Get Updates
Get notified of breaking news, exclusive insights, and must-see stories!

തുന്നംപാറിയ ഭൂമിയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വിമാനം; പിന്തുണച്ച് ഇറാന്‍... തുര്‍ക്കിയും കളത്തില്‍

റിയാദ്: മുല്ലപ്പൂ വിപ്ലവത്തിന്റെ അലയൊലികള്‍ അറബ് ലോകത്ത് വസന്തം തീര്‍ത്തപ്പോള്‍ ലോകം ആശ്ചര്യത്തോടെയാണ് നോക്കി നിന്നത്. രാവിനെ പകലാക്കി യുവജനങ്ങള്‍ തെരുവുകള്‍ കീഴടക്കയപ്പോള്‍ ഏകാധിപതികളുടെ കസേര ഇളകാന്‍ തുടങ്ങിയതാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ ചരിത്രം. ടുണീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം പ്രതിഷേധം ശക്തിപ്പെട്ട വേളയില്‍ തന്നെയാണ് 2011ല്‍ സിറിയയിലും ജനം തെരുവിലിറങ്ങിയത്.

പ്രതിഷേധക്കാരെ ചോരയില്‍ മുക്കി കൊല്ലാനുള്ള സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ തീരുമാനം ലോകത്തിന് മുമ്പില്‍ ആ രാജ്യത്തെ ഒറ്റപ്പെടുത്തി. യുഎന്നും അറബ് ലീഗും ഒഐസിയുമെല്ലാം സിറിയയെ അകറ്റി നിര്‍ത്തി. അമേരിക്ക, റഷ്യ, ഇറാന്‍, തുര്‍ക്കി തുടങ്ങി വന്‍ സായുധ ശേഷിയുള്ള രാജ്യങ്ങളെല്ലാം സിറിയയെ ചാരമാക്കാന്‍ എത്തി. വര്‍ഷം 12 പിന്നിട്ടപ്പോള്‍ ചിത്രം മാറുകയും സിറിയയുമായി കൂടുതല്‍ അടുക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകുകയും ചെയ്തിരിക്കുന്നു. പിന്നീട് സംഭവിച്ചതാണ് ഇനി പറയുന്നത്...

saudiarabia-syria-iran-turkey-news

ആഭ്യന്തര യുദ്ധം സിറിയയെ മൂന്നായി വിഭജിച്ചു. ബശ്ശാറുല്‍ അസദിന്റെ ഭരണകൂടത്തിന് സ്വാധീനമുള്ള ദമസ്‌കസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍. സര്‍ക്കാര്‍ വിരുദ്ധരായ വിമതര്‍ക്ക് സ്വാധീനമുള്ള വടക്കുപടിഞ്ഞാറന്‍ പ്രദേശം, കുര്‍ദ് സൈന്യത്തിന് കരുത്തുള്ള വടക്കുകിഴക്കന്‍ പ്രദേശം എന്നിങ്ങനെയായിരുന്നു വിഭജനം. ശിയാ വിഭാഗത്തില്‍പ്പെട്ട അസദ് സുന്നി വിഭാഗത്തില്‍പ്പെട്ടവരെ അടിച്ചമര്‍ത്തിയതിനെതിരെ നടന്ന പ്രതിഷേധം കൂടിയായിരുന്നു സിറിയയിലെ ആഭ്യന്തര യുദ്ധം.

വിപ്ലവം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങിയപ്പോള്‍ വിമതര്‍ക്ക് ആയുധങ്ങള്‍ പലഭാഗത്തുനിന്നുമെത്തി. സൗദിയും അമേരിക്കയും തുര്‍ക്കിയുമെല്ലാം വിമതര്‍ക്കൊപ്പം നിന്നു. ഇറാനും റഷ്യയും അസദിനൊപ്പവും. ചരിത്രങ്ങളുടെ കഥ പറയാനുള്ള ഈ നാടിനെ പത്ത് വര്‍ഷത്തിലധികം നീണ്ട ആഭ്യന്തര യുദ്ധം പൂര്‍ണമായും നശിപ്പിച്ചിരിക്കുന്നു. ദീര്‍ഘകാല യുദ്ധം വിമതരുടെ ശക്തി ക്ഷയിപ്പിച്ചു. രാജ്യത്തിന്റെ വലിയൊരു ഭാഗം അസദിന്റെ ഭരണത്തിന് കീഴില്‍ തിരിച്ചെത്തി.

