ഇസ്രായേല്‍ പോലെ സൗദി അറേബ്യ; സുപ്രധാന പ്രഖ്യാപനം നടത്തി ട്രംപ്, പാകിസ്താന്‍ സുരക്ഷയും
വാഷിങ്ടണ്‍: സൗദി അറേബ്യയുടെ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ സുപ്രധാന പ്രഖ്യാപനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗംഭീര ചടങ്ങില്‍ സ്വീകരണം നല്‍കിയ ശേഷം അത്താഴ വിരുന്നും ട്രംപ് സംഘടിപ്പിച്ചു. സൗദി അറേബ്യയെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി അമേരിക്ക പ്രഖ്യാപിച്ചു.
അമേരിക്ക നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിച്ച രാജ്യങ്ങള്‍ 19 എണ്ണമാണ്. സൗദി അറേബ്യ 20ാം രാജ്യമായി മാറി. ഈ ഗണത്തില്‍ അമേരിക്ക ഉള്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് ഒട്ടേറെ ഇളവുകള്‍ ലഭിക്കും. പ്രധാനമായും സാമ്പത്തിക, സൈനിക, ഗവേഷണ രംഗങ്ങളിലാണ് ഇളവുകള്‍ നല്‍കുക. കോടികളുടെ കരാര്‍ ഒപ്പുവച്ചാണ് സൗദി കിരീടവകാശി അമേരിക്കയില്‍ നിന്ന് മടങ്ങുന്നത്.

സൗദി അറേബ്യയെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി പ്രഖ്യാപിക്കുകയാണ് എന്ന് ഡൊണാള്‍ഡ് ട്രംപ് അത്താഴ വിരുന്നിനിടെ പറഞ്ഞു. അമേരിക്കയുടെ അത്യാധുനിക സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഇനി സൗദി അറേബ്യയ്ക്ക് മറ്റു തടസങ്ങളുണ്ടാകില്ല. ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ സംയുക്ത ഗവേഷണവും നടത്തും.
മറ്റു 19 രാജ്യങ്ങള്‍ ഇതാണ്
നാറ്റോ ഇതര സഖ്യരാജ്യമായി അമേരിക്ക നേരത്തെ ഗള്‍ഫ് മേഖലയില്‍ നിന്ന് 3 രാജ്യങ്ങളെ പ്രഖ്യാപിച്ചിരുന്നു. ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളാണത്. ഇപ്പോള്‍ സൗദി അറേബ്യ കൂടി ഈ ഗണത്തിലേക്ക് വരികയാണ്. ഇസ്രായേല്‍, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, ഈജിപ്ത്, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, മൊറോക്കോ, ന്യൂസിലാന്റ്, പാകിസ്താന്‍, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്‌ലാന്റ്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കും അമേരിക്ക ഈ പദവി നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നടന്ന പരിപാടിയില്‍ പ്രമുഖ വ്യക്തികളും ഉണ്ടായിരുന്നു. ഇലോണ്‍ മസ്‌ക്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആപ്പില്‍ സിഇഒ ടിം കുക്ക്, ഫിഫ പ്രസിഡന്റ് ഗിയന്നി ഇന്‍ഫാന്റിനോ തുടങ്ങിയവരെല്ലാം സംബന്ധിച്ചു. സിറ്റി ഗ്രൂപ്പിന്റെ ജെയ്ന്‍ ഫ്രാസര്‍, എന്‍വിഡിയയുടെ ജെന്‍സണ്‍ ഹുവാങ്, ബിന്‍ അക്മാന്‍ തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു.
എഫ്-35 യുദ്ധ വിമാനം സൗദിക്ക് നല്‍കും
സൗദി അറേബ്യയ്ക്ക് എഫ്-35 യുദ്ധവിമാനം വില്‍ക്കാന്‍ അമേരിക്ക തയ്യാറായിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ഇസ്രായേലിനും ഈ യുദ്ധവിമാനം അമേരിക്ക കൈമാറിയിരുന്നു. സൗദി അറേബ്യയ്ക്ക് എഫ് 35 നല്‍കുന്നതില്‍ ഇസ്രായേലിന് എതിര്‍പ്പുണ്ട്. ഇസ്രായേല്‍ സൈന്യം ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സൗദിയുടെ ആണവ പദ്ധതിക്ക് അമേരിക്ക സഹായം നല്‍കിയേക്കും.
സൗദി അറേബ്യ അടുത്തിടെ പാകിസ്താനുമായി സൈനിക കരാര്‍ ഉണ്ടാക്കിയിരുന്നു. ഇരുരാജ്യങ്ങളെയും മൂന്നാമതൊരു രാജ്യം ആക്രമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു കരാര്‍. ഏതെങ്കിലും ഒരു രാജ്യത്തെ ആക്രമിച്ചാല്‍ ഇരുരാജ്യങ്ങളെയും ആക്രമിച്ചതായി കണക്കാക്കി ഇടപെടാമെന്നും കരാര്‍ വ്യക്തമാക്കുന്നു. ഖത്തറില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയ വേളയിലാണ് സൗദിയും പാകിസ്താനും കരാര്‍ ഒപ്പുവച്ചത്. അതിന് പുറമെയാണ് അമേരിക്ക നാറ്റോ ഇതര സഖ്യരാജ്യമായി സൗദിയെ തിരഞ്ഞെടുത്തിരിക്കുന്നത്.












Click it and Unblock the Notifications