സൗദി അറേബ്യ തിരിച്ചുകയറി; റഷ്യയുടെ കുതിപ്പ്... ഇന്ത്യന്‍ ഇടപാടില്‍ മുന്നിലുള്ള 5 രാജ്യങ്ങള്‍ ഇതാണ്
യുക്രൈന്‍ യുദ്ധം ഒരു തരത്തില്‍ ഇന്ത്യയ്ക്ക് നേട്ടമാണുണ്ടാക്കിയത്. ഉപരോധത്തില്‍ അകടപ്പെട്ട റഷ്യ നിവൃത്തിയില്ലാതെ തങ്ങളുടെ എണ്ണ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങി. ചൈന മുതല്‍ സൗദി അറേബ്യ വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആരംഭിച്ചതോടെ ഇന്ത്യയും മടിച്ചില്ല. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്. അതും കുറഞ്ഞ വിലയില്‍.
2022 വരെ റഷ്യന്‍ എണ്ണ കൂടുതല്‍ വാങ്ങിയിരുന്നത് യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. യൂറോപ്പില്‍ വാഹനങ്ങള്‍ ഓടിയതും വൈദ്യുതി വിളക്ക് തെളിഞ്ഞതുമെല്ലാം പ്രധാനമായും റഷ്യയില്‍ നിന്നുള്ള എണ്ണയും വാതകവും കൊണ്ടായിരുന്നു. യുക്രൈന്‍ യുദ്ധം ആരംഭിച്ചതോടെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങരുതെന്ന് യൂറോപ്പിനോട് ആവശ്യപ്പെട്ടു. ഇതാണ് ചൈനയ്ക്കും ഇന്ത്യയ്ക്കും അവസരമായത്. ജൂലൈയില്‍ ഇന്ത്യ വാങ്ങിയ കണക്ക് പുറത്തുവന്നിരിക്കുകയാണിപ്പോള്‍...

ജൂലൈ മാസത്തില്‍ റഷ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. അതായത് മൊത്തം വാങ്ങിയതിന്റെ 43 ശതമാനം. എണ്ണ മേഖലയിലെ അതികായരായ നാല് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ മൊത്തം അളവിന്റെ അത്ര തന്നെ വരുമിത്. ഓരോ ദിവസവും 2.08 ദശലക്ഷം ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്ന് ജൂലൈയില്‍ ഇന്ത്യ ഇറക്കിയത്.
കമ്മോഡിറ്റി മാര്‍ക്കറ്റ് അനലിറ്റിക്‌സ് കമ്പനിയായ കെപ്ലര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഈ വിവരങ്ങള്‍. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയത് കഴിഞ്ഞ മാസമാണ്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളെയാണ് റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നത്.
റഷ്യയുടെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ യുക്രൈന്‍ സൈന്യം ആക്രമണം നടത്തിയതോടെയാണ് റഷ്യ എണ്ണ കയറ്റുമതി വീണ്ടും വര്‍ധിപ്പിച്ചത്. മാത്രമല്ല, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയുടെ വിലയില്ല റഷ്യന്‍ എണ്ണയ്ക്ക്. ഈ അവസരം മുതലെടുത്താണ് ഇന്ത്യ വന്‍ തോതില്‍ എണ്ണ റഷ്യയില്‍ നിന്ന് ഇറക്കുന്നത്. റഷ്യയില്‍ നിന്ന് കൂടുതല്‍ ഇറക്കിയതോടെ ഇന്ത്യ സൗദിയില്‍ നിന്ന് വാങ്ങുന്ന അളവ് കുറച്ചു.
പത്ത് വര്‍ഷത്തിനിടെ സൗദിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ അളവില്‍ ഇന്ത്യ എണ്ണ വാങ്ങിയത് കഴിഞ്ഞ ജൂണിലാണ്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ വാങ്ങുന്ന അളവ് നേരിയ തോതില്‍ വര്‍ധിച്ചു. 0.66 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഓരോ ദിവസവും സൗദിയില്‍ നിന്ന് വാങ്ങിയത്. അതായത് ജൂലൈയിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 13.7 ശതമാനം മാത്രം.
ഇറാഖ് ആണ് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം. റഷ്യ വരുന്നതിന് മുമ്പ് ഇറാഖായിരുന്നു ഇന്ത്യന്‍ ഇടപാടില്‍ ഒന്നാം സ്ഥാനത്ത്. ജൂലൈയില്‍ 0.80 ദശലക്ഷം ബാരല്‍ എണ്ണയാണ് പ്രതിദിനം ഇന്ത്യ ഇറാഖില്‍ നിന്ന് വാങ്ങിയത്. അതായത്, മൊത്തം ഇറക്കിയതിന്റെ 16.5 ശതമാനം. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. മുന്നിലുള്ളത് ചൈനയും അമേരിക്കയുമാണ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ നിന്ന് യൂറോപ്പിനെ തടഞ്ഞ അമേരിക്ക പക്ഷേ, ഇന്ത്യയ്ക്ക് നേരെ കണ്ണുരുട്ടില്ല. ഏഷ്യയിലെ ഇന്ത്യയുടെ പ്രാധാന്യമാണ് ഇതിന് കാരണം.












Click it and Unblock the Notifications