സൗദി ഉടക്കി; ഇങ്ങനെ ബന്ധം തുടരാനാകില്ല, അതിവേഗം ഇടപെട്ട് ഖത്തര്‍, അഫ്ഗാനില്‍ നടക്കുന്നത്...
സൗദി ഉദ്യോഗസ്ഥര്‍ പരിശീലനത്തിന് പോയതാണ് എന്നാണ് അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം

റിയാദ്/ദോഹ: 2021 ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്താനില്‍ വീണ്ടും അധികാരത്തിലെത്തിയത്. അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ച ഉടനെ അവര്‍ ഭരണം പിടിക്കുകയായിരുന്നു. ആശങ്കയിലായ ജനങ്ങള്‍ അഫ്ഗാന്‍ വിട്ടുപോകാന്‍ തിടുക്കം കൂട്ടുന്ന കാഴ്ച ലോകം കണ്ടു. അഫ്ഗാന്‍ പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യുഎഇയിലേക്ക് പലായനം ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സാഹചര്യം പൊരുത്തപ്പെട്ടു. വിദേശരാജ്യങ്ങള്‍ താലിബാന്‍ ഭരണകൂടവുമായി ഐക്യത്തിലേക്ക് നീങ്ങി. ഖത്തര്‍, തുര്‍ക്കി, ഇറാന്‍, ചൈന എന്നീ രാജ്യങ്ങളുടെ പിന്തുണ അഫ്ഗാന് ലഭിച്ചു തുടങ്ങി. അതിനിടെ അഫ്ഗാനില്‍ വിവാദമായ പല ചട്ടങ്ങളും നടപ്പാക്കിയത് സാഹചര്യം മാറ്റിമറിച്ചു. ഇതോടെ സൗദി അറേബ്യ ഉടക്കിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദി എംബസി പൂട്ടി
അഫ്ഗാനുമായുള്ള നയതന്ത്ര ബന്ധം ഈ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല എന്ന നിലപാടാണ് സൗദി അറേബ്യയ്ക്കുള്ളതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അറേബ്യയും ചെക്ക് റിപബ്ലിക്കം അഫ്ഗാനിലെ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. കാബൂളിലെ അവരുടെ എംബസി അടച്ചുപൂട്ടുകയും ചെയ്തു എന്നാണ് വാര്‍ത്തകള്‍.

അഫ്ഗാന് പണിയാകും
അറബ് ലോകത്തെ പ്രധാന രാജ്യമാണ് സൗദി അറേബ്യ. പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങളെ സൗദി കൈയ്യഴിച്ച് സഹായിക്കാറുമുണ്ട്. സൗദിയുടെ സഹായം അഫ്ഗാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇതിനിടെ സൗദി ഉടക്കിയത് അഫ്ഗാന് തിരിച്ചടിയാണ്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ അഫ്ഗാനെതിരായ വികാരം ശക്തിപ്പെട്ടേക്കും.

ഖത്തറിന്റെ ഇടപെടല്‍
അതേസമയം, പുതിയ പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട്. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി കാബൂളിലെത്തി ചര്‍ച്ചകള്‍ നടത്തി. താലിബാന്‍ നേതാക്കളും ഖത്തര്‍ പ്രതിനിധി മുത്‌ലഖ് ബിന്‍ മാജിദ് അല്‍ ഖഹ്താനിയും പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി. താലിബാന്റെ പുതിയ ഭരണപരിഷ്‌കാരങ്ങളാണ് വിവാദത്തിന് കാരണം.

വിവാദം പരിഷ്‌കാരങ്ങള്‍
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് സൗദിയുടെ പ്രതിഷേധത്തിന് കാരണം എന്നറിയുന്നു. മാത്രമല്ല, എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും അഫ്ഗാന്‍ ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദി ഉടക്കിയെങ്കിലും ഖത്തര്‍ അഫ്ഗാന്‍ ഭരണകൂടവുമായി മികച്ച ബന്ധം തുടരുന്നുണ്ട്. ഖത്തറിന്റെ സഹായവും താലിബാന്‍ ഭരണകൂടത്തിനുണ്ട്.

താലിബാന്റെ പ്രതികരണം
വിഷയത്തില്‍ പ്രതികരണവുമായി താലിബാന്‍ രംഗത്തുവന്നു. സൗദി അറേബ്യ എംബസി അടച്ചു എന്ന വാര്‍ത്ത തെറ്റാണ്. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ സൗദിയിലേക്ക് തിരിച്ചുവിളിച്ചതാണ്. ഒരാഴ്ചത്തെ പരിശീലനമാണ് സൗദിയില്‍ നടക്കുന്നത്. അതിന് ശേഷം സൗദിയുടെ ഉദ്യോഗസ്ഥര്‍ തിരിച്ച് അഫ്ഗാനിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിന്റെ സഹായം
അഫ്ഗാനിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന രാജ്യം ഖത്തറാണ്. അമേരിക്കയും താലിബാനും തമ്മില്‍ ചര്‍ച്ച നടത്തി അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം വേഗത്തിലാക്കിയത് ഖത്തറിന്റെ ഇടപെടലായിരുന്നു. ദോഹയില്‍ താലിബാന് ഓഫീസുണ്ട്. ഇവിടെയാരുന്നു ചര്‍ച്ചകള്‍. പുതിയ പ്രതിസന്ധിയിലും താലിബാനെ സഹായിക്കാനെത്തിയത് ഖത്തറാണ്. ഖത്തറാണ് അഫ്ഗാനിലെ വിമാനത്താവളങ്ങള്‍ നിയന്ത്രിക്കുന്നത്.












Click it and Unblock the Notifications