22 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിലേക്ക് ബശ്ശാറുല്‍ അസദിനെ തിരിച്ചെത്തിക്കാന്‍ മുന്‍കൈയ്യെടുത്തവരില്‍ സൗദി അറേബ്യയുമുണ്ടായിരുന്നു എന്നത് മറ്റൊരു കാര്യം. ഇക്കഴിഞ്ഞ ഹജ്ജിന് സിറിയയില്‍ നിന്ന് സൗദിയിലേക്ക് തീര്‍ഥാടകരെത്തിയത് ബന്ധം പുനഃസ്ഥാപിച്ചതിന്റെ സൂചനയായി. ഇന്ന് മുതല്‍ യാത്രാ വിമാനം സമ്പൂര്‍ണമായി സര്‍വീസ് ആരംഭിച്ചു. ദമസ്‌കസില്‍ നിന്നുള്ള യാത്രക്കാരുമായി റിയാദിലേക്ക് സിറിയന്‍ എയര്‍ലൈന്‍ വിമാനം പറന്നിറങ്ങി.

അസദ് പൂര്‍വാധികം ശക്തിയോടെ അറബ് രാജ്യങ്ങളുടെ വേദിയില്‍ തിരിച്ചെത്തിയ വേളയിലാണ് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതും പരിഷ്‌കരണവാദിയായ മസൂദ് പെഷെസ്‌കിയാന്‍ തിരഞ്ഞെടുക്കപ്പെട്ടതും. കഴിഞ്ഞ ദിവസം അദ്ദേഹം അസദുമായി ഫോണില്‍ സംസാരിച്ചു. മുന്‍ സര്‍ക്കാരുമായുള്ള എല്ലാ കരാറുകളും സഹകരണവും തുടരുമെന്ന് ഉറപ്പ് നല്‍കി. ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്കും പെഷെസ്‌കിയാന്‍ പിന്തുണ അറിയിച്ചത് അമേരിക്കക്കും യൂറോപ്പിനും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

സിറിയന്‍ ആഭ്യന്തര യുദ്ധകാലത്ത് ജനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിരുന്നു. 30 ലക്ഷത്തോളം സിറിയക്കാരെത്തിയത് തുര്‍ക്കിയിലേക്കാണ്. തുര്‍ക്കിയില്‍ സിറിയന്‍ കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നുണ്ട്. ഇവരെ ഘട്ടങ്ങളായി സിറിയയിലേക്ക് മടക്കി അയക്കുമെന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ പ്രഖ്യാപനം. അസദുമായി ചര്‍ച്ച നടത്തുമെന്നും ഏതു സമയവും അദ്ദേഹത്തെ തുര്‍ക്കിയിലേക്ക് ക്ഷണിക്കുമെന്നും ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് കുടിയേറ്റ ജനതയ്ക്ക് ആധി ഇരട്ടിയാക്കി.

ഇസ്തംബൂളിലെ സിറിയന്‍ അഭയാര്‍ഥികള്‍ അവരുടെ ആസ്തികള്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ടത്രെ. സിറിയയിലെ വിമതര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്ന പ്രധാന രാജ്യം തുര്‍ക്കിയാണ്. തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയിലേക്ക് സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചെത്തിക്കാനാണ് തുര്‍ക്കിയുടെ നീക്കം. അതേസമയം, സിറിയയില്‍ നിന്ന് തുര്‍ക്കി സൈന്യം പൂര്‍ണമായി പിന്മാറിയ ശേഷമേ ചര്‍ച്ച നടത്തൂ എന്ന് സിറിയ വ്യക്തമാക്കി. ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് സിറിയയുടെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+