സൗദി അറേബ്യയും ഖത്തറും യുഎഇയുമല്ല; റഷ്യ വീണാല്‍ ഉയരുക മറ്റൊരു രാജ്യം, പണി തുടങ്ങിക്കഴിഞ്ഞു
ദുബായ്: റഷ്യ എണ്ണ വിപണിയില്‍ കൂടുതലായി ഇടപെട്ടതോടെയാണ് ക്രൂഡ് ഓയില്‍ വില ഇടിയാന്‍ തുടങ്ങിയത്. അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയ കാരണം വരുമാനം കണ്ടെത്താന്‍ വേണ്ടിയാണ് റഷ്യ എണ്ണ വില കുറച്ച് വിറ്റത്. എന്നാല്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ അവരുടെ എണ്ണ വിപണിയിലെത്തുന്നത് കുറഞ്ഞിട്ടുണ്ട്.
ഈ വേളയില്‍ ആരാണ് നേട്ടമുണ്ടാക്കുക എന്ന ചോദ്യമാണ് വിപണിയില്‍. പ്രധാന എണ്ണ രാജ്യങ്ങളായ സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ഇറാഖ് തുടങ്ങി പല രാജ്യങ്ങളുടെയും പേര് ഇക്കൂട്ടത്തിലുണ്ടെങ്കിലും ലാഭം കൊയ്യാന്‍ പോകുന്നത് മറ്റൊരു രാജ്യമാണ് എന്നാണ് പുതിയ വിവരം. ഇതിന് വേണ്ടി ഈ രാജ്യം കാലേകൂട്ടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

റഷ്യയുടെ എണ്ണയും വാതകവുമാണ് യൂറോപ്പ് പ്രധാനമായും ആശ്രയിച്ചിരുന്നത്. യുക്രൈന്‍ യുദ്ധത്തോടെ സാഹചര്യം മാറി. റഷ്യയുടെ എണ്ണ വാങ്ങുന്നത് പൂര്‍ണമായും യൂറോപ്പ് നിര്‍ത്തിവച്ചു. പകരം അവര്‍ സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെ സമീപിക്കാന്‍ തുടങ്ങി. മറ്റു വഴികളും ആരാഞ്ഞു. ഒടുവില്‍ യൂറോപ്പ് കൂടുതല്‍ ആകര്‍ഷിച്ചിരിക്കുന്നത് ഗയാനയിലേക്കാണ്.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമാണ് ഗയാന. 2019ന്റെ അവസാനത്തിലാണ് അവര്‍ എണ്ണ കയറ്റുമതി തുടങ്ങിയത്. ഇന്ന് ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന അഞ്ചാമത്തെ രാജ്യമായി മാറിക്കഴിഞ്ഞു. വൈകാതെ അടുത്ത മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ഗയാന. അങ്ങനെ സംഭവിച്ചാല്‍ എണ്ണ വിപണിയിലെ പല പ്രമുഖ രാജ്യങ്ങളും വീഴും.
13 ലക്ഷമാക്കി ഉയര്‍ത്തും
ആറ് ലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും നിലവില്‍ ഗയാന ഉല്‍പ്പാദിപ്പിക്കുന്നത്. 2030 ആകുമ്പോള്‍ 13 ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. എക്‌സോണ്‍ മൊബൈല്‍ നേതൃത്വം നല്‍കുന്ന എണ്ണ കമ്പനികളുടെ കൂട്ടായ്മ ഇക്കാര്യത്തില്‍ ഗയാനയെ സഹായിക്കാന്‍ കൂടെയുണ്ട്. എണ്ണ മാത്രമല്ല, വാതകം കയറ്റുമതിയിലും കുതിക്കാനാണ് ഗയാനയുടെ തീരുമാനം.
ഗയാന ഉല്‍പ്പാദിപ്പിക്കുന്നതില്‍ പകുതി എണ്ണയും യൂറോപ്യന്‍ രാജ്യങ്ങളാണ് വാങ്ങുന്നത്. റഷ്യ വീണപ്പോള്‍ യൂറോപ്പ് പിടിച്ചത് ഗയാനയെ ആണ്. ലിസ, യുണിറ്റി ഗോള്‍ഡ്, പയാര ഗോള്‍ഡ് എന്നീ ഇനത്തില്‍പ്പെട്ട ക്രൂഡ് ഓയിലാണ് ഗയാന കയറ്റുമതി ചെയ്യുന്നത്. മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നതിനേക്കാള്‍ നല്ല ഇനം എണ്ണയാണ് ഗയാനയില്‍ നിന്നുള്ളത്. ഇന്ത്യയും ഗയാനയുമായി കൂടുതല്‍ എണ്ണ ഇറക്കുമതിക്കുള്ള ചര്‍ച്ചയിലാണ്.
ബ്രസീല്‍, മെക്‌സിക്കോ, വെനസ്വേല, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ലാറ്റിനമേരിക്കയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഗയാന മാറി. 2030 ആകുമ്പോഴേക്കും ഗയാനയുടെ സ്ഥാനം ഉയരുമെന്നാണ് കരുതുന്നത്. 2024ലാണ് ഗയാന ഉല്‍പ്പാദനം വന്‍തോതില്‍ കൂട്ടിയത്. 54 ശതമാനമാണ് വര്‍ധിപ്പിച്ചത്. യൂറോപ്പില്‍ നിന്ന് ആവശ്യം ശക്തമായതാണ് കാരണം.












Click it and Unblock the Notifications