സൗദിയിൽ കൊവിഡ് വാക്സിൻ വിതരണം ഡിസംബർ അവസാനം മുതൽ; വിദേശികൾക്കും നൽകും
റിയാദ്; കൊവിഡ് വാക്സിൻ വിതരണം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ 65 ന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കുമാണ് വാക്സിൻ വിതരണം നടത്തുക. വിദേശികൾ ഉൾപ്പെടെ രാജ്യത്തെ മുഴുവൻ പേർക്കും വാക്സിൻ നൽകുമെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ ഹാനി ജുഖ്ദാർ പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിൻ വിതരണം പൂർത്തിയാക്കുക.ഇൗ മാസം അവസാനം മുതൽ അടുത്ത വർഷം ആദ്യപാദം വരെയാണ് ആദ്യഘട്ടം.മാർച്ച് മുതൽ ജൂൺ വരെയാണ് രണ്ടാം ഘട്ട വിതരണം. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ആസ്ത്മ, പ്രമേഹം, വിട്ടുമാറാത്ത ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ അസുഖം അല്ലെങ്കിൽ ക്യാൻസർ എന്നിവ ബാധിച്ചവർക്കായിരിക്കും രണ്ടാം ഘട്ടത്തിൽ മുൻഗണന നൽകുക.

ജുലൈ തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ അധ്യാപകർ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവർക്കും വാക്സിൻ നൽകും. സപ്റ്റംബർ വരെയാകും മൂന്നാം ഘട്ടം. അടുത്ത സെപ്റ്റംബർ മുതൽ നിയുക്ത കേന്ദ്രങ്ങളിൽ എല്ലാവർക്കും കോവിഡ് -19 വാക്സിൻ സൗജന്യമായി നൽകുമെന്നും മന്ത്രാലയം അറിയിച്ചു.
ആളുകളുടെ പ്രായവും ആരോഗ്യനിലയും വിലയിരുത്തിയ ശേഷമാകും വാക്സിൻ വിതരണം നടത്തുക. വാക്സിൻ സ്വീകരിക്കാൻ തയാറുള്ളവരുടെ രജിസ്ട്രേഷന്നും നടത്തും. അതേസമയം വാക്സിൻ സ്വീകരിക്കാൻ ആരേയും നിർബന്ധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്സിന് സൗദി അനുമതി നൽകിയിരുന്നു.ഇറക്കുമതി ചെയ്യുമ്പോഴെല്ലാം സാമ്പിളുകൾ പരിശോധിച്ച് വാക് സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.സൗദിയിൽ വെള്ളിയാഴ്ച 168 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 359,583 ആയി.












Click it and Unblock the Notifications