യുഎഇ ഈദുല്‍ ഫിതര്‍ അവധി പ്രഖ്യാപിച്ചു; സൗദി അറേബ്യ അവധിയില്‍ മുന്നില്‍, കുവൈത്തില്‍ 3 ദിനം
ദുബായ്: ഗള്‍ഫ് (ജിസിസി) രാജ്യങ്ങള്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ക്കുള്ള അവധിയാണ് യുഎഇ മാനവ വിഭവ ശേഷി ഫെഡറല്‍ അതോറിറ്റി പ്രഖ്യാപിച്ചത്. ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് അവധി. ശവ്വാല്‍ നാലിന് എല്ലാ ഓഫീസുകളും തുറന്നുപ്രവര്‍ത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.
അതേസമയം, റമദാന്‍ 30 ദിവസമുണ്ടെങ്കില്‍ അവസാന ദിനം അവധിയായി കണക്കാക്കും. അതിന് പുറമെ ശവ്വാലില്‍ മൂന്ന് ദിവസം അവധി നല്‍കുകയും ചെയ്യും. ഗള്‍ഫ് രാജ്യങ്ങളില്‍ മാര്‍ച്ച് ഒന്ന് മുതലാണ് റമദാന്‍ ആരംഭിച്ചത്. 30 നോമ്പ് ലഭിക്കുകയാണെങ്കില്‍ മാര്‍ച്ച് 31നാകും ഈദുല്‍ ഫിതര്‍. സൗദി അറേബ്യയും കുവൈത്തും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്...

സൗദി അറേബ്യയില്‍ ഇത്തവണ നീണ്ട അവധിയാണ് ചെറിയ പെരുന്നാളിന് ലഭിക്കുക. മാര്‍ച്ച് 30 മുതല്‍ അവധി ആരംഭിക്കും. മാര്‍ച്ച് 28 വെള്ളിയാഴ്ചയും 29 ശനിയാഴ്ചയുമാണ്. ഈ രണ്ട് ദിവസം വാരാന്ത്യ അവധി ലഭിക്കുന്നതിനാല്‍ പെരുന്നാളിന് നീണ്ട അവധിയായി മാറും. ഏപ്രില്‍ രണ്ട് ബുധനാഴ്ച വരെയാണ് പെരുന്നാള്‍ അവധി. വ്യാഴാഴ്ച ഓഫീസുകള്‍ തുറക്കും. വെള്ളിയാഴ്ച വീണ്ടും വാരാന്ത്യ അവധിയാകുമെന്നതും എടുത്തുപറയണം.
സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍ അവധി
സൗദിയില്‍ ഈ വര്‍ഷം നാല് ദിവസത്തെ അവധിയാണ് പെരുന്നാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ അവധി നീളും. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ച് 20 മുതല്‍ അവധി ആരംഭിക്കും. ഏപ്രില്‍ ആറിനാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങുക. മാര്‍ച്ച് 30, 31 എന്നീ ദിവസങ്ങളിലാണ് ജിസിസി രാജ്യങ്ങള്‍ ഈദുല്‍ ഫിതര്‍ പ്രതീക്ഷിക്കുന്നത്. ചന്ദ്ര പിറവി കാണുന്നതിന് അനുസരിച്ചാണ് ഇക്കാര്യം തീരുമാനിക്കുക.
അതേസമയം, കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധിയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് 30 മുതല്‍ അവധി ആരംഭിക്കും. ഏപ്രില്‍ രണ്ടിന് എല്ലാ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കും. വാരാന്ത്യ അവധിയായി വെള്ളിയും ശനിയും ലഭിക്കുന്നതിനാല്‍ മൊത്തം അവധി ദിനങ്ങള്‍ അഞ്ചായി മാറും. മാര്‍ച്ച് 31നാണ് പെരുന്നാള്‍ വരുന്നതെങ്കിലും 30 മുതല്‍ അവധി ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ വാരാന്ത്യ അവധിയാണ്.
മാര്‍ച്ച് 29ന് ശനിയാഴ്ച ചാന്ദ്ര നിരീക്ഷണ സമിതി ഒമാനില്‍ യോഗം ചേരും. അന്ന് മാസം കണ്ടാല്‍ റമദാന്‍ 29 പൂര്‍ത്തിയാക്കി മാര്‍ച്ച് 30ന് ചെറിയ പെരുന്നാള്‍ പ്രഖ്യാപിക്കും. 30, 31, ഏപ്രില്‍ 1 എന്നീ ദിവസങ്ങളില്‍ അവധിയായിരിക്കും. ഇതോടൊപ്പം വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ അഞ്ച് ദിവസത്തെ അവധിയായി മാറും. അതേസമയം, മാര്‍ച്ച് 29ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ മാര്‍ച്ച് 30ന് റമദാന്‍ 30 പൂര്‍ത്തിയാക്കി തൊട്ടടുത്ത ദിവസം പെരുന്നാള്‍ ആയിരിക്കും.












Click it and Unblock the Notifications