ഇന്ത്യയില്‍ 5000 കോടിയിലേറെ നിക്ഷേപിക്കാന്‍ സൗദി അറേബ്യ തയ്യാർ: പക്ഷെ മുന്നോട്ട് വെച്ചത് ഒരു നിബന്ധന
സൗദി അറേബ്യ ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 50 ബില്യൺ ഡോളറോളം നിക്ഷേപിക്കാനൊരുങ്ങുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും ഇപ്പോള്‍ തീരുമാനമായിട്ടുണ്ട്. പദ്ധതികൾക്കനുസരിച്ചുള്ള പുരോഗതി ഉറപ്പാക്കാൻ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ആദ്യ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ യോഗത്തിൽ, ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈഡ്രോകാർബൺ മേഖലയിലെ ബന്ധം സമഗ്രമായ ഊർജ്ജ പങ്കാളിത്തത്തിലേക്ക് വൈവിധ്യവത്കരിക്കാനും തീരുമാനിച്ചു. ഹൈഡ്രോകാർബൺ ബന്ധത്തെ സമഗ്രമായ ഊർജ പങ്കാളിത്തമാക്കി മാറ്റാനും ഇരുപക്ഷവും കരാറിലെത്തിയിട്ടുണ്ട്.

സൗദി എണ്ണ ഭീമനായ അരാംകോയും ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളും (ഒഎംസി) തമ്മിലുള്ള ത്രികക്ഷി പങ്കാളിത്തമായ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുടെ നടത്തിപ്പിന് ഇരു രാജ്യങ്ങളും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. ഇതിനായി ഇതിനകം 50 ബില്യൺ ഡോളർ നീക്കിവെച്ചതായി സിപിവി , ഒഐഎ സെക്രട്ടറി ഔസഫ് സയീദ് വ്യക്തമാക്കി.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL) എന്നിവർ ചേർന്ന് 2017 സെപ്റ്റംബറിൽ രൂപീകരിച്ച സംയുക്ത സംരംഭമായ രത്നഗിരി റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് (RRPCL) പദ്ധതി സൌദിയുമായുള്ള ഇടപാടില്‍ നിർണ്ണായകമാണ്.
അതേസമയം, വെസ്റ്റ് കോസ്റ്റ് റിഫൈനറിയിലെ തീപിടുത്തം പരിഹരിക്കുന്നതില്‍ ഇന്ത്യ സർക്കാർ പരിഹരിക്കണമെന്ന നിബന്ധന സൗദി അറേബ്യ മുന്നോട്ട് വെച്ചതായുള്ള റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഈ വിഷയത്തില്‍ പരിഹാരം കാണുന്നത് വരെ മറ്റ് രണ്ട് റിഫൈനറി പദ്ധതികളിൽ നിക്ഷേപം നടത്തില്ലെന്ന് സൗദി ഇന്ത്യയെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ്റെയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെയും ഒരു പ്രതിനിധി സംഘം മെയ് മാസത്തിൽ റിയാദ് സന്ദർശിച്ച് പുതിയ രണ്ട് റിഫൈനറികളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ജൂണിൽ, മറ്റ് രണ്ട് റിഫൈനറി നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനുമുമ്പ് വെസ്റ്റ് കോസ്റ്റ് റിഫൈനറിയിലേത് ഒരു പ്രധാന വിഷയമാണെന്ന് സൗദി ഇന്ത്യയെ അറിയിച്ചു. ഡബ്ല്യുസിആർ പ്രോജക്ടിൽ വ്യക്തത വന്നതിന് ശേഷം മാത്രമേ പുതിയത് പരിഗണിക്കൂ എന്നും അവർ വ്യക്തമാക്കി.
2019 മുതൽ റിയാദ് ഡബ്ല്യുസിആർ പ്രശ്നം ആവർത്തിച്ച് ഉന്നയിച്ചിരുന്നുവെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2023 സെപ്റ്റംബറിൽ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദർശന വേളയിൽ സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന ചർച്ചയിലും ഈ വിഷയം ഉയർന്ന് വന്നിരുന്നു.
ഇന്ത്യയിൽ സൗദിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു ഉന്നതതല ടാസ്‌ക് ഫോഴ്‌സ് (എച്ച്എൽടിഎഫ്) സ്ഥാപിക്കാനും അന്നത്തെ ചർച്ചകള്‍ തീരുമാനിച്ചു. ഈ വർഷമാദ്യം ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സൗദി ഊർജ മന്ത്രിയും ചേർന്ന് ടാസ്ക് ഫോഴ്സിന് അന്തിമരൂപം നൽകിയെങ്കിലും വിഷയത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.












Click it and Unblock the Notifications