കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി മരണം; അപകടം ടേക്ക് ഓഫിനിടെ
കൊളംബിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി സൈനികർ മരിച്ചതായി റിപ്പോർട്ട്. സി-130 ഹെർക്കുലീസ് ടാക്ടിക്കൽ ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ കുറഞ്ഞത് രണ്ട് പ്ലാറ്റൂൺ സൈനികർ ഉണ്ടായിരുന്നുവെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇക്വഡോർ അതിർത്തിയോട് ചേർന്നുള്ള പ്യൂർട്ടോ ലെഗിസാമോയിൽ നിന്ന് പറന്നുയരുമ്പോഴാണ് വിമാനം തകർന്നു വീണത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കൊളംബിയൻ പ്രതിരോധ മന്ത്രി പറഞ്ഞു. സാധാരണയായി നൂറോളം സൈനികരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണിത്.

വനത്തിലെ ഒഴിഞ്ഞ സ്ഥലത്ത് തീപിടിച്ച് തകർന്ന വിമാനഭാഗങ്ങളുടെ ചിത്രങ്ങൾ സംസ്ഥാന ബ്രോഡ്‌കാസ്റ്ററായ ആർസിഎൻ പ്രസിദ്ധീകരിച്ചു. "സൈനിക യൂണിറ്റുകൾ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ, മരിച്ചവരുടെ എണ്ണവും ദുരന്തകാരണങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല," പ്രതിരോധ മന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. രാജ്യത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദൌർഭാഗ്യകരവും വേദനാജനകമായ സംഭവമാണിതെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications