ഇന്ത്യയുടെ വഴിക്ക് സൗദി എത്തി; ഇനി വന്‍ കുതിപ്പ്... രൂപ നല്‍കി എണ്ണ വാങ്ങാം, സ്വര്‍ണവില മാറും
റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള പെട്രോ ഡോളര്‍ കരാര്‍ കാലാവധി അവസാനിച്ചത് ഇന്ത്യയ്ക്ക് നേട്ടമാകും. രൂപയിലും റിയാലിലും ഇടപാട് നടത്താന്‍ ഇനി മുതല്‍ എളുപ്പമായിരിക്കും. സൗദി അറേബ്യയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് രൂപ നല്‍കിയാല്‍ മതിയാകും. ബില്ലില്‍ കുറവ് വരില്ലെങ്കിലും രൂപയുടെ മൂല്യം ഉയരാന്‍ ഇത് കാരണമാകും.
ഇതുവരെ എണ്ണ ഇടപാടിനുള്ള ആഗോള കറന്‍സിയായി കണക്കാക്കിയിരുന്നത് ഡോളറിനെയായിരുന്നു. പ്രാദേശിക കറന്‍സിയില്‍ ഇടപാട് നടത്തണമെന്ന് ഇന്ത്യ ഏറെ കാലമായി ആവശ്യപ്പെടുന്നു. ചൈന പല രാജ്യങ്ങളുമായും ഇത്തരത്തില്‍ പ്രാദേശിക കറന്‍സി ഉപയോഗിച്ച് ഇടപാട് നടത്തുന്നുണ്ട്. ഇന്ത്യയ്ക്കും സമാനമായ വഴി ഒരുങ്ങിയിരിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തിക രംഗം അടിമുടി മാറുകയാണ്...

2021 വരെ സൗദി അറേബ്യയില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വില കുറച്ച് കിട്ടാന്‍ തുടങ്ങിയതോടെ ഇന്ത്യ റഷ്യയെ ആശ്രയിക്കാന്‍ തുടങ്ങി. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് ഇറാഖും മൂന്നാം സ്ഥാനത്ത് സൗദിയുമാണ്.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുണ്ടായിരുന്ന പെട്രോ ഡോളര്‍ കരാര്‍ 50 വര്‍ഷത്തേക്കായിരുന്നു. ഈ മാസം ഒമ്പതിന് ഇതിന്റെ കാലാവധി കഴിഞ്ഞു. കരാര്‍ പുതുക്കാന്‍ സൗദി അറേബ്യ താല്‍പ്പര്യം കാണിച്ചില്ല. സൗദി അറേബ്യയുടെ എണ്ണ ഇടപാടുകള്‍ ഡോളറിലാകണം എന്നായിരുന്നു കരാര്‍. ഇതുവഴി ലഭിക്കുന്ന ലാഭം അമേരിക്കന്‍ ബോണ്ടുകളില്‍ നിക്ഷേപിക്കണമെന്നും കരാറിലുണ്ടായിരുന്നു. പകരം സൗദിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് അമേരിക്ക വാക്ക് നല്‍കി.
ലോകത്തെ എണ്ണ കയറ്റുമതി രാജ്യങ്ങളില്‍ പ്രധാനിയാണ് സൗദി അറേബ്യ. സൗദിയുടെ ഇടപാടുകളെല്ലാം ഡോളറിലായതോടെ ഒപെകിലെ മറ്റു എണ്ണ രാജ്യങ്ങളും സമാനമായ നയം സ്വീകരിച്ചു. ലോകത്ത് ഡോളര്‍ പ്രധാന കറന്‍സിയായി ഉയരാന്‍ ഇടയാക്കിയ കരാറുകളിലൊന്നായിരുന്നു ഇത്. മിക്ക രാജ്യങ്ങളും വിദേശ കരുതല്‍ ധനമായി ഡോളറിനെ കണ്ടു. എന്നാല്‍ സൗദി കരാറില്‍ നിന്ന് പിന്നാക്കം പോയതോടെ ഡോളറിന്റെ മൂല്യമിടിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.
മാത്രമല്ല, എല്ലാ പ്രധാന രാജ്യങ്ങള്‍ക്കും സൗദിയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ അവരുടെ പ്രാദേശിക കറന്‍സി ഉപയോഗിക്കാം. ലോകത്ത് എണ്ണ ഇറക്കുമതിയില്‍ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള ചൈനയും പ്രാദേശിക കറന്‍സി ഉപയോഗിക്കണമെന്നും ഡോളര്‍ ഒഴിവാക്കണമെന്നും അഭിപ്രായമുള്ളവരാണ്. എണ്ണ വിലയില്‍ കുറവ് വരില്ലെങ്കിലും രൂപയിലുള്ള ഇടപാടുകള്‍ കൂടുന്നത് കറന്‍സിയുടെ മൂല്യം ശക്തിപ്പെടുത്തും.
കഴിഞ്ഞ ജനുവരിയില്‍ ദാവോസില്‍ നടന്ന പരിപാടിയില്‍ രൂപ അന്തര്‍ദേശീയ കറന്‍സിയാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ ശരിവയ്ക്കുന്നതിലേക്ക് നയിക്കുന്ന പുതിയ സാമ്പത്തിക ക്രമമാണ് ലോകത്ത് വരുന്നത്. ഇന്ത്യയും യുഎഇയും അടുത്തിടെ സ്വതന്ത്ര്യ വ്യാപാര കരാര്‍ ഒപ്പുവച്ചിരുന്നു. പിന്നീട് യുഎയില്‍ നിന്ന് വാങ്ങുന്ന എണ്ണയ്ക്ക് പകരം ഇന്ത്യ രൂപ നല്‍കുകയും ചെയ്തിരുന്നു.
ഡോളര്‍ കരുതല്‍ ധനമായി സൂക്ഷിക്കുന്നത് അമേരിക്കക്ക് കീഴ്‌പ്പെടുന്നതിന് സമമാണ് എന്നാണ് റഷ്യയുടെ നിലപാട്. യുക്രൈന്‍ യുദ്ധ കാലത്ത് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യ പ്രതിസന്ധിയിലായിരുന്നു. ചൈന വന്‍ തോതില്‍ ഡീ ഡോളറൈസേഷന്‍ നടത്തുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങള്‍ ഈ നടപടിയിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി രൂപപ്പെട്ടാല്‍ അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തി ബോണ്ടുകള്‍ ഇറക്കിയേക്കാം. അതാകട്ടെ, സ്വര്‍ണവില കുറയാന്‍ വഴിയൊരുക്കുകയും ചെയ്യും.












Click it and Unblock the Notifications