സൗദിക്ക് റഷ്യ വക എട്ടിന്റെ പണി!! ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല; മറുമരുന്നുമായി സൗദിയുടെ നവതന്ത്രം
മോസ്‌കോ/റിയാദ്: എണ്ണ ഉല്‍പ്പാദനത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍ക്കും ആദ്യം മനസിലേക്ക് വരിക ഗള്‍ഫ് രാജ്യങ്ങളാണ്. പ്രത്യേകിച്ച് സൗദി അറേബ്യയെ. സൗദിയുടെ പ്രധാന വരുമാന മാര്‍ഗമാണ് എണ്ണ. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. സൗദിയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയിരിക്കുന്നു.
റഷ്യയാണ് സൗദിയെ പിന്തള്ളി എണ്ണ ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത്. ഇതിന് കാരണം അടുത്തിടെ സൗദി സ്വീകരിച്ച നയമാണ്. എണ്ണ ഉല്‍പ്പാദനം പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കാന്‍ സൗദി തീരുമാനിച്ചു. ഇതോടെ സൗദിയുടെ ഉല്‍പ്പാദനം കുറഞ്ഞു. എന്നാല്‍ റഷ്യ അത്ര തന്നെ കുറച്ചതുമില്ല. റഷ്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന് എണ്ണയാണ്.

സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെകില്‍ അംഗമല്ലാത്ത എണ്ണ രാജ്യങ്ങളുമാണ് ലോകത്ത് എണ്ണ വിപണിയെ നിയന്ത്രിക്കുന്നത്. സൗദിയും റഷ്യയുമാണ് ഇതില്‍ പ്രധാനികള്‍. ലോകത്ത് എണ്ണ എത്ര വിലയ്ക്ക് വില്‍ക്കണം, വില കൂട്ടണോ, കുറയ്ക്കണമോ എന്നെല്ലാം തീരുമാനിക്കുന്നതില്‍ നിര്‍ണായക പങ്ക് ഈ രാജ്യങ്ങള്‍ക്കാണ്.
രണ്ട് വര്‍ഷം മുമ്പ് എണ്ണവില ബാരലിന് 140 ഡോളര്‍ വരെയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കുറഞ്ഞ് 75 ഡോളറിലെത്തി. ഇത്രയും കുറയുന്നത് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് മനസിലാക്കിയാണ് സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ ശ്രമിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ കുറയ്ക്കാനും തീരുമാനിച്ചു. ഇതാണ് റഷ്യയ്ക്ക് നേട്ടമായത്.
എണ്ണ ഉല്‍പ്പാദനത്തില്‍ സൗദി അറേബ്യയെ റഷ്യ പിന്നിലാക്കാന്‍ പോകുന്നുവെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി (ഐഇഎ) വ്യാഴാഴ്ച ഇറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദിയുടെ ഇക്കാര്യത്തിലുണ്ടായിരുന്ന അപ്രമാദിത്വം തകരുകയാണ് എന്നര്‍ഥം. അമേരിക്കന്‍ ഉപരോധം നിലവിലുള്ളതിനാല്‍ വരുമാനം കണ്ടെത്താനാണ് റഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടിയത്. അതാണ് വിപണിയില്‍ വില കുറയാന്‍ ഒരു കാരണം.
ഈ പ്രതിസന്ധി മറികടക്കാന്‍ ഉല്‍പ്പാദനം ഏകപക്ഷീയമായി കുറച്ചപ്പോള്‍ സൗദിക്ക് മറ്റൊരു അടി കൂടി കിട്ടുകയായിരുന്നു. സൗദിയുടെ ഒന്നാം സ്ഥാനം നഷ്ടമാകുകയാണ്. ഒരുപക്ഷേ, അടുത്ത വര്‍ഷത്തേക്കും ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്.. ഇതോടെ റഷ്യ വന്‍ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്. റഷ്യയുടെ എണ്ണയ്ക്ക് വില കുറവാണ് എന്നതാണ് എടുത്തുപറയേണ്ട കാര്യം.
ഈ അവസരം ഇന്ത്യയും ചൈനയുമെല്ലാം മുതലെടുക്കുന്നുണ്ട്. റഷ്യയില്‍ നിന്ന് വന്‍ തോതില്‍ എണ്ണ വാങ്ങുകയാണ് ഇന്ത്യയും ചൈനയും. സൗദി അറേബ്യ വേറിട്ട തന്ത്രമാണ് ഈ ഘട്ടത്തില്‍ സ്വീകരിക്കുന്നത്. റഷ്യയില്‍ നിന്ന് അവരും എണ്ണ വാങ്ങുന്നു. ജൂണിലെ കണക്ക് പ്രകാരം സൗദി വില കുറഞ്ഞ എണ്ണ റഷ്യയില്‍ നിന്ന് സര്‍വകാല റെക്കോര്‍ഡ് അളവിലാണ് വാങ്ങുന്നത്. ഇത് വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുകയാണ് സൗദി.












Click it and Unblock the Notifications