സൗദിക്ക് അപ്രതീക്ഷിത തിരിച്ചടി; അരാംകോ വീണു... ആപ്പിളും മൈക്രോസോഫ്റ്റും ഇടിച്ചുകയറി
കഴിഞ്ഞ മെയ് മാസത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സൗദി അരാംകോ

റിയാദ്: ലോകത്തെ എണ്ണം പറഞ്ഞ കമ്പനികളില്‍ ഒന്നാണ് സൗദി അറേബ്യയുടെ അരാംകോ. ലാഭത്തിലും വരുമാനത്തിലും കേമനാണെന്ന് മാത്രമല്ല, ആഗോള വിപണിയില്‍ എണ്ണവില നിശ്ചയിക്കുന്നതില്‍ പ്രധാനിയുമാണ് ഈ കമ്പനി. അടുത്ത കാലം വരെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയായിരുന്നു അരാംകോ. എന്നാല്‍ ഇപ്പോള്‍ ചുവടുകള്‍ പിഴയ്ക്കുന്നു എന്ന സൂചനയാണ് വരുന്നത്.
സൗദിയുടെ ഔദ്യോഗിക എണ്ണ കമ്പനി കൂടിയാണിത്. എല്ലാ വര്‍ഷവും കോടികളാണ് ഓഹരി ഉടമകള്‍ക്ക് കമ്പനി കൈമാറാറുള്ളത്. മികച്ച പ്രകടനത്തിന്റെ മിനാരത്തില്‍ നില്‍ക്കവെയാണ് വീഴ്ചയുടെ പുതിയ വാര്‍ത്ത. വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യ രണ്ടു കമ്പനികള്‍
ലോകത്തെ സമ്പന്ന കമ്പനികളില്‍ സൗദി അരാംകോ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണിപ്പോള്‍. ഒന്നാം സ്ഥാനത്ത് അമേരിക്കന്‍ കമ്പനിയായ ആപ്പിളാണ്. രണ്ടാം സ്ഥാനനത്ത് ടെക് ഭീമന്‍ മൈക്രോ സോഫ്റ്റും. നേരത്തെ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിന്നിരുന്ന അരാംകോ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.

കമ്പനികളുടെ ആസ്തി
ആസ്തിയില്‍ മുന്നിലുള്ള ആപ്പിളിന് 2.41 ലക്ഷം കോടി ഡോളര്‍ വരുമാനമാണുള്ളത്. രണ്ടാംസ്ഥാനത്തുള്ള മൈക്രോസോഫ്റ്റിന് 1.92 ലക്ഷം കോടി ഡോളറും. മൂന്നാം സ്ഥാനത്തുള്ള അരാംകോയ്ക്ക് 1.90 ലക്ഷം കോടിയാണ് ആസ്തി. കമ്പനീസ് മാര്‍ക്കറ്റ് കാപ് ഡോട്ട് കോം എന്ന വെബ്‌സൈറ്റാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒന്നില്‍ നിന്നുള്ള വീഴ്ച
നവംബറിലെ ആസ്തി കണക്കില്‍ അരാംകോ രണ്ടാം സ്ഥാനത്തായിരുന്നു. ആപ്പിളിന് പിന്നിലായി 1.81 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് അന്ന് അരാംകോയ്ക്കുണ്ടായിരുന്നത്. മൂന്നാം സ്ഥാനത്തായിരുന്നു മൈക്രോസോഫ്റ്റ്. ഇപ്പോള്‍ വരുമാനം കൂടിയിട്ടുണ്ടെങ്കിലും മൈക്രോസോഫ്റ്റ് ആണ് അല്‍പ്പം മുന്നിലുള്ളത്. കഴിഞ്ഞ മെയ് മാസത്തില്‍ 2.38 ലക്ഷം കോടി വരുമാനവുമായി ഒന്നാം സ്ഥാനത്തായിരുന്നു അരാംകോ.

ഇതാണ് തിരിച്ചടിക്ക് കാരണം
സാമ്പത്തിക മാന്ദ്യ ഭീതി വിപണിയില്‍ ഉടലെടുത്തതാണ് അരാംകോയ്ക്ക് തിരിച്ചടിയായത്. ഇതോടെ എണ്ണയുടെ ആവശ്യക്കാരില്‍ കുറവ് വന്നു. വരുമാനം കൂടിയെങ്കിലും പ്രതീക്ഷിച്ച അത്ര ലഭിച്ചില്ല. 2022ലെ അവസാന പാദത്തില്‍ 6.3 ശതമാനം കുറവാണ് പ്രതീക്ഷിത വരുമാനത്തിലുണ്ടായത്. അതേസമയം, ചൈനീസ് വിപണി സജീവമാകുന്നത് അരാംകോയ്ക്ക് പ്രതീക്ഷയേറ്റുന്നുണ്ട്.

വരുംമാസങ്ങളില്‍ ചിത്രം മാറും
കൊവിഡ് കാരണം ചൈനയിലെ വിപണി പല മേഖലയിലും അടഞ്ഞുകിടക്കുകയാണ്. ചൈനയിലേക്കുള്ള വിദേശികളുടെ വരവിലും പുറത്തേക്കുള്ള യാത്രയും കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൊറോണ ഭീതി അകന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വിമാന ഇന്ധനമുള്‍പ്പെടെയുള്ള എണ്ണയ്ക്ക് ആവശ്യക്കാര്‍ ഏറുമെന്നാണ് പ്രതീക്ഷ. ഇതോടെ വരുംമാസങ്ങളില്‍ ചിത്രം മാറുമെന്ന് സിഇഒ അമീന്‍ നാസര്‍ പറയുന്നു.












Click it and Unblock the Notifications