ഷഹ്ബാസിന്റെ നീക്കത്തില്‍ സൗദി വീണു; കിട്ടിയത് 800 കോടി!! അടുത്ത ലക്ഷ്യം യുഎഇ
റിയാദ്: പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിന്റെ നയതന്ത്ര നീക്കത്തില്‍ സൗദി അയഞ്ഞു. പാകിസ്താനുമായുള്ള സാമ്പത്തിക ഇടപാടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സൗദി തീരുമാനിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഷഹ്ബാസിന്റെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. 800 കോടി ഡോളറിന്റെ സഹായമാണ് സൗദിയുടെ വക പാകിസ്താന് കിട്ടുന്നത്.
നേരത്തെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായപ്പോള്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ തുക സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, തിരിച്ചടവില്‍ ഇളവ് നല്‍കുകയും ചെയ്തു. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ വച്ച് ഷഹ്ബാസിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും സൗദി അറേബ്യ തീരുമാനിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന പാകിസ്താന് വിലമതിക്കാനാകാത്ത സഹായമാണ് സൗദി അറേബ്യയുടേത്. 800 കോടി ഡോളറിന്റെ സഹായം സൗദി നല്‍കുമെന്നാണ് വാര്‍ത്ത. ഷഹ്ബാസ് ഷരീഫും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് സാമ്പത്തിക സഹായത്തിന് വഴിതെളിയിച്ചത്. ഷഹ്ബാസിന്റെ സന്ദര്‍ശനം വിജയകമെന്നാണ് പാക് മാധ്യമങ്ങളുടെ വിലയിരുത്തല്‍.

പാകിസ്താനിലെ എണ്ണ സംഭരണ സൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ 240 കോടി ഡോളറാണ് നല്‍കുക. നേരത്തെ പ്രഖ്യാപിച്ചത് 120 കോടി ഡോളറായിരുന്നു. സഖ്യ കൂട്ടണമെന്ന പാകിസ്താന്റെ ആവശ്യം സൗദി അംഗീകരിച്ചു. മാത്രമല്ല, നേരത്തെ സൗദി അറേബ്യയ്ക്ക് നല്‍കാനുള്ള 300 കോടി ഡോളര്‍ തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി 2023 ജൂണ്‍ വരെ സൗദി നീട്ടി നല്‍കുകയും ചെയ്തു.

പാകിസ്താനില്‍ 200 കോടിയുടെ നിക്ഷേപം നടത്താന്‍ സൗദി സമ്മതിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. മാത്രമല്ല, കൂടുതല്‍ പണം സൗദിയില്‍ നിന്ന് ലഭിക്കാന്‍ അവസരമുണ്ടോ എന്ന് പാകിസ്താന്‍ ആരായുകയാണ്. ധനമന്ത്രി മിഫ്താഹ് ഇസ്മാഈലിനെ സൗദിയില്‍ തന്നെ നിര്‍ത്തിയ ശേഷമാണ് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് ഷഹ്ബാസ് ഷരീഫ് യാത്ര തിരിച്ചത്. സാമ്പത്തിക ഇടപാടിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് ധനമന്ത്രിയുടെ ദൗത്യം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്താന് 300 കോടി ഡോളര്‍ സൗദി നല്‍കിയിരുന്നു. പാകിസ്താന്‍ സ്റ്റേറ്റ് ബാങ്കിനാണ് ഈ പണം നല്‍കിയത്. കൂടാതെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്കായി 10 കോടി ഡോളറും നല്‍കി. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരുന്ന വേളയില്‍ സൗദിയിലെത്തിയപ്പോള്‍ 420 കോടി ഡോളറാണ് ലഭിച്ചത്. ഷഹ്ബാസ് വന്നപ്പോള്‍ 800 കോടി കിട്ടി.

അതേസമയം, യുഎഇയുടെ സഹായം കൂടി പാകിസ്താന്‍ പ്രധാനമന്ത്രി തേടുമെന്നാണ് വിവരം. സൗദിയില്‍ നിന്ന് യാത്ര തിരിച്ച പാക് സംഘം യുഎഇയില്‍ ഇറങ്ങി. ഇവിടെ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദുമായി ചര്‍ച്ച നടത്തിയ ശേഷം പാകിസ്താനിലേക്ക് മടങ്ങും. സൗദിയും യുഎഇയും സഹായിച്ചാല്‍ പാകിസ്താന്റെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് ഷഹ്ബാസ് സര്‍ക്കാര്‍ കരുതുന്നത്.

അതിനിടെ, ഷഹ്ബാസ് ഷരീഫിനെതിരെ മദീനയില്‍ പ്രതിഷേധം ഉയര്‍ന്ന സംഭവത്തില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ കേസെടുത്തു. ഇമ്രാന്‍ ഖാന് പുറമെ അദ്ദേഹത്തിന്റെ മന്ത്രസഭയിലുണ്ടായിരുന്നവരടക്കം 150ഓളം പേര്‍ക്കെതിരെയാണ് പാകിസ്താനിലെ പഞ്ചാബിലുള്ള ഫൈസലാബാദ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ അനുയായികളാണ് മദീനയില്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന ഷഹ്ബാസ് ഷരീഫ് മദീനയിലെ മസ്ജിദുന്നബവിയില്‍ എത്തിയപ്പോള്‍ കള്ളനെന്നും രാജ്യദ്രോഹിയെന്നും ചിലര്‍ വിളിച്ചിരുന്നു. സംഭവത്തില്‍ അഞ്ച് പാകിസ്താന്‍കാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനില്‍ നിന്നും ബ്രിട്ടനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ 100ലധികം അനുയായികളെ സൗദിയിലേക്ക് അയച്ചുവെന്നും ഇവരാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതെന്നും ഫൈസലാബാദ് പോലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.












Click it and Unblock the Notifications