ഇറാനുമായി കരാറിലെത്തണോ ഇറാനെ തകർക്കണോ? വലിയ തീരുമാനമെടുക്കാനുണ്ടെന്ന് യുഎന്നിൽ ഡൊണാള്‍ഡ് ട്രംപ്
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവേ ഇറാന് ശക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് വലിയൊരു തീരുമാനം എടുക്കേണ്ടതുണ്ടെന്നും ഇറാനുമായി കരാറിലെത്തണമോ അതോ ഇറാനെ പൂര്‍ണമായും തകര്‍ക്കണമോ എന്നതാണ് അതെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇറാനെ പുനര്‍നിര്‍മ്മിക്കാന്‍ അനുവദിക്കുന്ന, ഇതുവരെ അല്ലാതിരുന്ന തരത്തിലുളള ഒരു മഹത്തായ രാഷ്ട്രത്തിന് രൂപം കൊടുക്കുന്ന തരത്തിലുളള, പശ്ചിമേഷ്യയിലെയോ അല്ലെങ്കില്‍ ലോകത്തിലെ തന്നെയോ ഏറ്റവും മഹത്തായ രാജ്യമാക്കി ഇറാനെ മാറ്റുന്ന കരാറിലെത്തണമോ അതോ മറ്റ് രാജ്യങ്ങളേയും ആളുകളേയും ഇല്ലാതാക്കാനുളള അവസരം ഇനിയും കൊടുക്കാതെ ഇറാനെ പൂര്‍ണമായും നശിപ്പിക്കണോ, ട്രംപ് യുഎന്‍ പൊതുസഭയില്‍ ചോദിച്ചു.

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിനിടെ ഇറാന്‍ പ്രതിനിധികള്‍ പൊതുസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതേസമയം നവംബര്‍ 3ന് അമേരിക്കയില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനുമായി കരാറിലെത്തുമെന്നും ഡൊണാള്‍ഡ് ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്ക ആയുധങ്ങളുടെ കാര്യത്തില്‍ പ്രതിസന്ധിയിലാണെന്ന വാദങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു.
ഭീരുക്കളും രാജ്യദ്രോഹികളുമാണ് അമേരിക്കയുടെ കയ്യില്‍ ആയുധങ്ങളുടെ കുറവുണ്ടെന്ന് പറയുന്നത്. അതില്‍ വാസ്തവം ഇല്ല. അമേരിക്ക തങ്ങളുടെ ആയുധശേഖരത്തിലേക്ക് നിരവധി ആയുധങ്ങള്‍ മുന്‍പില്ലാത്ത വിധം വേഗത്തില്‍ കൂട്ടിച്ചേര്‍ത്ത് കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ രാജ്യത്തിന്റെ പ്രസിഡണ്ടാണ് താന്‍. തൊട്ടടുത്ത ദിവസത്തേക്ക് പോലും ഒരു അപകടത്തെ വളരാന്‍ അനുവദിക്കാന്‍ തനിക്ക് താല്‍പര്യമില്ല. പ്രശ്‌നങ്ങള്‍ വേഗത്തില്‍ അവസാനിപ്പിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നത്, ട്രംപ് കൂട്ടിച്ചേര്‍ത്തു.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയും തന്റെ പ്രസംഗത്തില്‍ ട്രംപ് പരാമര്‍ശം നടത്തി. ക്യൂബ പരാജയപ്പെട്ട രാജ്യമാണെന്നും ക്യൂബയിലെ ഭരണമാറ്റം അമേരിക്കയുടെ ലക്ഷ്യമാണെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ താഴെ വീഴുമെന്നും ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ ക്യൂബന്‍ പ്രതിനിധികള്‍ പ്രതിഷേധ സൂചകമായി പൊതുസഭയില്‍ നിന്ന് പുറത്ത് പോയി.


Click it and Unblock the Notifications
