫ്രിക്കന്‍ രാജ്യമാണ്...

2021ല്‍ 825 കോടി ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നത്. 2024 ആയപ്പോഴേക്കും ഇത് 6570 കോടി ഡോളറിന്റെ ക്രൂഡ് ആയി ഉയര്‍ന്നു എന്ന് ബിസിനസ് സ്റ്റാന്‍ഡേഴ്ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുമായുള്ള ഇടപാട് പ്രതിസന്ധിയില്‍ ആയതോടെ നൈജീരിയ, അംഗോള, യുഎഇ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങാന്‍ ആരംഭിച്ചു.
സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലേക്ക് നൈജീരിയയില്‍ നിന്ന് 20 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ബുക്ക് ചെയ്തിരിക്കുന്നത്. അംഗോളയില്‍ നിന്ന് 10 ലക്ഷം ബാരലും. യുഎഇയില്‍ നിന്ന് 30 ലക്ഷം ബാരല്‍, അമേരിക്കയില്‍ നിന്ന് പത്ത് ലക്ഷം ബാരല്‍ എന്നിവ ഇന്ത്യ ബുക്ക് ചെയ്തുകഴിഞ്ഞു. ക്രൂഡ് ഓയിലിന്റെ സ്‌പോട്ട് വിപണിയിലേക്ക് ഇന്ത്യ വീണ്ടുമെത്തിയത് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.
ആഫ്രിക്കയിലെ നൈജീരിയ ഇന്ത്യയുമായുള്ള ഇടപാട് ഇരട്ടിയാക്കുമെന്നാണ് പുതിയ വിവരം. സള്‍ഫര്‍ അടങ്ങിയ നൈജീരിയന്‍ ക്രൂഡിന് ആവശ്യക്കാര്‍ ഏറെയാണ്. അതേസമയം, നൈജീരിയയില്‍ ഇന്ത്യയ്ക്ക് കടുത്ത മല്‍സരം നേരിടേണ്ടി വരുമെന്നാണ് വിവരം. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കേന്ദ്രമാണ് ദാന്‍ഗോട്ടി റിഫൈനറി. ഇവരുമായിട്ടാകും ഇന്ത്യയുടെ മല്‍സരം.
ആവശ്യമുള്ള മുഴുവന്‍ എണ്ണയും നൈജീരിയിയല്‍ നിന്ന് വാങ്ങാന്‍ ദാന്‍ഗോട്ടി റിഫൈനറി തീരുമാനിച്ചു. നേരത്തെ ബ്രിസീല്‍, അമേരിക്ക, ഗിനിയ, അംഗോള, ഘാന എന്നിവിടങ്ങളില്‍ നിന്നാണ് കമ്പനി എണ്ണ വാങ്ങിയിരുന്നത്. നൈജീരിയ സര്‍ക്കാരിന്റെയും ആഫ്രിക്കയിലെ ധനികനായ അലികോ ദന്‍ഗോട്ടിയുടെയും ഉടമസ്ഥതയിലുള്ളതാണ് ദന്‍ഗോട്ടി റിഫൈനറി.
ഓരോ ദിവസവും ആറര ലക്ഷം ബാരല്‍ എണ്ണയാണ് ദന്‍ഗോട്ടി റിഫൈനറി ശുദ്ധീകരിക്കുന്നത്. ഡീസല്‍, പെട്രോള്‍, വിമാന ഇന്ധനം, നാഫ്ത എന്നിവയെല്ലാം 2000 കോടി ഡോളറിന്റെ ഈ റിഫൈനറിയില്‍ ഉണ്ട്. ഈ കമ്പനിയും ഇന്ത്യയുമാണ് പ്രധാനമായും നൈജീരിയന്‍ എണ്ണയെ ആശ്രയിക്കുന്നതത്രെ. താരതമ്യേന വില കുറഞ്ഞ എണ്ണയാണ് നൈജീരിയയില്‍ നിന്ന് ലഭിക്കുന്നത് എന്നതും ഇന്ത്യയെ ഇങ്ങോട്ട് ആശ്രയിക്കാന്‍ കാരണമാണ്. ഇതിന് പുറമെ യുഎഇയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവ് കൂട്ടാനും ഇന്ത്യ തീരുമാനിച്ചു. റിയലന്‍സ് യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് വന്‍തോതില്‍ വാങ്ങാന്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications