ഇസ്രായേലുമായി രഹസ്യ ബന്ധമില്ലെന്ന് സൗദി; ആരും ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടില്ല
ജിദ്ദ: ഇസ്രായേലുമായി തങ്ങള്‍ക്ക് രഹസ്യബാന്ധവമുണ്ടെന്ന വാര്‍ത്ത സൗദി അറേബ്യ നിഷേധിച്ചു. സൗദിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇസ്രായേലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. സൗദിക്ക് ആരുമായൊക്കെ ബന്ധമുണ്ടെന്ന കാര്യം വളരെ വ്യക്തമാണെന്നും ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും പ്രസ്താവന വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് വിവരം ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത മാധ്യമങ്ങള്‍ക്കുണ്ട്. ഭാവിയില്‍ ഇത്തരം അസത്യപ്രസ്താവനകളോട് രാജ്യം പ്രതികരിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
മുന്‍ സൗദി സൈനിക ജനറല്‍ അന്‍വര്‍ ഇഷ്ഖി രഹസ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കുകയും മുതിര്‍ന്ന ഇസ്രായേല്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നുവെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡേവിഡ് ഹേസ്റ്റന്‍ എഡിറ്ററായ മിഡീലിസ്റ്റ് ഐ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് സൗദിയുടെ പ്രസ്താവന. ഇസ്രായേലിനു പുറമെ, സൗദി അറേബ്യയും യു.എ.ഇയും കുര്‍ദിസ്താന്‍ സ്വാതന്ത്ര്യ ഹിതപ്പരിശോധനയെ പിന്തുണച്ചിരുന്നതായും ഇതിന്റെ ഭാഗമായാണ് മുന്‍ സൗദി സൈനിക മേധാവി ഇസ്രായേലും കുര്‍ദിസ്താനും സന്ദര്‍ശിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട്.

സൗദി സര്‍ക്കാരിന്റെ ഔദ്യോഗിക ദൂതനായാണ് അദ്ദേഹം ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതെന്നും സൗദി ഭരണകൂടം അറിയാതെ മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥന്റെ സന്ദര്‍ശനം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് അനഭിമതരായ ഇറാഖ്, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ ചിറകരിയുകയെന്നതായിരുന്നു കുര്‍ദ് ഹിതപ്പരിശോധനയെ പിന്തുണയ്ക്കുന്നതിനു പിന്നിലെ ലക്ഷ്യം. ഇസ്രായേല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചെങ്കില്‍ സൗദിയും യു.എ.ഇയും പ്രത്യക്ഷത്തില്‍ ഇറാഖിനൊപ്പം നില്‍ക്കുകയും എന്നാല്‍ കുര്‍ദ് വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണം.












Click it and Unblock the Notifications