ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ച; വെള്ളിയാഴ്ചയോടെ 'നല്ല വാർത്ത' വരുമെന്ന് ട്രംപ്
ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകളിൽ വെള്ളിയാഴ്ചയോടെ 'നല്ല വാർത്ത' ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അടുത്ത 36 മുതൽ 72 മണിക്കൂറിനുള്ളിൽ ചർച്ചകൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും ഇസ്ലാമാബാദിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.നിർണായക മുന്നേറ്റത്തിന് സാധ്യതയുണ്ടെന്ന സൂചനയും ട്രംപ് പങ്കുവെച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറഞ്ഞു.
വെള്ളിയാഴ്ച ഏതെങ്കിലും രീതിയിലുള്ള ചർച്ചകൾ നടക്കുന്നതായി ട്രംപ് നേരിട്ട് വ്യക്തമാക്കിയിട്ടില്ല. അതിനിടെ ട്രംപിനെ തള്ളി ഇറാനിലെ അർദ്ധ-ഔദ്യോഗിക വാർത്താ ഏജൻസിയായ ടസ്നിം ന്യൂസ് രംഗത്തെത്തി. 'ട്രംപ് വീണ്ടും കള്ളം പറഞ്ഞു. വെള്ളിയാഴ്ച ചർച്ചകൾ നടത്താൻ നിലവിൽ ഇറാൻ തീരുമാനിച്ചിട്ടില്ല',എന്ന് അവർ എക്സിൽ കുറിച്ചു.

ഇറാനുമായുള്ള വെടിനിർത്തൽ ഇന്ന് അവസാനിക്കാനിരിക്കെ വെടിനിർത്തൽ നീട്ടിവെച്ചതായി ട്രംപ് അറിയിച്ചിരുന്നു. ഇറാന് മേൽ യുഎസ് ഒരു സമയപരിധി വെക്കാത്തത് ഇത് ആദ്യമാണ്. പാക്കിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തൽ നീട്ടാൻ തീരുമാനിച്ചത് എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഭിന്നിച്ച് നിൽക്കുന്ന ഇറാൻ ഭരണകുടവും പാകിസ്ഥാൻ ഫീൽഡ് മാർഷൽ ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുടെ അഭ്യർത്ഥനയും ഈ തീരുമാനത്തിന് കാരണമായെന്നാണ് ട്രംപ് പറഞ്ഞു..
'ഇറാന്റെ ഭരണകൂടം ഗുരുതരമായി ഭിന്നിച്ചിരിക്കുകയാണ്. ഇറാൻ നേതാക്കൾക്കും പ്രതിനിധികൾക്കും ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ട് വെക്കാൻ കഴിയുന്നത് വരെ രാജ്യത്തിന് നേരെയുള്ള ആക്രമണം തടഞ്ഞുവെക്കാൻ പാകിസ്ഥാനിലെ ഫീൽഡ് മാർഷൽ ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ഞങ്ങളോട് അഭ്യർത്ഥിച്ചു. സൈനിക ഉപരോധം തുടരാനും മറ്റ് എല്ലാ കാര്യങ്ങളിലും സജ്ജരായിരിക്കാനും ഞങ്ങളുടെ സൈന്യത്തിന് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ, ഇറാന്റെ നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ നീട്ടാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു', എന്നാണ് ട്രംപ് സോഷ്യൽ പോസ്റ്റിൽ കുറിച്ചത്.
നേരത്തെ, വെടിനിർത്തൽ നീട്ടില്ലെന്നും കാലാവധി തീരുമ്പോൾ ബോംബാക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം നിലവിലെ തീരുമാനത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സ്വാഗതം ചെയ്തു. അതേസമയം ട്രംപിൻ്റെ നിർദേശത്തോട് ഇറാൻ ഇതുവരേയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലെ ഉപരോധം നീൽക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നതാണ് ഇറാൻ നിലപാട്.












Click it and Unblock the Notifications