സൗദി അറേബ്യയും യുഎഇയും കൊതിച്ച നീക്കം? റഷ്യന്‍ എണ്ണ വാങ്ങുന്നവർക്ക് യുഎസിന്റെ പണി വരുന്നു,ഇന്ത്യയും പെടും?
റഷ്യയെ പൂട്ടാൻ യുഎസ് നിർണായക നീക്കത്തിനൊരുങ്ങുന്നു. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തണമെന്ന നിർദേശമാണ് യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ ഉയർത്തിയിരിക്കുന്നത്. ക്രൂഡ് ഓയിൽ കൂടാതെ, ഗ്യാസ്, പെട്രോകെമിക്കൽ എന്നിവ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ എല്ലാം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തണമെന്നാണ് ബ്ലൂമെന്താൽ ആവശ്യപ്പെട്ടത്. യുക്രൈനിൽ വെച്ച് നടത്തിയ വാർത്താസമ്മേളത്തിലണ് ബ്ലൂമെന്താലിന്റെ പ്രതികരണം.
യുക്രൈനിൽ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുഎസ് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് അനുകൂല നിലപാടല്ല റഷ്യയും പുടിനും സ്വീകരിച്ചത്. ഇതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി റഷ്യയെ സാമ്പത്തികമായി ഞെരുക്കാൻ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഇപ്പോഴത്തെ നീക്കം.

യുക്രൈൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ നേരത്തേ ത്നനെ യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. തുടർക്കത്തിൽ ഊർജം, സൈനിക-പ്രതിരോധ മേഖല, ലോജിസ്റ്റിക്സ് , ഏവിയേഷൻ തുടങ്ങിയ മേഖലകളിലാണ് ഉപരോധം ഏർപ്പെടുത്തിയത്. എന്നാൽ ഈ ഉപരോധങ്ങളിൽ റഷ്യ തളർന്നിരുന്നില്ല. ഇതോടെയായിരുന്നു സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തിയത്.
അതേസമയം 500 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തണമെന്ന ബിൽ ബ്ലൂമെന്താൽ ഉടൻ തന്നെ സെനറ്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.അത്തരമൊരു നടപടിയുണ്ടായാൽ അത് ഏറ്റവും കൂടുതൽ തിരിച്ചടിയാകുക ഇന്ത്യയ്ക്കും ചൈനയ്ക്കുമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം റഷ്യൻ ക്രൂഡ് ഓയിലിന്റെ 70 ശതമാനവും നിലവിൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും ചൈനയുമാണ്.
യുക്രൈൻ അധിനിവേശത്തിന് മുൻപ് ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലിനായി ആശ്രയിച്ചിരുന്നത് സൗദിയേയും ഇറാഖിനേയുമായിരുന്നു. ഈ സമയങ്ങളിൽ റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്തതാകട്ടെ വെറും രണ്ട് ശതമാനത്തിൽ താഴെ എണ്ണ മാത്രമാണ്. എന്നാൽ യുക്രൈൻ അധിനിവേശത്തെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വലിയ വിലക്കിഴിവിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെല്ലാം ക്രൂഡ് ഓയിൽ വിൽപന നടത്തി. ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായി ചൈനയും ഇന്ത്യയും മാറുകയായിരുന്നു.
ഏറ്റവും ഒടുവിലായി മെയ് മാസത്തിൽ വന്ന കണക്കുകൾ പരിശോധിച്ചാൽ പോലും റഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 1.6 ശതമാനത്തിന്റെ വർധനവും ഇത്തവണ രേഖപ്പെടുത്തി. മെയ് മാസം ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുതമതി പ്രതിദിനം 5.11 ദശലക്ഷം ബാരലായിരുന്നു. ഇതിന്റെ ഏകദേശം 39 ശതമാനവും റഷ്യയിൽ നിന്നാണ്. വരും മാസങ്ങളിലും ഇന്ത്യ ഇതേ അളവിൽ തന്നെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോളറിനെ തടയുക, ശുദ്ധീകരിച്ച എണ്ണയുടെ ഇറക്കുമതി തടയുക തുടങ്ങിയ ലക്ഷ്യങ്ങളും റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നുണ്ട്.
എന്നാൽ ഇന്ത്യ ഇത്തരത്തിൽ റഷ്യൻ ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് അമേരിക്കയ്ക്ക് ദഹിച്ചിട്ടില്ല. റഷ്യയെ ഉപേക്ഷിച്ച് ഇന്ത്യ യുഎസിൽ നിന്നും കൂടുതൽ ഇറക്കുമതി ചെയ്യണമെന്നതാണ് അവരുടെ താത്പര്യം. ഉയർന്ന തോതിൽ ചുങ്കം ഏർപ്പെടുത്തുന്നത് യുഎസിൽ നിന്നും കൂടുതൽ അളവിൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും. അടുത്തിടെ ഇന്ത്യ യുഎസിൽ നിന്നുള്ള ഇറക്കുമതി ഉയർത്തിയതും യുഎസിന് പ്രതീക്ഷ നൽകുന്നതാണ്. യുഎസ് തീരുമാനം അറബ് രാഷ്ട്രങ്ങളായ സൗദിയേയും യുഎഇയേയും ഇന്ത്യ കൂടുതലായി ആശ്രയിക്കാനും നിർബന്ധിതരാക്കിയേക്കും.












Click it and Unblock the Notifications