സൗദി അറേബ്യ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല; ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി, ക്രൂഡ് വില കൂട്ടി
റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചത് ഇന്ത്യയ്ക്ക് ആശ്വാസമാകുമെന്ന വാര്‍ത്തകള്‍ക്കിടെ മറിച്ചുള്ള വിവരം പുറത്ത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോ തീരുമാനിച്ചു. ആഗസ്റ്റ് മാസത്തില്‍ നല്‍കുന്ന എണ്ണയ്ക്കാണ് വില കൂട്ടുക.
എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിരുന്നു. ഓരോ ദിവസവും 4.11 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം കൂട്ടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും 5.48 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് അവര്‍ തീരുമാനിച്ചത്. ഇത് വിപണിയില്‍ വലിയ ചര്‍ച്ചയായിരിക്കെയാണ് പുതിയ വാര്‍ത്ത. സൗദി ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ എണ്ണയും കയറ്റുമതി ചെയ്യില്ല എന്നാണ് വിവരം.

ആഗസ്റ്റ് മുതല്‍ സൗദി അറേബ്യ നല്‍കുന്ന ക്രൂഡ് ഓയില്‍ വില ബാരലിന് 50 മുതല്‍ 80 സെന്റ് വരെ ഉയര്‍ത്തുമെന്നാണ് കഴിഞ്ഞാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അരാംകോ തീരുമാനിച്ചിരിക്കുന്നത് ഒരു ഡോളര്‍ വര്‍ധിപ്പിക്കാനാണ്. സൗദിയുടെ പ്രധാന ക്രൂഡ് ആയ അറബ് ലൈറ്റിന് 2.20 ഡോളര്‍ വരെ ഉയരും. ഇത് ദുബായ്, ഒമാന്‍ ക്രൂഡിനേക്കാള്‍ വില കൂടുതലാണ്.
ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് പുറമെ നോര്‍ത്ത് വെസ്റ്റ് യൂറോപ്പ്, മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന എണ്ണയുടെ വില വര്‍ധിപ്പിക്കാനും അരാംകോ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ നല്‍കിയ വിലയേക്കാള്‍ 1.40 ഡോളര്‍ ഒരു ബാരലിന് അധികം നല്‍കേണ്ടി വരും. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച പിന്നാലെ സൗദി വില കൂട്ടാന്‍ തീരുമാനിച്ചതിന് കാരണം മറ്റൊന്നാണ്.
വര്‍ധിപ്പിച്ച എണ്ണ എന്തിന് ഉപയോഗിക്കും
വേനല്‍ കാലമായതിനാല്‍ സൗദി അറേബ്യയില്‍ വൈദ്യുതി ഉല്‍പ്പാദനത്തിന് വലിയ തോതില്‍ എണ്ണ ഉപയോഗിക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് വാങ്ങുന്ന വില കുറഞ്ഞ എണ്ണയും സൗദി ഉപയോഗിക്കുന്നത് വൈദ്യുതി ഉല്‍പ്പാദനത്തിനാണ്. അതിന് പുറമെയാണ് സ്വന്തമായി ഖനനം ചെയ്യുന്നതും വൈദ്യുതി ഉല്‍പ്പാദനത്തിന് എടുക്കുന്നത്. ഇതോടെ ഉല്‍പ്പാനം കൂട്ടിയെങ്കിലും കയറ്റുമതി കൂടുന്നില്ല.
മാത്രമല്ല, ചൈനയിലെ ചില എണ്ണ ശുദ്ധീകരണ ശാലകള്‍ കഴിഞ്ഞ മാസങ്ങളില്‍ വാങ്ങിയത് വളരെ കുറവായിരുന്നു. അവര്‍ ആഗസ്റ്റ് മുതല്‍ കൂടുതല്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നഷ്ടം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില ഉയര്‍ത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രണ്ടും മൂന്നും രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.
സൗദി അറേബ്യ ക്രൂഡ് വില ഉയര്‍ത്തിയതിന് പിന്നാലെ ദുബായ്, ഒമാന്‍ ക്രൂഡുകളുടെ വിലയും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇറക്കുമതി രാജ്യങ്ങളായ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഉയര്‍ന്ന വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങേണ്ട അവസ്ഥ വരും. ഇക്കാര്യം മുന്‍കൂട്ടി കണ്ട് ഇന്ത്യയും ചൈനയുമെല്ലാം ആഫ്രിക്കയിലേയും ലാറ്റനിമേരിക്കയിലേയും രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ടി ആശ്രയിക്കുന്നുണ്ട്.












Click it and Unblock the Notifications