2034 ലെ ഫുട്ബോൾ ലോകകപ്പിന് സൗദി വേദിയാകും; ഔദ്യോഗിക പ്രഖ്യാപനവുമായി ഫിഫ
2034-ലെ ഫുട്ബോൾ ലോകകപ്പ് പോരാട്ടങ്ങൾക്ക് സൗദി അറേബ്യ വേദിയാകും. വൈകീട്ട് നടന്ന അസാധാരണ ജനറൽ അസംബ്ലയിൽ ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 2030-ലെ ലോകകപ്പ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ നടത്തുമെന്നും ഗിയാനി വ്യക്തമാക്കി.
'ഞങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഫുട്ബോൾ എത്തിക്കുകയാണ്. ടീമുകളുടെ എണ്ണം ഗുണനിലവാരത്തെ ദുർബലപ്പെടുത്തിയിട്ടില്ല. ഇത് യഥാർത്ഥത്തിൽ അവസരം വർദ്ധിപ്പിക്കുകയാണ് ചെയ്തത്', 2030ലെ ലോകകപ്പിനെ കുറിച്ച് ഗിയാനി പറഞ്ഞു. ഖത്തറിൽ വെച്ചായിരുന്നു 2022 ലെ ലോകകപ്പ് നടന്നത്.

2034 ൽ 25ാമത്തെ ലോകകപ്പ് ആണ് സൗദിയിൽ നടക്കാനിരിക്കുന്നത്. ലോകകപ്പ് നടത്താൻ സൗദി മാത്രമാണ് മുന്നോട്ട് വന്നത്. ഏഷ്യയിലോ ഓഷ്യാനയിലെ നിന്നാകും 2034 ലെ ലോകകപ്പ് നടക്കുകയെന്ന് നേരത്തേ ഫിഫ വ്യക്തമാക്കിയിരുന്നു. ഇതോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അവസരത്തിനായി ശക്തമായ ശ്രമങ്ങൾ സൗദി നടത്തിയിരുന്നു. ഇന്തോനേഷ്യയും ഓസ്ട്രേലിയയും ആദ്യം താത്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിൻമാറി. ലേലത്തിൽ റെക്കോഡ് പോയിന്റ് നേടിയാണ് സൗദി മുന്നിലെത്തിയത്.
ആറ് വൻകരകളിൽ നിന്നായി 48 ടീമുകളാണ് സൗദിയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുക. റിയാദ, ജിദ്ദ, ൽ ഖോബാർ, നിയോം, അബ എന്നിങ്ങനെ 5 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങളിൽ മത്സരം നടക്കും. അതേസമയം ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ സൗദിയിൽ ആഘോഷം തുടങ്ങിക്കഴിഞ്ഞു. അടുത്ത നാല് ദിവസത്തേക്ക് ഡ്രോൺ ഷോകളും കരിമരുന്ന് പ്രയോഗങ്ങളുമടക്കം വമ്പൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം സൗദിയെ ലോകഫുട്ബോൾ പോരാട്ടത്തിനുള്ള വേദിയായി പ്രഖ്യാപിച്ച ഫിഫയുടെ തീരുമാനത്തിൽ നിരവധി മനുഷ്യാവകാശ സംഘടനകൾ ആശങ്ക അറിയിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ നിന്നും ഫിഫ പാഠം പഠിച്ചിട്ടില്ലെന്ന് സംഘടകൾ കുറ്റപ്പെടുത്തി. എന്നാൽ എല്ലാ ഫുട്ബോൾ ആരാധകർക്കും സൗഹൃദകരമായ അന്തരീക്ഷം ഉറപ്പാക്കുമെന്ന് സൗദി ഉറപ്പ് നൽകിയെന്നാണ് വിമർശനങ്ങൾക്ക് ഫിഫ നൽകിയ മറുപടി.
'വിശദമായ ചർച്ചയ്ക്ക് കഴിഞ്ഞ മാസം ഫിഫ സൗദി ഫുഡ്ബോൾ ഫെഡറേഷൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ വിഭാഗം ആരാധകരും രാജ്യത്ത് സുരക്ഷിതമായിരിക്കുമെന്നും എൽജിബിടിക്യൂ വിഭാഗങ്ങളെ ഉൾപ്പെടെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതിക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്', ഫിഫ വിശദീകരിച്ചു.












Click it and Unblock the Notifications