സൗദി അറേബ്യ ആവര്‍ത്തിച്ചത് ഇന്ത്യന്‍ നിലപാട്; കശ്മീര്‍ ചര്‍ച്ചയാക്കി പാകിസ്താന്‍, തന്ത്രം ഫലിച്ചില്ല
റിയാദ്: കശ്മീര്‍ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള പാകിസ്താന്റെ തന്ത്രം ഇത്തവണയും ഫലിച്ചില്ല. നേരത്തെ യുഎഇ സ്വീകരിച്ചതിന് സമാനമായ നിലപാടാണ് ഇപ്പോള്‍ സൗദി അറേബ്യയും സ്വീകരിച്ചത്. ഒഐസിയില്‍ പലപ്പോഴും ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ വരുന്നതിന് പാകിസ്താന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുമായി ഉടക്കാന്‍ ജിസിസി രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തം.
വീണ്ടും പാകിസ്താന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷഹ്ബാസ് ഷരീഫ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത് സൗദി അറേബ്യയാണ്. ഉംറ നിര്‍വഹിച്ച അദ്ദേഹം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഇറക്കിയ സംയുക്ത പ്രസ്താവയിലാണ് കശ്മീര്‍ വിഷയം പരാമര്‍ശിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. പുതിയ സഖ്യ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി രാജ്യത്തെ സാമ്പത്തികമായി കരുത്തുറ്റതാക്കുക എന്നതാണ്. ഗള്‍ഫ് രാജ്യങ്ങളുടെയും ചൈനയുടെയും സാമ്പത്തിക സഹായത്തോടെയാണ് പാകിസ്താന്റെ പ്രയാണം. നേരത്തെ സൗദി അറേബ്യയും യുഎഇയും പാകിസ്താനെ സഹായിച്ചിരുന്നു. ഇനിയും സഹായം വേണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നത്.
സാമ്പത്തിക സഹായം അഭ്യര്‍ഥിക്കുക എന്ന ലക്ഷ്യവും ഷഹ്ബാസ് ഷരീഫിന്റെ യാത്രയ്ക്കുണ്ടായിരുന്നു. പാകിസ്താനെ ഒറ്റയടിക്ക് സൗദി അറേബ്യ തള്ളില്ല. മുസ്ലിം രാജ്യങ്ങളിലെ ഏക ആണവ ശക്തിയായായ പാകിസ്താന്റെ സൈനിക സഹകരണം സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്ത്യയും പാകിസ്താനും ഉള്‍പ്പെട്ട കശ്മീര്‍ വിഷയം വരുമ്പോള്‍ ഇന്ത്യയുടെ പക്ഷമാണ് സൗദി നിലയുറപ്പിക്കാറ്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് സംയുക്ത പ്രസ്താവനയില്‍ സൗദി അറേബ്യ ആവശ്യപ്പെട്ടത്. മക്കയിലെ അല്‍ സഫ കൊട്ടാരത്തിലായിരുന്നു ഇരുനേതാക്കളുടെയും ചര്‍ച്ച. മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കി കശ്മീര്‍ വിഷയം പരിഹരിക്കണമെന്നും പ്രസ്തവനയില്‍ പറയുന്നു.
കശ്മീര്‍ വിഷയത്തില്‍ പുറത്തുനിന്നുള്ള മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ല എന്നാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. പാകിസ്താനും ഇന്ത്യയും ചര്‍ച്ച ചെയ്തു പരിഹാരം കാണുമെന്നും ഇന്ത്യ വ്യക്തമാക്കുന്നു. ഇതേ നിലപാടിനെ പിന്തുണയ്ക്കുകയാണ് സൗദി അറേബ്യ. പാകിസ്താനോടെന്ന പോലെ ഇന്ത്യയുമായും അടുത്ത സൗഹൃദം പുലര്‍ത്തുന്നതിനാലാണ് ജിസിസി രാജ്യങ്ങള്‍ വിഷയത്തില്‍ പക്ഷം പിടിക്കാത്തത്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ 2019ല്‍ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമായിട്ടാണ് ഇതിനെ കണ്ടിരുന്നത്. ഇന്ത്യയുടെ നടപടിയെ അപലിക്കാനും സൗദി തയ്യാറായിരുന്നില്ല. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും മൂന്നാം കക്ഷി ഇടപെടേണ്ട എന്നായിരുന്നു ഇന്ത്യയുടെ മറുപടി.












Click it and Unblock the Notifications