സൗദി അറേബ്യയുടെ തന്ത്രം പൊളിഞ്ഞു; ഇറാന്‍ നടത്തിയത് വന്‍ കുതിപ്പ്... നേട്ടമുണ്ടാക്കി മറ്റൊരു രാജ്യവും
റിയാദ്: ഇടിഞ്ഞു വീണ എണ്ണവില ഉയര്‍ത്താന്‍ വേണ്ടി സൗദി അറേബ്യ അടുത്തിടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. ബാരലിന് 75 ഡോളറുണ്ടായിരുന്ന എണ്ണയ്ക്ക് 100 ഡോളറെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സൗദിയുടെ ഇടപെടല്‍. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസില്‍ നിര്‍ദേശം വച്ചെങ്കിലും എല്ലാ രാജ്യങ്ങളും അംഗീകരിച്ചില്ല. എങ്കിലും സൗദി സ്വന്തമായി മുന്നോട്ടുപോയി.
ഉല്‍പ്പാദനം കുറച്ച് വില കൂട്ടണം എന്നതായിരുന്നു സൗദിയുടെ തന്ത്രം. റഷ്യയും ഇതിനോട് ഓകെ പറഞ്ഞു. ഓരോ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. മൂന്ന് ലക്ഷം കുറയ്ക്കാന്‍ റഷ്യയും. എന്നാല്‍ മറ്റു ഒപെക് രാജ്യങ്ങള്‍ തങ്ങളുടെ പതിവ് ഉല്‍പ്പാദനുവമായി മുന്നോട്ട് പോയി. ചിലര്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു. അവസരം മുതലെടുത്ത് രണ്ട് രാജ്യങ്ങള്‍ നേട്ടം കൊയ്തു.

സൗദിയും റഷ്യയും ഉല്‍പ്പാദനം കുറച്ചെങ്കിലും ഒപെക് രാജ്യങ്ങളുടെ മൊത്തം ഉല്‍പ്പാദനം കൂടുകയാണ് ചെയ്തത്. മറ്റു രാജ്യങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതാണ് ഇതിന് കാരണം. ഇത്തരത്തില്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് നേട്ടമുണ്ടാക്കിയത് ഇറാനും ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുമാണ്. നൈജീരിയയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്തംബറില്‍ ഒപെക് രാജ്യങ്ങളുടെ എണ്ണ ഉല്‍പ്പാദനം പ്രതിദിനം 120000 ബാരല്‍ കൂടിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഉല്‍പ്പാദനം കൂടുന്നത്. ഒപെക് രാജ്യങ്ങള്‍ സെപ്തംബറില്‍ മൊത്തം ഉല്‍പ്പാദിപ്പിച്ചത് പ്രതിദിനം 27.73 ദശലക്ഷം ബാരലാണ്. നൈജീരിയയും ഇറാനുമാണ് മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നൈജീരിയ പ്രതിദിന ഉല്‍പ്പാദനം 1.10 ലക്ഷം ബാരലാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. അമേരിക്കന്‍ ഉപരോധം കാരണം ഇറാന് എണ്ണ വിപണിയില്‍ സാധാരണ കൂടുതല്‍ ഇടപെടാന്‍ സാധിക്കാറില്ല. എന്നാല്‍ സെപ്തംബറില്‍ ഇറാന്‍ ഉല്‍പ്പാദനം കൂട്ടിയിരിക്കുകയാണ്. പ്രതിദിനം 3.15 ലക്ഷം ബാരല്‍ എണ്ണയാണ് അവര്‍ ഉല്‍പ്പാദിപ്പിച്ചത്. 2018ന് ശേഷം ആദ്യമായിട്ടാണ് ഈ വര്‍ധനവ്.
എണ്ണ കയറ്റുമതി 14 ലക്ഷം ബാരലാക്കി ഉയര്‍ത്തിയിട്ടുണ്ട് എന്ന് ആഗസ്റ്റില്‍ ഇറാന്‍ അറിയിച്ചിരുന്നു. സെപ്തംബറില്‍ 35 ലക്ഷം ബാരലാക്കി ഉയര്‍ത്തുമെന്ന് ഇറാന്‍ ഓയില്‍ കമ്പനി അറിയിക്കുകയും ചെയ്തു. ഈ തീരുമാനമാണ് ഇറാന്‍ നടപ്പാക്കിയത്. സൗദി അറേബ്യയുടെ എണ്ണ വിപണിയില്‍ കുറഞ്ഞതോടെ ഉല്‍പ്പാദനം കൂട്ടുകയാണ് ഇറാന്‍ ചെയ്തത്.
അതേസമയം, ഇന്ത്യ എണ്ണ വാങ്ങുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റഷ്യ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്ക് ശേഷമാണ് സൗദിയുടെ സ്ഥാനം. സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചതോടെ വിപണിയില്‍ വില വര്‍ധിച്ച് ബാരലിന് 95 ഡോളര്‍ വരെ എത്തി. എന്നാല്‍ മറ്റു രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടിയതോടെ വില 91ലേക്ക് താഴ്ന്നു. ഈ സാഹചര്യത്തില്‍ എണ്ണ ഉല്‍പ്പാദന തീരുമാനത്തില്‍ ചില മാറ്റങ്ങള്‍ സൗദി വരുത്തിയേക്കുമെന്നാണ് വിവരം.












Click it and Unblock the Notifications