ഹൂതികൾക്ക് തിരിച്ചടിയുമായി സൗദി അറേബ്യ: സനായ്ക്ക് സമീപമുള്ള എണ്ണകേന്ദ്രത്തിന് നേരെ ആക്രമണം
യെമെൻ തലസ്ഥാനമായ സനായ്ക്ക് സമീപമുള്ള എണ്ണക്കമ്പനിയും സംഭരണകേന്ദ്രവും ആക്രമിച്ച് സൗദി. ഹൂതികൾ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രാദേശികരോട് ഒഴിയാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സൗദി ഇവിടെ വ്യോമാക്രമണം നടത്തിയത്. ഹൂതികൾ നടത്തുന്ന തുടർച്ചയായ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് സനായിൽ ഇത്രയും വലിയൊരു മിസൈലാക്രമണം നടത്തുന്നത്.
സനയിലെ അൽസബയിലുള്ള എണ്ണക്കമ്പനിയാണ് ആക്രമിക്കപ്പെട്ടതെന്ന് ഹൂതികളുടെ നിയന്ത്രണത്തിലുള്ള അൽ മസിരാഹ് ചാനൽ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് നിന്ന് കറുത്ത പുക പടരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വലിയ പൊട്ടിത്തെറി കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ആക്രമണം എണ്ണ ശേഖരത്തെ ബാധിച്ചിട്ടില്ലെന്നും വിതരണം തടസപ്പെടില്ലെന്നും എണ്ണക്കമ്പനി പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലത്താണ് പെട്രോളിയം ഉത്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ദീർഘകാലത്തേക്കുള്ള ആവശ്യം നിറവേറ്റാനായി എണ്ണ സംഭരിച്ചുവെച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. അതേസമയം ആക്രമണത്തെ കുറിച്ച് സൗദി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കടുത്ത മറുപടി നൽകുമെന്ന് ഹൂതികൾ
സൗദിയുടെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകി. കടുത്തതും വേദനാജനകവുമായ മറുപടി ഉണ്ടാകുമെന്നാണ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹ്‌യ സാരീ ടെലിഗ്രാമിലൂടെ മുന്നറിയിപ്പ് നൽകിയത്.സൗദി ലക്ഷ്യമിട്ട പ്രദേശങ്ങളിൽ നിന്നും എത്രയും പെട്ടെന്ന് എല്ലാ പൗരന്മാരും ഒഴിയണമെന്നും യെമൻ സേന ആഹ്വാനം ചെയ്തു. അതേസമയം ആക്രമണത്തിന് മറുപടിയെന്നോണം റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളവും ഒരു റിഫൈനറിയും ദമ്മാമിലെ ഒരു അരാംകോ കേന്ദ്രവും തങ്ങൾ ലക്ഷ്യമിടുന്നതായും സേന വ്യക്തമാക്കി.
ഇറാൻ-യു.എസ് സംഘർഷം കടുക്കുന്നതിനിടയിലാണ് ഇറാൻ പിന്തുണയുള്ള ഹൂതിയിലെ വിമതർ സൌദിക്കെതിരെ ആക്രമണം കടുപ്പിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്ക് എണ്ണയും മറ്റ് ചരക്കുകളുടേയും ഗതാഗതത്തിന് ഉപയോഗിക്കുന്ന നിർണായക പാതയായ ബാബ് എൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള പ്രധാന മേഖലകൾ ഹൂതികൾ പിടിച്ചടക്കിയിരുന്നു. ഇതുകൂടാതെ സൌദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം റിയാദ് എയർപോർട്ടിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ എയർപോർട്ടിലെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിരവധി വിമാന സർവ്വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications
