സൗദി അറേബ്യയും യുഎഇയും കുവൈത്തും തീരുമാനം മാറ്റി; വച്ചടി കയറി എണ്ണവില... ഇന്ത്യയ്ക്ക് പ്ലാന്‍ ബി
ദുബായ്: ക്രൂഡ് ഓയില്‍ വിലയില്‍ സംഭവിക്കുന്ന മാറ്റം ലോകരാജ്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് പതിവാണ്. ജീവിത ചെലവ് വര്‍ധിക്കാന്‍ എണ്ണ വിലയിലെ മാറ്റം കാരണമാകുമെന്നത് തന്നെ കാരണം. ക്രൂഡ് വില കൂടുമ്പോള്‍ ഓരോ രാജ്യങ്ങളുടെയും വ്യാപാര കമ്മിയില്‍ മാറ്റം വരും. അതാകട്ടെ, ആ രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പില്‍ വിള്ളലുണ്ടാക്കും.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, റഷ്യ, ഇറാഖ് ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലെ പ്രധാനികള്‍ കഴിഞ്ഞ ദിവസം സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ്. എണ്ണ വില കുറയണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് ഈ തീരുമാനം. എന്നാല്‍ ഒപെക് രാജ്യങ്ങളുടെ പുതിയ തീരുമാനം ബാധിക്കാതിരിക്കാന്‍ ഇന്ത്യ നേരത്തെ മറ്റു വഴികള്‍ ഒരുക്കിയിട്ടുണ്ട്...

കഴിഞ്ഞ വര്‍ഷം മുതല്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചിരുന്നു. എണ്ണ വില വന്‍ തോതില്‍ ഇടിയുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. വില ഇടിയുന്നത് എണ്ണ രാജ്യങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കും. മാത്രമല്ല, ഈ രാജ്യങ്ങളുടെ ബജറ്റ് വിഹിതത്തെ തകിടംമറിക്കും. ബാരലിന് 96 ഡോളര്‍ വരെ എത്തണമെന്ന് സൗദി ആഗ്രഹിക്കുന്നുണ്ട്.
വില കൂടിയാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് നേരത്തെ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതും ലിബിയ പോലുള്ള രാജ്യങ്ങളിലെ എണ്ണ വിപണിയില്‍ എത്താന്‍ തുടങ്ങിയതുമെല്ലാം വീണ്ടും വില താഴാന്‍ കാരണമായി. ആദ്യം ഉല്‍പ്പാദനം വെട്ടിക്കുറച്ചത് സെപ്തംബര്‍ വരെ തുടരാന്‍ തീരുമാനിച്ച ഒപെക് പ്ലസ് രാജ്യങ്ങള്‍ പിന്നീട് നവംബര്‍ വരെ നീട്ടുകയായിരുന്നു. ഇന്നലെ യോഗം ചേര്‍ന്ന് ഡിസംബര്‍ അവസാനം വരെ നീട്ടി.
അതായത്, എണ്ണ ഉല്‍പ്പാദനം പഴയ തോതില്‍ എത്തണം എങ്കില്‍ ഇനിയും രണ്ട് മാസത്തോളം കാത്തിരിക്കണം. പ്രതിദിനം 22 ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കാനാണ് കഴിഞ്ഞ ജൂണില്‍ തീരുമാനിച്ചത്. ഇത് ഡിസംബര്‍ 31 വരെ തുടരും. വിലയില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ലെങ്കില്‍ വരുന്ന വര്‍ഷവും ഉല്‍പ്പാദനം നിലവിലുള്ള തോതില്‍ തുടര്‍ന്നേക്കും. ഇതാകട്ടെ, എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.
സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, കസാക്കിസ്താന്‍, അല്‍ജീരിയ, ഒമാന്‍ തുടങ്ങി പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ പ്രതിനിധികള്‍ ഞായറാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ തീരുമാനം വന്ന പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് ഒന്നര ഡോളറില്‍ അധികം ഉയര്‍ന്ന് 74.44 ഡോളര്‍ എന്ന നിരക്കിലെത്തി. ഇനിയും വില കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങള്‍ക്ക് നിശ്ചിത ക്വാട്ട അനുവദിച്ചിട്ടുണ്ട്. അതില്‍ കവിഞ്ഞ് ചില രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയതോടെ ഇറാഖ് അടക്കമുള്ള ചില രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുകയാണ്.
അതേസമയം, വില കുറഞ്ഞ് കിട്ടുന്ന രാജ്യത്ത് നിന്ന് എണ്ണ ഇറക്കുമതി ചെയ്യുക എന്ന വിപണി തന്ത്രമാണ് ഇന്ത്യ പയറ്റുന്നത്. ഇറാഖില്‍ നിന്നും റഷ്യയില്‍ നിന്നും ഇറക്കുമതി വര്‍ധിപ്പിച്ചത് ഈ അടിസ്ഥാനത്തിലാണ്. ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം വെനസ്വേലയില്‍ നിന്നുള്ള ഇറക്കുമതിയും ഇന്ത്യ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിദിനം 1.40 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് വെനസ്വേലയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പരമ്പരാഗത മേഖലയില്‍ നിന്ന് മാത്രമല്ല, കൂടുതല്‍ കേന്ദ്രങ്ങളെ ആശ്രയിക്കുക എന്നതാണ് ഇന്ത്യയുടെ തീരുമാനം.












Click it and Unblock the Notifications