Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ എണ്ണ പൈപ്പ്‌ലൈനിലൂടെ വരും; ഹോര്‍മുസ് അടച്ചാല്‍ ഇന്ത്യയ്ക്ക് മറ്റു വഴി

അമേരിക്ക ശക്തമായ ആക്രമണം നടത്തിയതോടെ ഇറാന്‍ കടുത്ത നടപടിക്ക് ഒരുങ്ങുന്നു. അമേരിക്കയുടെ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മണിക്കൂറുകള്‍ക്കകം ഹോര്‍മുസ് കടലിടുക്ക് പാത തടയുമെന്നും ഇറാന്റെ സൈനിക ഓഫീസര്‍ അലി റസ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഇസ്രായേലിലെ പ്രധാന നഗരങ്ങളില്‍ ഇറാന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി.

ലോകത്തെ പ്രധാന ചരക്കുപാതയാണ് ഹോര്‍മുസ് വഴിയുള്ളത്. ആഗോള എണ്ണ ചരക്കു കടത്തിന്റെ 30 ശതമാനവും വാതകത്തിന്റെ 20 ശതമാനവും ഇതുവഴിയാണ് പോകുന്നത്. ഇറാന്റെ അതിര്‍ത്തി മേഖലയാണ് 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്ക്. ഇവിടെ തടഞ്ഞാല്‍ ലോക വ്യാപാരത്തെ ബാധിക്കുകയും എല്ലാ രാജ്യങ്ങളും സാമ്പത്തിക ഞെരുക്കത്തിലാകുകയും ചെയ്യും. പ്രത്യേകിച്ച് ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

Strait of Hormuz Trade Shipping Route

ഇന്ത്യയിലേക്ക് പ്രധാനമായും ക്രൂഡ് ഓയിലും വാതകവും വരുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും വാതക ഇറക്കുമതിയുടെ 54 ശതമാനവും ഹോര്‍മുസ് വഴിയുമാണ്. ഇസ്രായേല്‍ ഇറാന്‍ യുദ്ധം തുടങ്ങിയ വേളയില്‍ തന്നെ ഹോര്‍മുസ് വഴി അടഞ്ഞേക്കാം എന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്നു. ഇതിന് പരിഹാര മാര്‍ഗങ്ങളും ഇന്ത്യ കണ്ടുവച്ചിട്ടുണ്ട്.

ഇറാന്‍, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ളത്. ഇറാന്റെ ബന്തര്‍ അബ്ബാസ് തുറമുഖം, യുഎഇയുടെ ഫുജൈറ തുറമുഖം, ഒമാന്റെ സോഹാര്‍ തുറമുഖം, ഖത്തറിന്റെ റാസ് ലഫാന്‍ തുറമുഖം എന്നിവ ഹോര്‍മുസിനോട് ചേര്‍ന്നാണുള്ളത്. ഇവിടെ നിന്നുള്ള എല്ലാ കയറ്റുമതിയും കുറയുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ക്രൂഡ് ഓയിലും വാതകവും എത്താന്‍ മറ്റു വഴികള്‍ ഇന്ത്യ ഉപയോഗിച്ചേക്കും.

ആദ്യം ഇന്ത്യ ചെയ്യുക ഇതാണ്

ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് ഇന്ധനമാക്കി കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് ഇന്ത്യ. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നയര എനര്‍ജി എന്നീ കമ്പനികളാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇവരുടെ കപ്പല്‍ പതിവായി പോകുന്നത് യുഎഇ, സിംഗപ്പൂര്‍, അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. ഈ പെട്രോളിയം കയറ്റുമതിയും തടയപ്പെടുമെന്ന പ്രതിസന്ധിയും ഇന്ത്യ നേരിടുന്നുണ്ട്.

എണ്ണ ലഭ്യതയില്‍ കുറവുണ്ടായാല്‍ കയറ്റുമതി കുറച്ചേക്കുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മതിയായ എണ്ണയും വാതവും ഇന്ത്യയിലുണ്ട്. ഇറക്കുമതിക്ക് വേണ്ടി ഒട്ടേറെ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നതിനാല്‍ പ്രതിസന്ധി കുറയും. ഇന്ത്യയില്‍ ഒരു ദിവസം 55 ലക്ഷം ബാരല്‍ എണ്ണയാണ് ഉപയോഗിക്കുന്നത്. ഇതില്‍ 15 ലക്ഷം കടല്‍ വഴിയാണ് എത്തുന്നത്.

ക്രൂഡ് ഓയില്‍ ലഭ്യത ഇന്ത്യയ്ക്ക് പ്രശ്‌നമാകില്ല. എന്നാല്‍ ചരക്കുകടത്ത് കൂലി വര്‍ധിക്കുന്നതാണ് പ്രതിസന്ധിയാകുക എന്ന് മന്ത്രി പറഞ്ഞു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. കൂടാതെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും. മാത്രമല്ല, റഷ്യയുടെ എണ്ണയാണ് കൂടുതല്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഒപ്പം അമേരിക്കയുടെയും കാനഡയുടെയും എണ്ണ വരുന്നുണ്ട്. അതുകൊണ്ടുതന്നെ ലഭ്യത കുറവ് വരില്ലെങ്കിലും ചരക്കുകടത്ത് കൂടി കൂടും.

പൈപ്പ്‌ലൈന്‍ വഴിയും എണ്ണ

74 ദിവസം ഉപയോഗിക്കാനുള്ള എണ്ണ സംഭരിക്കാനുള്ള ശേഷി ഇന്ത്യയിലുണ്ട്. സൗദി, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തര്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയാണ് ഇന്ത്യയിലേക്ക് ഹോര്‍മുസ് വഴി വരുന്നത്. പേര്‍ഷ്യന്‍ കടലില്‍ നിന്ന് ഹോര്‍മുസ് വഴി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കടന്നാണ് ചരക്കുകള്‍ എത്തുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫിനടുത്തുള്ള അബ്ഖൈഖ് ഓയില്‍ പ്രോസസ്സിംഗ് സെന്ററില്‍ നിന്ന് ചെങ്കടലിലെ യാന്‍ബു തുറമുഖത്തേക്ക് പോകുന്ന സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് ക്രൂഡ് ഓയില്‍ പൈപ്പ്ലൈന്‍ പ്രതിദിനം 5 ദശലക്ഷം ബാരല്‍ എണ്ണ കൊണ്ടുപോകാന്‍ ശേഷിയുള്ളതാണ്. യുഎഇയിലെ കരയിലുള്ള എണ്ണപ്പാടങ്ങളെ ഒമാന്‍ ഉള്‍ക്കടലിലെ ഫുജൈറ എക്സ്പോര്‍ട്ട് ടെര്‍മിനലുമായി ബന്ധിപ്പിക്കുന്ന അബുദാബി ക്രൂഡ് ഓയില്‍ പൈപ്പ്ലൈനിന് പ്രതിദിനം 1.8 ദശലക്ഷം ബാരല്‍ ശേഷിയുണ്ട്. ഒമാന്‍ ഉള്‍ക്കടലിലുള്ള ജാസ്‌ക് കയറ്റുമതി ടെര്‍മിനലിലേക്ക് എണ്ണയെത്തിക്കാന്‍ ഇറാന്റെ ഗോറെഹ്-ജാസ്‌ക് പൈപ്പ്ലൈനിലൂടെ സാധിക്കും. ഇതെല്ലാം ഇന്ത്യക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. യുദ്ധം ഏറെ കാലം നീണ്ടാല്‍ ഇന്ത്യയില്‍ എണ്ണവില കുത്തനെ ഉയരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+