അമുസ്ലിം മക്കയില്‍ കടന്നു; സൗദി പൗരന്‍ അറസ്റ്റില്‍... ഇസ്രായേല്‍ ചാനലിലെ അമേരിക്കന്‍ ജേണലിസ്റ്റ്
റിയാദ്: വിശുദ്ധ നഗരമായ മക്കയില്‍ അമുസ്ലിമായ മാധ്യമപ്രവര്‍ത്തകന്‍ പ്രവേശിച്ച കേസില്‍ സൗദി പൗരന്‍ അറസ്റ്റില്‍. ഇസ്രായേല്‍ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരനായ ജേണലിസ്റ്റ് ഗില്‍ തമറിയാണ് ഹജ്ജ് വേളയില്‍ മക്കയില്‍ പ്രവേശിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ വലിയ ചര്‍ച്ചയായി. ഗില്ലിനെതിരെ നടപടി വേണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യം ശക്തമായി. ഇതോടെയാണ് മക്ക പോലീസ് കേസെടുത്തതും അന്വേഷണം തുടങ്ങിയതും.

ഗില്ലിന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം ചെയ്ത സൗദിക്കാരനായ ഡ്രൈവറാണ് അറസ്റ്റിലായത്. ഇസ്രായേലിലെ ചാനല്‍ 13ല്‍ ജോലി ചെയ്യുകയാണ് ഗില്‍. തിങ്കളാഴ്ചയാണ് മക്കയിലെ അറഫയില്‍ നിന്നുള്ള വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. മുസ്ലിങ്ങളല്ലാത്തവര്‍ക്ക് വിലക്കുള്ള പ്രദേശമാണിത്. കേസില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. ഹജ്ജ് വേളയിലെ പ്രധാന ചടങ്ങ് നടക്കുന്ന സ്ഥലമാണ് അറഫ. ഈ മൈതാനത്ത് ഹാജിമാരെല്ലാം ഒത്തുചേരും. ഒരു പകല്‍ ഇവിടെ കഴിഞ്ഞ ശേഷമാണ് ഹജ്ജിന്റെ അവസാന ചടങ്ങുകളിലേക്ക് ഹാജിമാര്‍ പോകുക.
ഇവിടെ പ്രവേശിക്കുന്നത് നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മാധ്യമപ്രവര്‍ത്തകന്‍ കടന്നത്. മുസ്ലിം സഹോദരീ സഹോദരന്‍മാര്‍ക്ക് എത്രത്തോളം ഈ പ്രദേശം പ്രധാനപ്പെട്ടതാണ് എന്ന് അറിയാനാണ് എത്തിയത് എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ പ്രതികരിച്ചത്. പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. സൗദി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍. തുടര്‍ന്നാണ് കേസെടുത്തതും ഡ്രൈവറെ അറസ്റ്റ് ചെയ്തതും. മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടുണ്ട്.
ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍
ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാത്ത രാജ്യമാണ് സൗദി അറേബ്യ. അമേരിക്കയുടെ സമ്മര്‍ദ്ദമുണ്ടെങ്കിലും സൗദി മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. സൗദിയും ബന്ധം ആരംഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എങ്കിലും ഭരണകൂടം തള്ളുകയായിരുന്നു. അടുത്തിടെ ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ക്ക് സൗദിയുടെ വ്യോമ പാത തുറന്നു കൊടുത്തിരുന്നു.
ചെലവ് കുറഞ്ഞ പാതയാണിത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് വലിയ നേട്ടമാകുന്ന പാതയായതിനാലാണ് തുറന്നുകൊടുത്തതെന്നും അതുകൊണ്ടു ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അര്‍ഥമില്ലെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞാഴ്ച ഇസ്രായേലും സൗദിയും സന്ദര്‍ശിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്തിയിരുന്നെങ്കിലും സൗദി സന്ദര്‍ശനം വേണ്ടത്ര ഗുണം ചെയ്തില്ലെന്നാണ് ലോക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications