സൗദി അറേബ്യ ഇങ്ങനെ കെണി ഒരുക്കുമെന്ന് പാകിസ്താന്‍ പ്രതീക്ഷിച്ചില്ല; വന്‍ നഷ്ടം, ഇനിയും പണി വരുന്നു
ഇസ്ലാമാബാദ്: സൗദി അറേബ്യയും പാകിസ്താനും കഴിഞ്ഞ വര്‍ഷമാണ് പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. അമേരിക്കയുമായുള്ള കരാറിന് പുറമെയാണ് പാകിസ്താനുമായും സൗദി പ്രതിരോധ കരാറുണ്ടാക്കിയത്. പ്രതിസന്ധി ഘട്ടത്തില്‍ പാകിസ്താനെ സാമ്പത്തികമായി സഹായിക്കുന്ന രാജ്യമാണ് സൗദി. അടുത്തിടെ യുഎഇക്ക് നല്‍കേണ്ട കടം സൗദിയുടെ സഹായത്തോടെയാണ് പാകിസ്താന്‍ വീട്ടിയത്.
എന്നാല്‍ സൗദിയുമായുള്ള ബന്ധം പാകിസ്താന് നേട്ടം മാത്രമല്ല, തിരിച്ചടികളും നല്‍കുന്നുണ്ട് എന്നാണ് പുതിയ വിവരം. സുഡാനുമായുള്ള കോടികളുടെ ആയുധ വില്‍പ്പന പാകിസ്താന്‍ മരവിപ്പിച്ചു. സൗദി അറേബ്യയുടെ എതിര്‍പ്പ് ശക്തമായതോടെയാണ് പാകിസ്താന്‍ കരാറില്‍ നിന്ന് പിന്മാറിയത് എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആയുധങ്ങളും യുദ്ധവിമാനങ്ങളും സുഡാന് വില്‍ക്കാന്‍ പാകിസ്താന്‍ ധാരണയിലെത്തിയിരുന്നു. 150 കോടി ഡോളറിന്റേതായിരുന്നു കരാര്‍. കഴിഞ്ഞ ജനുവരിയില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സൗദി അറേബ്യ തന്നെയാണ് കരാറിന് മധ്യസ്ഥത വഹിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സൗദി നിലപാട് മാറ്റി. കരാര്‍ പ്രകാരമുള്ള ആയുധം വില്‍ക്കരുത് എന്ന് ആവശ്യപ്പെട്ടതോടെ പാകിസ്താന് നടപടികള്‍ മരവിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.
ഏറെ കാലമായി ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യമാണ് സുഡാന്‍. സൈന്യവും അര്‍ധസൈന്യവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയാണ് സുഡാനില്‍. ജിസിസി രാജ്യങ്ങള്‍ സുഡാന്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുള്ളവരാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് സൗദി അറേബ്യ നിലപാട് മാറ്റാന്‍ കാരണമത്രെ. ഫലത്തില്‍ പാകിസ്താന് സുഡാനിലേക്ക് ആയുധം അയക്കാന്‍ പറ്റില്ല.
ലിബിയയുമായുള്ള കരാറും റദ്ദാക്കിയേക്കും
സുഡാന്‍ സൈന്യത്തിന്റെ നേതൃത്വങ്ങള്‍ കഴിഞ്ഞ മാസം റിയാദിലെത്തി സൗദി ഭരണകൂടവുമായി ചര്‍ച്ച നടത്തിയിരുന്നു. പാകിസ്താന് മേല്‍ സൗദിയുടെ സമ്മര്‍ദ്ദത്തിന് ഒരു കാരണം ഈ ചര്‍ച്ചയാണ്. സുഡാനുമായുള്ള ആയുധ ഇടപാട് മാത്രമല്ല പാകിസ്താന് നഷ്ടമാകുന്നത്. ലിബിയയുമായുള്ള കരാറും പാകിസ്താന് മരവിപ്പിക്കേണ്ടി വന്നേക്കും.
ലിബിയയുടെ ദേശീയ സേനയുമായി 400 കോടി ഡോളറിന്റെ കരാറാണ് പാകിസ്താന്‍ ഒപ്പുവച്ചിരുന്നത്. ലിബിയയില്‍ സൗദി സ്വീകരിക്കുന്ന നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് പാകിസ്താനും ലിബിയയും തമ്മിലുള്ള കരാറിനെ ബാധിക്കുമെന്നാണ് സൂചന. സൗദി അറേബ്യ സാമ്പത്തികമായി സഹായിക്കുന്ന രാജ്യമാണ് പാകിസ്താന്‍ എന്നതിനാല്‍ സൗദിയെ ധിക്കരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്.
യുഎഇയില്‍ നിന്ന് നേരത്തെ പാകിസ്താന്‍ 350 കോടി വായ്പ എടുത്തിരുന്നു. 200 കോടി അടുത്തിടെ തിരിച്ചടച്ചു. ബാക്കിയുള്ള 150 കോടി തിരിച്ചടയ്ക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 23 ആണ്. അതിനിടെയാണ് സൗദിയുടെ സമ്മര്‍ദ്ദത്തില്‍ പാകിസ്താന്‍ കോടികളുടെ കരാര്‍ മരവിപ്പിച്ചു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.












Click it and Unblock the Notifications