യുഎഇയും സൗദിയും റെഡി; പക്ഷേ ഇന്ത്യയുടെ 1000 കോടി ചബഹാറിലെ വെള്ളത്തിലാകും, പാകിസ്താന്‍ ചിരിക്കും
ഇസ്രായേലും ഇറാനും കനത്ത പോര് തുടരുമ്പോള്‍ ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ് കൂടുന്നു. ഇരുരാജ്യങ്ങളുമായി സഹകരിച്ച് ഒട്ടേറെ ബൃഹദ് പദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് യുദ്ധം. ഇസ്രായേല്‍ തുടക്കമിട്ട യുദ്ധം ഇറാന്റെ തിരിച്ചടിയിലൂടെ കൂടുതല്‍ മുറുകിയിരിക്കുന്നു. അമേരിക്ക കൂടി പ്രത്യക്ഷമായി ഇറങ്ങിയാല്‍ പോര് ഏറെ കാലം നീളും.
ഒരുകാലത്ത് അടുത്ത സൗഹൃദം നിലനിര്‍ത്തിയിരുന്ന രാജ്യങ്ങളാണ് ഇറാനും ഇസ്രായേലും അമേരിക്കയും. ഇസ്ലാമിക വിപ്ലവം നടക്കുകയും ഷാ ഭരണകൂടത്തെ അട്ടിമറിക്കുകയും ചെയ്തതോടെ ഇറാന്‍ വേറിട്ട വഴിയില്‍ യാത്ര തുടങ്ങി. ഇതോടെ അമേരിക്കയും ഇസ്രായേലും ശത്രുപക്ഷത്തായി. എന്നാല്‍ ഇറാനുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട് ഇന്ത്യയ്ക്ക്. 1990കള്‍ക്കു ശേഷം ഇസ്രായേലുമായും സഹകരിക്കുന്നു.

ഇന്ത്യയിലേക്ക് ചരക്കുള്‍ എത്തുന്ന പ്രധാന പാതയാണ് ഇറാന്‍. പുതിയ സാഹചര്യത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ നേരിടുന്നു എന്ന് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച യോഗം ചേരും. വ്യവസായികളും കമ്പനി ഉടമകളും സംബന്ധിക്കും. ഇസ്രായേലുമായി പ്രതിരോധ രംഗത്ത് കോടികളുടെ ഇടപാടാണ് ഇന്ത്യ നടത്തിവരുന്നത്. ഇറാനിലെ ചബഹാര്‍ തുറമുഖം ഇന്ത്യയാണ് വികസിപ്പിച്ചത്. വലിയ ലക്ഷ്യത്തോടെയായിരുന്നു ഈ പദ്ധതി.
ഇറാനിലെ ഇന്ത്യയുടെ കോടികള്‍
1000 കോടിയോളം രൂപയാണ് ചബഹാര്‍ തുറമുഖത്തെ ഷാഹിദ് ബിഹിഷ്തി ടെര്‍മിനല്‍ വികസിപ്പിക്കാന്‍ ഇന്ത്യ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ടെര്‍മിനല്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. അഫ്ഗാനിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യയ്ക്കുള്ള വഴി ഒരുക്കുന്നത് ചബഹാര്‍ തുറമുഖമാണ്. പാകിസ്താന്റെ സഹായമില്ലാതെ തന്നെ ഇന്ത്യയ്ക്ക് വിശാലമായ ലോകം ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നു.
ചബഹാറിലൂടെ 2023നേക്കാള്‍ ചരക്കുകടത്ത് വര്‍ധിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും ചരക്കുകടത്ത് വര്‍ധിപ്പിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനെല്ലാം പുറമെ ചൈനയും പാകിസ്താനും ഒരുക്കുന്ന സാമ്പത്തിക ഇടനാഴിക്ക് ബദല്‍ കൂടിയാണിത്. പാകിസ്താനിലെ ഗ്വാദര്‍ തുറമുഖം വികസിപ്പിക്കുന്നത് ചൈനയാണ്. ചൈനയും ഇന്ത്യയും ഒരേ വിപണിയാണ് ലക്ഷ്യമിടുന്നത്. ചബഹാര്‍ വഴി ചൈനയെയും പാകിസ്താനെയും നേരിടാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്.
ഇറാന്‍ വഴി മധ്യേഷ്യ, റഷ്യ, യൂറോപ്പ് എന്നീ മേഖലകളിലേക്കുള്ള ചരക്കുപാതയും ചബഹാറിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടുണ്ട്. സൂയസ് കനാലിലൂടെയുള്ള ചരക്കുകടത്തിനേക്കാള്‍ ചെലവ് കുറഞ്ഞതും വേഗത്തില്‍ എത്തുന്നതുമാണ് ചബഹാര്‍ പാത. ഈ വഴി തടയപ്പെട്ടാല്‍ ആഫ്രിക്കയിലൂടെ വളഞ്ഞ വഴി കണ്ടെത്തേണ്ടി വരും. അത് ചരക്കുകടത്ത് കൂലി വര്‍ധിപ്പിക്കുന്നതും സമയ നഷ്ടം വരുത്തുന്നതുമാണ്.
സൗദിയും യുഎഇയും പിന്തുണച്ച ചരക്കുവഴി
പുതിയ യുദ്ധം കാരണം ചബഹാര്‍ പ്രവര്‍ത്തനം നഷ്ടമായാല്‍ ഇന്ത്യയ്ക്ക് ക്ഷീണമാകും. അതാകട്ടെ, പാകിസ്താനും ചൈനയ്ക്കും നേട്ടമാകുകയും ചെയ്യും. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ വഴി യൂറോപ്പിലേക്കുള്ള മറ്റൊരു സാമ്പത്തിക ഇടനാഴി 2023ല്‍ പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയും യുഎഇയും ഇതിന് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മാത്രമല്ല, ചൈനയ്ക്ക് തിരിച്ചടിയാകുമെന്നതിനാല്‍ അമേരിക്കയുടെ പിന്തുണയുമുണ്ട്.
ഇന്ത്യന്‍ ചരക്കുകടത്തിന്റെ കൂലിയില്‍ 30 ശതമാനം കുറവ് വരുത്തുന്ന പാതയാണിത്. യാത്രാ സമയം 40 ശതമാനം കുറയ്ക്കുകയും ചെയ്യും. എന്നാല്‍ പുതിയ യുദ്ധം ഇതില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ചൈനയുടെ സില്‍ക്ക് റോഡ് പാതയ്ക്കുള്ള ബദല്‍ കൂടിയായിരുന്നു ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് പാത. യുദ്ധം ശക്തിപ്പെട്ടാല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ വരുന്ന വഴിയാണിത്.
അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ അവശ്യ വസ്തുക്കള്‍ക്ക് വില കൂടും. യാത്രാ ചെലവും വര്‍ധിക്കും. ഇന്ത്യയുടെ വ്യാപാര കമ്മി ഉയരുക കൂടി ചെയ്താല്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയും. ചെങ്കടലിലും യുദ്ധ സമാന സാഹചര്യം നിലനില്‍ക്കുന്നത് ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടിയാണ്. കാരണം യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, യുഎസ് ഈസ്റ്റ് കോസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയുടെ 30 ശതമാനം ചെങ്കടലിലൂടെയാണ്.












Click it and Unblock the Notifications