സൗദി അറേബ്യ നേട്ടം കൊയ്‌തേക്കും; റിലയന്‍സ് കടുത്ത തീരുമാനം എടുത്തു, ട്രംപിന്റെ വിരട്ടല്‍ ഏറ്റു
ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നിവയാണ്. സമീപകാലത്ത് മറ്റു ചില രാജ്യങ്ങളില്‍ നിന്ന് കൂടി എണ്ണ വാങ്ങാന്‍ ഇന്ത്യ ആരംഭിച്ചിരുന്നു. പൊതുമേഖലാ കമ്പനികള്‍ക്ക് പുറമെ റിലയന്‍സും വിദേശത്ത് നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ വലിയ സ്വകാര്യ എണ്ണ ശുദ്ധീകരണ ശാലയിലുള്ളത് റിലയന്‍സിനാണ്.
എന്നാല്‍ റിലയന്‍സ് സുപ്രധാനമായ തീരുമാനം എടുത്തു എന്നാണ് പുതിയ വിവരം. ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ നിന്ന് ഇനി എണ്ണ വാങ്ങേണ്ട എന്നാണ് തീരുമാനം. കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് കാരണം അമേരിക്ക സ്വീകരിച്ച പുതിയ നിലപാട് ആണത്രെ.

വെനസ്വേലക്കെതിരെ നടപടി കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. അവരുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം താരിഫ് ചുമത്താനാണ് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതുപ്രകാരം അമേരിക്ക നടപടി തുടങ്ങിയാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഈ പശ്ചാത്തലത്തിലാണ് റിലയന്‍സ് പുതിയ തീരുമാനമെടുത്തത് എന്ന് കരുതുന്നു.
നേരത്തെ വെനസ്വേലയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തും. എന്നാല്‍ ഇനി മുതല്‍ പുതിയ ഓര്‍ഡര്‍ ചെയ്യില്ല എന്നാണ് റിലയന്‍സ് വൃത്തങ്ങള്‍ പറയുന്നത്. മുമ്പ് റിലയന്‍സ് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങിയിരുന്നു. പിന്നീട് നിര്‍ത്തിവച്ചു. അമേരിക്ക ഇളവ് നല്‍കിയതോടെയാണ് വീണ്ടും വാങ്ങാന്‍ ആരംഭിച്ചത്. അതാണിപ്പോള്‍ നിര്‍ത്തുന്നത്.
നേട്ടമാകുന്നത് രണ്ട് രാജ്യങ്ങള്‍ക്ക്
ഈ വര്‍ഷം തുടക്കം മുതല്‍ 6.5 ദശലക്ഷം ബാരല്‍ എണ്ണ വെനസ്വേലയില്‍ നിന്ന് റിലയന്‍സ് വാങ്ങി എന്നാണ് കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നത്. ഏപ്രില്‍ രണ്ട് മുതലാണ് അമേരിക്ക താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇനി പുതിയ ഓര്‍ഡര്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു എണ്ണ കമ്പനികള്‍ നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് പകരം വ്യാപാരികളില്‍ നിന്നാണ് വെനസ്വേലന്‍ എണ്ണ വാങ്ങുന്നത്.
റിലയന്‍സിന്റെ പുതിയ തീരുമാനം നേട്ടമാകുന്നത് രണ്ട് രാജ്യങ്ങള്‍ക്ക് ആയിരിക്കും. റഷ്യയും സൗദി അറേബ്യയുമാണത്. നേരത്തെ സൗദി അറേബ്യയെ ആയിരുന്നു ഇന്ത്യ പ്രധാനമായും ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിച്ചിരുന്നത്. പിന്നീടാണ് റഷ്യ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതും ആ രാജ്യത്ത് നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കാന്‍ തുടങ്ങിയതും. വെനസ്വേലന്‍ എണ്ണയുടെ വരവ് അവസാനിക്കുന്നതോടെ സൗദിയെ വീണ്ടും കൂടുതലായി ആശ്രയിക്കേണ്ടി വരും.
റഷ്യയുടെ എണ്ണയ്ക്ക് എതിരെയും അമേരിക്കയുടെ ഉപരോധമുണ്ട്. അതുകൊണ്ടുതന്നെ റഷ്യയുടെ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ തയ്യാറായേക്കില്ല. ഇതും സൗദി അറേബ്യയ്ക്ക് നേട്ടമാകും. കൂടാതെ അമേരിക്കയില്‍ നിന്നു കൂടുതല്‍ എണ്ണ വാങ്ങാനും ഇന്ത്യ തയ്യാറായേക്കുമെന്നാണ് സൂചന. എന്നാല്‍ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത് ചെലവേറിയ പരിപാടിയാണ് എന്നതാണ് വെല്ലുവിളി.












Click it and Unblock the Notifications