സൗദിക്കും ഇന്ത്യക്കും ഇടയില്‍ 10 മാസം കൊണ്ട് ഒഴുകിയത് 3.5 ലക്ഷം കോടിയിലേറെ: ഇത് പുതിയ ചരിത്രം
റിയാദ്: സൗദി-ഇന്ത്യ ഉഭയകക്ഷി വ്യാപാരത്തിൽ ഈ വർഷം വൻ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോർട്ട്. 2022 ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള 10 മാസത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 16,820 കോടി റിയാലായി (44.85 ബില്യൺ ഡോളർ- 3.5 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ഉയർന്നു.
ഇതോടെ ഈ വർഷം സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ 67 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയായി ഇന്ത്യ മാറുകയും ചെയ്തു.

ഈ കാലയളവിൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായാണ്. കഴിഞ്ഞ വർഷം ആദ്യ പത്ത് മാസങ്ങളിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 100.8 ബില്യൺ റിയാലായിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വർഷത്തെ ആദ്യ 10 മാസങ്ങളിൽ സൗദി അറേബ്യയുടെ വിദേശ വ്യാപാരം ഗണ്യമായി വർധിച്ചതായി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സും വ്യക്തമാക്കുന്നു.

ആകെ വ്യാപാരം 46.8 ശതമാനം ഉയർന്ന് 1.89 ട്രില്യൺ റിയാലിലെത്തി (505.1 ബില്യൺ ഡോളർ). സൗദിയുടെ വിദേശ വ്യാപാരത്തിന്റെ 64.5 ശതമാനവും 10 രാജ്യങ്ങളുമായാണ്. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 45.3 ശതമാനം വർധിച്ച് 1.22 ട്രില്യൺ റിയാലായി (325.64 ബില്യൺ ഡോളർ). കഴിഞ്ഞ വർഷം ആദ്യ 10 മാസങ്ങളിൽ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 840.44 ബില്യൺ റിയാലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കുന്നു.

ചൈന, ഇന്ത്യ, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളാണ് സൗദി അറേബ്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ. മറ്റൊരു ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ നാലാം സ്ഥാനത്തുള്ളത്. അമേരിക്കയെ പിന്തള്ളിയാണ് ദക്ഷിണ കൊറിയ സൗദി അറേബ്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായി മാറിയത്. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സൗദി അറേബ്യ ഈ നാല് രാജ്യങ്ങളുമായി 788.3 ബില്യൺ റിയാലിന്റെ (210.2 ബില്യൺ ഡോളർ) വ്യാപാരം നടത്തി. മൊത്തം വിദേശ വ്യാപാരത്തിന്റെ 41.6 ശതമാനവും ഈ നാല് രാജ്യങ്ങളുമായാണ്.
തേങ്ങാ വെള്ളവും വിദ്യയുടെ സൗന്ദര്യവും തമ്മിലുള്ള ബന്ധമെന്ത്: അറിയാം താരത്തിന്റെ സൗന്ദര്യ രഹസ്യം

അതേസമയം, ഈ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിൽ സൗദി അറേബ്യയിലെ പെട്രോളിതര കയറ്റുമതിയിലും വൻ വളർച്ചയുണ്ടായതായി അധികൃതർ വ്യക്തമാക്കുന്നു. സൗദി അറേബ്യ 269.3 ബില്യൺ റിയാലിന്റെ പെട്രോളിതര ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യ 10 മാസ കാലയളവിൽ പ്രതിമാസം ശരാശരി 26.9 ബില്യൺ റിയാൽ പെട്രോളിതര ഉൽപ്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്.

പെട്രോളിയം ഇതര കയറ്റുമതിയുടെ 80 ശതമാനവും രാസവസ്തുക്കൾ, പ്ലാസ്റ്റിക്, റബ്ബർ, ധാതുക്കൾ എന്നിവയാണ്. ഈ വർഷം ആദ്യ 10 മാസങ്ങളിൽ പെട്രോളിതര കയറ്റുമതിയിൽ 36.2 ശതമാനം രാസ ഉൽപന്നങ്ങളും 29.3 ശതമാനം പ്ലാസ്റ്റിക്കും റബറുമാണ്. 96 ബില്യൺ റിയാലിന്റെ രാസവസ്തുക്കളും 77.5 ബില്യൺ റിയാലിന്റെ പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങളും ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. 21.5 ബില്യൺ റിയാലിന്റെ ധാതുക്കളും കയറ്റുമതി ചെയ്യപ്പെട്ട വസ്തുക്കളിലുള്‍പ്പെടുന്നു.

സൗദി അറേബ്യ ഈ വർഷം 140 ലധികം രാജ്യങ്ങളിലേക്ക് പെട്രോളിതര ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതിൽ 47 ശതമാനവും അഞ്ച് രാജ്യങ്ങളിലേക്കായിരുന്നു. പെട്രോളിതര ഉൽപന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി യുഎഇയിലേക്കാണ്. 37.4 ബില്യൺ റി യാലിന്റെ ഉൽപ്പന്നങ്ങളാണ് യുഎഇയിലേക്ക് കയറ്റുമതി ചെയ്തത്. മൊത്തം കയറ്റുമതിയുടെ 14 ശതമാനമാണിത്. ഇക്കാര്യത്തിൽ, രണ്ടാം സ്ഥാനം ചൈന (31.1 ബില്യൺ റിയാൽ), മൂന്നാമത് ഇന്ത്യ (23.6 ബില്യൺ റിയാൽ), നാലാമത് സിംഗപ്പൂർ (12.7 ബില്യൺ റിയാൽ), അഞ്ചാം സ്ഥാനം തുർക്കിക്കുമാണ് (11.5 ബില്യൺ റിയാൽ).












Click it and Unblock the Notifications