ഖത്തര്‍ സമ്മാനിച്ച വിമാനത്തിന്റെ രഹസ്യം പുറത്ത്; ദേഷ്യപ്പെട്ട് ട്രംപ്, പത്രക്കാരുടെ ഫോണ്‍ തേടി
വാഷിങ്ടണ്‍: ഖത്തര്‍ ഭരണകൂടം പ്രസിഡന്റിന് സമ്മാനിച്ച അത്യാഢംബര വിമാനം അമേരിക്കയ്ക്ക് തലവേദന സൃഷ്ടിക്കുന്നു. വിമാനത്തിന്റെ സുരക്ഷാ പാളിച്ചകള്‍ സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയതാണ് പുതിയ വിവാദം. മാധ്യമപ്രവര്‍ത്തകര്‍ക്ക് എങ്ങനെ ഈ വിവരങ്ങള്‍ കിട്ടി എന്ന് തലപുകയ്ക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം വളരെ ദേഷ്യപ്പെട്ടു എന്നാണ് പുതിയ റിപ്പോര്‍ട്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.
കഴിഞ്ഞ വര്‍ഷമാണ് ഖത്തര്‍ ഭരണകൂടം അമേരിക്കക്ക് പുതിയ വിമാനം സമ്മാനിച്ചത്. ആദ്യമായിട്ടാണ് ഒരു വിദേശ രാജ്യം അമേരിക്കക്ക് ഇത്തരത്തില്‍ വിമാനം സമ്മാനിക്കുന്നത്. സഹകരണം ശക്തമാക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിമാനം അമേരിക്ക സ്വീകരിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെ ഒന്നിന് പിറകെ ഒന്നായി വിവാദങ്ങള്‍ ഉയരുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് സാധാരണ വിദേശ യാത്ര നടത്തുന്നത് എയര്‍ ഫോഴ്‌സ് വണ്‍ എന്ന വിമാനത്തിലാണ്. ലോകത്തെ ഏറ്റവും സുരക്ഷയുള്ള വിമാനമായി കരുതുന്നതാണ് എയര്‍ ഫോഴ്‌സ് വണ്‍. ഖത്തര്‍ പുതിയ വിമാനം നല്‍കിയതോടെ എയര്‍ ഫോഴ്‌സ് വണ്‍ ഒഴിവാക്കുകയോ പകരം ഉപയോഗിക്കുകയോ ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കണ്ടെത്തി.
ഖത്തര്‍ സമ്മാനിച്ച വിമാനത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വേണ്ടി വന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ശേഷമാണ് ഈ വിമാനം അമേരിക്കന്‍ പ്രസിഡന്റ് ഉപയോഗിച്ചത്. കഴിഞ്ഞാഴ്ച തുര്‍ക്കിയില്‍ നടന്ന നാറ്റോ യോഗത്തിലേക്ക് ട്രംപ് എത്തിയത് ഖത്തര്‍ നല്‍കിയ വിമാനത്തിലായിരുന്നു. എന്നാല്‍ തിരിച്ചുപോകുമ്പോള്‍ എയര്‍ ഫോഴ്‌സ് വണ്‍ ആണ് ട്രംപ് ഉപയോഗിച്ചത്.
വ്യാപക ഫോണ്‍ പരിശോധന
എന്തുകൊണ്ട് ഖത്തറിന്റെ വിമാനം ട്രംപ് ഉപേക്ഷിച്ചു, സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ട്, ഇറാനുമായുള്ള യുദ്ധം നടക്കുമ്പോള്‍ ഭീഷണിയുള്ളതിനാലാണിത്... തുടങ്ങി പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടു. വിമാനത്തില്‍ സുരക്ഷാ പാളിച്ചയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ട്രംപ് ദേഷ്യപ്പെട്ടതത്രെ. തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ നാല് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ അന്വേഷണ സംഘം ഹാജരാക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം.
വിവരങ്ങള്‍ ചോര്‍ന്നത് പ്രസിഡന്റിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. വൈറ്റ് ഹൗസ് വളരെ ഗൗരവത്തിലാണ് വിഷയം എടുത്തിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല- വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ എന്നിവരാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടതോടെയാണ് സംഭവം പരസ്യമായത്. ഇതിനെതിരെ പത്രം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഖത്തറിന്റെ വിമാനത്തില്‍ സഞ്ചരിച്ച അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ചോര്‍ന്നതാണോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications