Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി രാജാവ് വിളിച്ചു; ഖത്തറിന്റെ നിലപാട് അറിയാന്‍ ഗള്‍ഫ് മേഖല, ശൈഖ് തമീം റിയാദിലെത്തിയേക്കും!!

ദോഹ/റിയാദ്: ഗള്‍ഫ് മേഖല ഖത്തറിന്റെ നിലപാട് അറിയാന്‍ ഉറ്റുനോക്കുകയാണ്. സൗദി രാജാവ് സല്‍മാന്റെ ക്ഷണക്കത്ത് ഖത്തറിന് ലഭിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയെ സൗദിയിലേക്ക് ക്ഷണിച്ചാണ് കത്ത്. അടുത്താഴ്ച റിയാദിലേക്ക് വരണമെന്നാണ് കത്തിലുള്ളത്. ജിസിസി വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്ഷണം.

ഗള്‍ഫിലെ നയതന്ത്ര പ്രതിസന്ധിയുടെ ഭാവി ഖത്തറിന്റെ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഒന്നര വര്‍ഷമായി ഖത്തറും സൗദിയും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഖത്തര്‍ അമീര്‍ റിയാദിലേക്ക് പോകുമോ? ഖത്തര്‍ നേരത്തെ ഇക്കാര്യത്തില്‍ പറഞ്ഞ വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഡിസംബര്‍ ഒമ്പതിന്

ഡിസംബര്‍ ഒമ്പതിന്

ജിസിസി ഉച്ചകോടി ഇത്തവണ സൗദിയിലാണ് നടക്കുന്നത്. ഡിസംബര്‍ ഒമ്പതിന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തണമെന്നാവശ്യപ്പെട്ടാണ് സൗദി രാജാവിന്റെ കത്ത് ഖത്തറിന് ലഭിച്ചിരിക്കുന്നത്. ജിസിസി സെക്രട്ടറി ജനറല്‍ മുഖേന കൈമാറിയ കത്ത് ഖത്തര്‍ വിദേശകാര്യമന്ത്രി സ്വീകരിച്ചു.

ഒപെക് തീരുമാനത്തിന് പിന്നാലെ

ഒപെക് തീരുമാനത്തിന് പിന്നാലെ

സൗദി നേതൃത്വം നല്‍കുന്ന എണ്ണ ഉല്‍പ്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഖത്തര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഖത്തര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസമാണ് ഖത്തര്‍ അമീറിനെ സൗദിയിലേക്ക് ക്ഷണിച്ച് സല്‍മാന്‍ രാജാവ് കത്ത് നല്‍കിയത്.

അമീര്‍ സൗദിയിലേക്ക് പോകുമോ

അമീര്‍ സൗദിയിലേക്ക് പോകുമോ

ഖത്തര്‍ വാര്‍ത്താ ഏജന്‍സി സൗദി രാജാവിന്റെ ക്ഷണം ലഭിച്ച കാര്യം സ്ഥിരീകരിച്ചു. എന്നാല്‍ ഖത്തര്‍ അമീര്‍ സൗദിയിലേക്ക് പോകുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. സൗദി അറേബ്യയുടെ ക്ഷണം ലഭിച്ചാല്‍ ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഖത്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചില ആശങ്കകള്‍ ബാക്കി

ചില ആശങ്കകള്‍ ബാക്കി

എന്നാല്‍ ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ ബാക്കിയാണ്. കാരണം കഴിഞ്ഞ വര്‍ഷം നടന്ന ജിസിസി ഉച്ചകോടി അത്ര സുഖകരമായിരുന്നില്ല. കുവൈത്തില്‍ നടന്ന ഉച്ചകോടിക്ക് ഖത്തര്‍ അമീര്‍ എത്തിയെങ്കിലും സൗദിയും യുഎഇയും ബഹ്‌റൈനും വകുപ്പ് മന്ത്രിമാരെ മാത്രം പ്രതിനിധികളായി അയക്കുകയായിരുന്നു.

