ഗുജറാത്തിൽ മോദിയുടെ റാലിക്കിടെ സുരക്ഷാ വീഴ്ച? പറന്നടുത്ത ഡ്രോൺ വെടിവെച്ചിട്ടു
അഹമ്മദാബാദ്: ഗുജറാത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച. ബവ്ലയിൽ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് പറന്നെത്തിയ ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് സൂചന.

ഡ്രോണിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയത് എന്തിനെന്നാണ് പോലീസ് അന്വേഷിക്കുന്നത്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
നേരത്തേ ജനവരിയിൽ പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച ഉണ്ടായിരുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിൽ കർഷക പ്രതിഷേധം ഉണ്ടാകുകയും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങി കിടക്കുകയുമായിരുന്നു.
അതേസമയം ഗുജറാത്തിൽ തിരക്ക് പിടിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ് പ്രധാനമന്ത്രി. വ്യാഴാഴ്ച പലൻപൂർ, മൊഡാസ, ദഹേഗാം, ബാവ്‌ല (അഹമ്മദാബാദ്) എന്നിവിടങ്ങളിലെ നാല് റാലികളെയാണ് മോദി അഭിസംബോധന ചെയ്തത്. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയതോടെ 'മോദി പ്രഭാവം' ആയുധമാക്കി ഭരണം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ബി ജെ പി. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപേ തന്നെ മോദി ഗുജറാത്തിൽ മോദിയുടെ നിരവധി റാലികൾ ബി ജെ പി നടത്തിയിരുന്നു. 182 സീറ്റുകളിൽ 130 സീറ്റുകൾ നേടുമെന്നാണ് ബി ജെ പി അവകാശവാദം.












Click it and Unblock the Notifications