സൗദി രാജാവ് ഇടപെട്ടു; പ്രത്യേക അന്വേഷണം, തുര്‍ക്കി വാദം ശരിയോ? ഖഷോഗി കൊല്ലപ്പെട്ടോ
റിയാദ്: സൗദി വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി എവിടെ എന്നതാണ് ലോകരാജ്യങ്ങളെ വെട്ടിലാക്കിയിരിക്കുന്ന ചോദ്യം. സൗദി അറേബ്യയ്‌ക്കെതിരെയാണ് തുര്‍ക്കി ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളും വിരല്‍ ചൂണ്ടുന്നതെങ്കിലും വ്യക്തമായ തെളിവുകള്‍ ആരും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ സൗദിക്കെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സുമെല്ലാം. ഭീഷണി തള്ളിക്കളഞ്ഞ സൗദി സ്വന്തമായി അന്വേഷണം നടത്താന്‍ തീരുമാനിച്ചു. സൗദി രാജാവ് സല്‍മാന്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....

ആരാണ് ജമാല്‍ കഷോഗി
സൗദിയിലെ പ്രമുഖ എഴുത്തുകാരനാണ് ജമാല്‍ ഖഷോഗി. ഈ മാസം രണ്ടിന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റ് ഇദ്ദേഹം സന്ദര്‍ശിച്ചിരുന്നു. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ല. ജമാല്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നതെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നു. കോണ്‍സുലേറ്റില്‍ അദ്ദേഹം പോയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ അവിടെ വച്ച് കൊല്ലപ്പെട്ടുവെന്നാണ് മനസിലാകുന്നതെന്നും ഉദ്യോഗസ്ഥര്‍ ബിബിസിയോട് പറഞ്ഞു.

കൊല്ലപ്പെട്ടുവെന്ന്
സൗദി അറേബ്യന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു. ജമാലിനെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് സൗദി പ്രതികരിച്ചു. വാഷിങ്ടണ്‍ പോസ്റ്റില്‍ ലേഖനം വന്നതിന് പിന്നാലെയാണ് ജമാലിനെ കാണാതായത്. പിന്നീട് കൊല്ലപ്പെട്ടുവെന്ന ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. വ്യക്തമായ തെളിവ് ലഭിച്ചുവെന്നാണ് തുര്‍ക്കി ഭരണകക്ഷിയായ എകെ പാര്‍ട്ടി നേതാവ് സിഎന്‍എന്‍ ചാനലിനോട് പറഞ്ഞത്.

കോണ്‍സുലേറ്റില്‍ പോയത്
ജമാല്‍ കൊല്ലപ്പെട്ടതിന് യാതൊരു തെളിവും തുര്‍ക്കി പുറത്തുവിട്ടിട്ടില്ല. തുര്‍ക്കിക്കാരി ഹാറ്റിജ് ജെന്‍ഗിസുമായി പ്രണയത്തിലാണ് ജമാല്‍. ആദ്യഭാര്യയെ അദ്ദേഹം വിവാഹമോചനം നടത്തി. ഇതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ലഭിക്കാനാണ് കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജ് ജെന്‍ഗിസിനോടൊപ്പമാണ് ജമാല്‍ കോണ്‍സുലേറ്റില്‍ പോയത്. ഹാറ്റിജിനെ പുറത്തുനിര്‍ത്തി ജമാല്‍ കോണ്‍സുലേറ്റിന് അകത്തേക്ക് കയറിപ്പോയി. പിന്നീട് തിരിച്ചുവന്നില്ല.

അന്ന് സംഭവിച്ചത്
11 മണിക്കൂര്‍ ഹാറ്റിജ് കോണ്‍സുലേറ്റിന് പുറത്ത് കാത്തിരുന്നു. പിന്നീട് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി ലഭിച്ചില്ല. കോണ്‍സുലേറ്റില്‍ എത്തിയ ശേഷം ചില സംശയകരമായ നീക്കം നടന്നുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാലിന്റെ മൊബൈല്‍ ഫോണ്‍ സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്രെ. ഈ വേളയില്‍ ജമാല്‍ ഹാറ്റിജുമായി സംസാരിച്ചു. താന്‍ തിരിച്ചുവന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേഷ്ടാവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

ഉദ്യോഗസ്ഥര്‍ പറയുന്നു
തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ... ജമാല്‍ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടു. മൃതദേഹം നീക്കം ചെയ്തുവെന്നാണ് കരുതുന്നത്. 15 അംഗ സംഘമാണ് കൊലപാതകം നടത്തിയത്. ചൊവ്വാഴ്ച കോണ്‍സുലേറ്റില്‍ എത്തിയ സംഘം അന്നുതന്നെ സൗദിയിലേക്ക് മടങ്ങിയെന്നും തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നു. കോണ്‍സുലേറ്റിന് സുരക്ഷ ഒരുക്കുന്നത് തുര്‍ക്കി ഉദ്യോഗസ്ഥരാണ്. അവര്‍ സെക്യൂരിറ്റി ക്യാമറകള്‍ പരിശോധിച്ചു.

സിസിടിവില്‍ കണ്ടത്
ജമാല്‍ തിരിച്ചുപോകുന്നത് ക്യാമറിയല്‍ കാണുന്നില്ല. അകത്തേക്ക് പോകുന്നത് കാണുന്നുമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥരുടെ കാറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതെല്ലാം ദൃശ്യങ്ങളിലുണ്ട്. കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടുവെന്ന ആരോപണം സൗദി അറേബ്യ നിഷേധിച്ചു. കോണ്‍സുലേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കയറാം. അവിടെ ജമാല്‍ ഉണ്ടോ എന്ന് പരിശോധിക്കാമെന്നും സൗദി അറിയിച്ചു.

രാജാവ് ഇടപെട്ടു
അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങിയ വന്‍കിട രാജ്യങ്ങളും സൗദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഭീഷണി തള്ളിയ സൗദി, ഉപരോധം പ്രഖ്യാപിച്ചാല്‍ പ്രതിരോധിക്കുമെന്നും വ്യക്തമാക്കി. തൊട്ടുപിന്നാലെയാണ് രാജാവ് ഇടപെട്ട് ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചതെന്ന് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുമായി സഹകരിച്ച് അന്വേഷിക്കാനാണ് നിര്‍ദേശം.

ജമാല്‍ ഖഷോഗി തിരിച്ചുപോയി
ജമാല്‍ ഖഷോഗി കോണ്‍സുലേറ്റില്‍ വന്നിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തുവെന്ന് സൗദി വിശദീകരിച്ചു. ജമാല്‍ എവിടെ എന്നറിയാന്‍ സൗദിയും ശ്രമിക്കുകയാണ്. ആദ്യം അക്കാര്യം അറിയുകയാണ് വേണ്ടതെന്നും സൗദി കിരീടവകാശി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളവേഴ്‌സുള്ള വ്യക്തിയാണ് ജമാല്‍. സൗദി ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്ന വ്യക്തിയുമാണ്.












Click it and Unblock the Notifications