സൗദി അറേബ്യയുടെ മോഹം വെറുതെയായി? പാകിസ്താനെ ആ സ്വർണഖനി ലഭിക്കില്ല; നിർണ്ണായക തീരുമാനം എടുത്തു
രാജ്യത്തെ സ്വർണ്ണ ഖനന നീക്കങ്ങള്‍ ശക്തമാക്കി പാകിസ്താന്‍. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് ഗ്യാസ് ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഒ ജി ഡി സി എൽ), പാകിസ്ഥാൻ പെട്രോളിയം ലിമിറ്റഡ് (പി പി എൽ) എന്നിവ റെക്കോ ഡിഖ് സ്വർണ്ണ, ചെമ്പ് ഖനന പദ്ധതിയിലെ നിക്ഷേപം 1.25 ബില്യൺ ഡോളറായി വർദ്ധിപ്പിച്ചിച്ചുവെന്നാണ് ഏറ്റവും പുതിയ വാർത്ത.
പാകിസ്ഥാൻ മിനറൽസ് (പ്രൈവറ്റ്) ലിമിറ്റഡ് വഴി പദ്ധതിയിലെ കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഓഹരികളാണ് ഒ ജി ഡി സി എല്ലും പി പി എല്ലും സ്വന്തമാക്കിയിരിക്കുന്നത്. ഇരു കമ്പനികളുടേയും ഓഹരി വിഹിതം 8.33 ശതമാനമാണ്. നേരത്തെയും ഖനന മേഖലയില്‍ വലിയ നിക്ഷേപം ഇവർ നടത്തിയിരുന്നു. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം എന്നതും ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച, ഫെഡറൽ മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതി (ഇസിസി) റെക്കോ ഡിഖ് പദ്ധതിയെക്കുറിച്ചും അതിന്റെ മൊത്തത്തിലുള്ള വികസന പദ്ധതിയിലെ മാറ്റങ്ങളെക്കുറിച്ചും വ്യക്തമാക്കിയതായ് പാക് സർക്കാറിലെ ധനകാര്യ വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു. 'റെക്കോ ഡിഖ് പദ്ധതിയെക്കുറിച്ചും അതിന്റെ മൊത്തത്തിലുള്ള വികസന പദ്ധതിയിലും അനുബന്ധ സാമ്പത്തിക പ്രതിബദ്ധതകളിലും വരുത്തിയ മാറ്റങ്ങളും ശേഷി, ഊർജ്ജ മിശ്രിതം, ബദൽ ജലവിതരണ ഓപ്ഷനുകൾ, നവീകരിച്ച സംസ്കരണ പ്ലാന്റുകൾ, യന്ത്രങ്ങൾ എന്നിവയെക്കുറിച്ചുമുള്ള പദ്ധതി ധനകാര്യ പരിഗണനകളെക്കുറിച്ചും വകുപ്പ് വിശദീകരിച്ചു' പ്രസ്താവനയിൽ പറയുന്നു.
വലിയ തോതില്‍ സ്വർണ നിക്ഷേപം ഉണ്ടെങ്കിലും അതിന് അനുസരിച്ചുള്ള ഉത്പാദനം ഇല്ലാത്ത ഖനി കൂടിയാണ് റെക്കോ ഡിക്ക്. കനേഡിയൻ ഖനന സ്ഥാപനമായ ബാരിക്ക് ഗോൾഡ് കോർപ്പറേഷന്റേയും പാകിസ്ഥാന്‍ സർക്കാറിന്റേയും സംയുക്തമായി ഉടമസ്ഥതയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. റെക്കോ ഡിക്ക് പദ്ധതിയുടെ മൊത്തം ഓഹരി പങ്കാളിത്തത്തിൽ, 25 ശതമാനം ബലൂചിസ്ഥാൻ പ്രവിശ്യാ സർക്കാരിനാണ്. 50 ശതമാനം പദ്ധതിയുടെ നടത്തിപ്പുകാരായ ബാരിക്ക് ഗോൾഡ് കോർപ്പറേഷനും കൈവശം വെച്ചിരികുന്നു.
ഖനിക്ക് 37 വർഷത്തെ ഖനന ആയുസ്സുണ്ടെന്നും 13.1 ദശലക്ഷം ടൺ ചെമ്പും 17.9 ദശലക്ഷം ഔൺസ് സ്വർണ്ണവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക, ആദ്യ ഘട്ടത്തിൽ 5.6 ബില്യൺ ഡോളറിന്റെ മൂലധന വിഹിതം കണക്കാക്കും. രണ്ടാം ഘട്ടത്തിന് ധനസഹായം നൽകുന്നതിനായി, പദ്ധതിയിൽ നിന്നുള്ള വരുമാനം, അധിക പദ്ധതി ധനസഹായം, ആവശ്യമെങ്കിൽ ഓഹരി ഉടമകളുടെ സംഭാവനകൾ എന്നിവ ഉൾപ്പെടുത്താനാണ് ഊർജ്ജ കമ്പനികൾ പദ്ധതിയിടുന്നത്.
അതേസമയം, 10 കോടി ഡോളര്‍ സൗദി അറേബ്യ പാകിസ്താനിലെ റെക്കോ ദിഖ് ഖനന മേഖലയില്‍ നിക്ഷേപിച്ചേക്കുമെന്ന് നേരത്തെ സൗദി മന്ത്രി ബാന്തര്‍ പറഞ്ഞിരുന്നു. ഖനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടിയാണ് പ്രധാനമായും ഈ തുക ചെലവഴിക്കുക. സൗദിയിലെ ഖനന കമ്പനിയായ മനാറ മിനറല്‍സ് വഴി നിക്ഷേപം നടത്താനായിരുന്നു തീരുമാനം. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും ഖനന കമ്പനിയായ മഅദിന്റെയും സംയുക്ത സംരംഭമാണ് മനാറ മിനറല്‍സ്. എന്നാല്‍ ഇതിന് ഇടയിലാണ് ഒ ജി ഡി സി എല്ലും പി പി എല്ലും റെക്കോ ഡിക്കില്‍ നിക്ഷേപം നടത്തുന്നത്. ഇതോടെ സൗദിയുടെ നിക്ഷേപം ഉണ്ടാകുമോയെന്നത് സംശയകരമാണ്.
അതോടൊപ്പം തന്നെ പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്കില്‍ ഏകദേശം 700 ബില്യൺ പാകിസ്ഥാൻ രൂപയുടെ സ്വർണ്ണ ശേഖരം കണ്ടെത്തിയെന്ന് അടുത്തിടെ ഖനന മന്ത്രി ഷേർ അലി ഗോർച്ചാനി അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അറ്റോക്കിലെ 32 കിലോമീറ്റർ പ്രദേശത്ത് ഏകദേശം 2.8 ദശലക്ഷം ടോളസ് സ്വർണ്ണം ഉണ്ടെന്നും, നിലവിലെ വിപണി വിലകൾ അനുസരിച്ച് ഇതിന് ഏകദേശം 600-700 ബില്യൺ രൂപ വിലവരുമെന്നുമാണ് മന്ത്രിയുടെ അവകാശവാദം.












Click it and Unblock the Notifications