ഖത്തറിനെ ഇകഴ്ത്തി

ഖത്തറിനെ ഇകഴ്ത്തി

സാധാരണ രാഷ്ട്രത്തലവന്‍മാരാണ് ഉച്ചകോടിക്ക് എത്തുക. ഉപ ചര്‍ച്ചകളില്‍ പങ്കെടുക്കാനാണ് വകുപ്പ് മന്ത്രിമാര്‍ വരിക. എന്നാല്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിക്ക് മൂന്ന് രാജ്യങ്ങളും വകുപ്പ് മന്ത്രിമാരെ മാത്രം അയച്ചു. രാഷ്ട്രത്തലവന്‍മാര്‍ വന്നില്ല. ഖത്തറിനെ ഇകഴ്ത്തിയതായിട്ടാണ് ഈ സംഭവം വിലയിരുത്തിയത്.

 വിജയം കാണുമെന്ന് കുവൈത്ത്

വിജയം കാണുമെന്ന് കുവൈത്ത്

ഗള്‍ഫിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ കുവൈത്തിന്റെ മധ്യസ്ഥ ശ്രമം നടക്കുന്നുണ്ട്. ആറ് രാജ്യങ്ങളിലെയും തലവന്‍മാരെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാനാണ് കുവൈത്തിന്റെ ശ്രമം. തങ്ങളുടെ നീക്കം വിജയം കാണുമെന്ന് കുവൈത്ത് മന്ത്രി കഴിഞ്ഞദിവസം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.

 അമേരിക്കയുടെ ആവശ്യം

അമേരിക്കയുടെ ആവശ്യം

എല്ലാ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളും അമേരിക്കയുടെ ഉറ്റരാജ്യങ്ങളാണ്. ജിസിസിയിലെ ഭിന്നത അമേരിക്കയെ ആശങ്കയിലാക്കിയിരുന്നു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ താവളം ഖത്തറിലാണുള്ളത്.

അമേരിക്കയുടെ ഭയം ഇതാണ്

അമേരിക്കയുടെ ഭയം ഇതാണ്

ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം ചുമത്തിയ ശേഷമുള്ള ആദ്യ ജിസിസി ഉച്ചകോടിയാണ് കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ നടന്നത്. എന്നാല്‍ ഇപ്പോള്‍ അമേരിക്കയുടെയും മറ്റു പല ലോക ശക്തികളുടെയും സമ്മര്‍ദ്ദം ശക്തമാണ്. ജിസിസിയില്‍ ഐക്യം വേണമെന്നാണ് അമേരിക്കയുടെ നിലപാട്. ജിസിസിയിലെ ഭിന്നത ഇറാന് വളമാകുമെന്നാണ് അമേരിക്കയുടെ ഭയം.

ഒമാന്‍ കേന്ദ്രമായി ചര്‍ച്ചകള്‍

ഒമാന്‍ കേന്ദ്രമായി ചര്‍ച്ചകള്‍

ആറ് ജിസിസി രാജ്യങ്ങളുടെയും തലവന്‍മാരെ സൗദിയിലെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ കുവൈത്തും ഒമാനും ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒമാന്‍ കേന്ദ്രമായിട്ടാണ് തയ്യാറെടുപ്പ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് കുവൈത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തര്‍ അമീര്‍ സൗദിയിലെത്തുമെന്നാണ് കുവൈത്ത് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

കുവൈത്ത് മന്ത്രിയുടെ പ്രതികരണം

കുവൈത്ത് മന്ത്രിയുടെ പ്രതികരണം

ഖത്തര്‍ പ്രതിനിധി സൗദിയിലെ ഉച്ചകോടിക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല പറഞ്ഞു. ജിസിസിയില്‍ സമാധാനം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും എല്ലാ രാജ്യങ്ങളുടെയും നേതാക്കളും ഉച്ചകോടിക്ക് എത്തുമെന്നും ജറല്ല പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് ഖത്തര്‍ അമീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അഭിമാനം പണയം വെക്കില്ല

അഭിമാനം പണയം വെക്കില്ല

സൗദി, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജിസിസി. കഴിഞ്ഞ വര്‍ഷത്തെ ജിസിസി ഉച്ചകോടി വേണ്ടത്ര ഗുണം ചെയ്തില്ല. സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം ചുമത്തിയത് കഴിഞ്ഞ വര്‍ഷം ജൂണിലാണ്. ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് അറിയിച്ച ഖത്തര്‍ അഭിമാനം പണയം വെച്ചുള്ള നീക്കമുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+