സൗദി അറേബ്യ അവസാന നിമിഷം തീരുമാനം മാറ്റി; പാകിസ്താന്‍ പ്രതീക്ഷിച്ചില്ല... റിപ്പോര്‍ട്ട്
റിയാദ്: ജി20 ഉച്ചകോടി ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. അടുത്താഴ്ചയാണ് ലോക നേതാക്കള്‍ ഡല്‍ഹിയില്‍ സംഗമിക്കുക. ഇതില്‍ പ്രധാനം സൗദി അറേബ്യന്‍ കിരീടകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് സല്‍മാന്റെ സാന്നിധ്യമാണ്. ഇന്ത്യയില്‍ സൗദിയുടെ വന്‍ നിക്ഷേപങ്ങള്‍ക്ക് ഈ സന്ദര്‍ശനത്തിനിടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്ക് ശേഷം ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ സ്‌റ്റേറ്റ് വിസിറ്റ് നടത്തുമെന്നും വാര്‍ത്ത വന്നിരുന്നു.
ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താനില്‍ ഇറങ്ങുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുള്ള വിവരം. ഇന്ത്യയോടും പാകിസ്താനോടും സമദൂരം പാലിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ബിന്‍ സല്‍മാന്‍ തീരുമാനം മാറ്റിയത്രെ. പാകിസ്താനിലേക്ക് അദ്ദേഹം പോകില്ലെന്നാണ് ദി നാഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയോടും പാകിസ്താനോടും ഒരേ സമീപനമാണ് തങ്ങള്‍ക്കുള്ളത് എന്നാണ് സൗദി അറേബ്യയുടെ നിലപാട്. സമീപ കാലത്ത് പാകിസ്താന്റെ സാമ്പത്തിക രംഗം തകരുകയും സൗദിയെ അവര്‍ കൂടുതലായി ആശ്രയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തിക്ക് ചോര്‍ച്ച സംഭവിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ സൗദി അറേബ്യ ഇന്ത്യയുമായി കൂടുതല്‍ സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്.
കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയെ തള്ളാതെയാണ് സൗദി അറേബ്യ സമീപകാലത്ത് സ്വീകരിക്കുന്ന നിലപാട്. എങ്കിലും ആണവ ശക്തിയായ പാകിസ്താനെ അവര്‍ പൂര്‍ണമായി അകറ്റിയിട്ടുമില്ല. ഇരുരാജ്യങ്ങള്‍ക്കും തുല്യമായ പരിഗണനയാണ് നല്‍കുന്നത് എന്ന് സൂചിപ്പിച്ചാണ് നേതാക്കളുടെ സന്ദര്‍ശനങ്ങള്‍ പദ്ധതിയിടുക. ഇതില്‍ മാറ്റം വന്നിരിക്കുന്നു എന്നാണ് പുതിയ വിവരം.
പാകിസ്താനിലേക്കുള്ള സന്ദര്‍ശനം ബിന്‍ സല്‍മാന്‍ മാറ്റിവച്ചു എന്നാണ് ദി നാഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലാഹോര്‍ കേന്ദ്രമായുള്ള ദിനപത്രമാണ് ദി നാഷന്‍. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് സെപ്തംബര്‍ 10ന് അദ്ദേഹം പാകിസ്താനിലെത്തുമെന്നായിരുന്നു വാര്‍ത്തകള്‍. ഈ തീരുമാനം മാറ്റാനുള്ള കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലേക്കുള്ള സന്ദര്‍ശനവും ബിന്‍ സല്‍മാന്‍ മാറ്റിവച്ചേക്കുമെന്ന് ദി നാഷന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയോ സൗദി അറേബ്യയോ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. പാകിസ്താനില്‍ സ്ഥിരമായ സര്‍ക്കാരില്ലാത്തതാകാം സന്ദര്‍ശനം മാറ്റാന്‍ കാരണം എന്ന് പറയപ്പെടുന്നു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല സര്‍ക്കാരാണ് ഇപ്പോള്‍ പാകിസ്താന്‍ ഭരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്താന്‍ സന്ദര്‍ശിക്കുന്നതില്‍ പ്രത്യേകിച്ച് നേട്ടമില്ല. അതാകാം സന്ദര്‍ശനം മാറ്റിവയ്ക്കുന്നതെന്നും സൂചനയുണ്ട്. സൗദി രാജകുമാരന്റെ സന്ദര്‍ശനം മാറ്റിവച്ചുവെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാഫ് സഹ്‌റ ബലൂച്ച് അറിയിച്ചു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. 2019 ഫെബ്രുവരിയിലാണ് ബിന്‍ സല്‍മാന്‍ ഒടുവില്‍ പാകിസ്താന്‍ സന്ദര്‍ശിച്ചത്. അന്ന് ഇന്ത്യയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.












Click it and Unblock the Notifications