ശുഭാംഷുവിനെ വരവേല്‍ക്കാന്‍ ഇന്ത്യ; ഭൂമിയിലെത്തിയാല്‍ ആദ്യം ചെയ്യുന്നത്: ഇന്ത്യയിലേക്ക് എന്ന് മടങ്ങും
കാലിഫോര്‍ണിയ: ഇന്ത്യന്‍ ബഹിരാകാശ യാത്രികനായ ശുഭാന്‍ഷു ശുക്ലയും മറ്റ് മൂന്ന് ക്രൂ അംഗങ്ങളും ഉള്‍പ്പെടുന്ന ആക്‌സിയം മിഷന്‍ സംഘം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തും. ഇപ്പോള്‍ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം ഇന്ന് വൈകീട്ട് മൂന്നു മണി കഴിഞ്ഞ് ഒരു മിനിറ്റുള്ളപ്പോള്‍ കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ പതിക്കും. ഇന്നലെ വൈകീട്ട് 4.45 നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വേര്‍പെടുത്തി പേടകം യാത്ര തുടങ്ങിയത്. 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷമാണ് ശുഭാംഷു ശുക്ല ഭൂമിയിലെത്തുന്നത്.
ആക്‌സിയം ദൗത്യസംഘത്തിന്റെ മടങ്ങിവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്, പ്രത്യേകിച്ച് ഇന്ത്യ. കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനാണ് ശുഭാംഷു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരനും. ശുഭാന്‍ഷു ശുക്ലയുടെ മടക്കയാത്രയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.

ആക്‌സിയം ദൗത്യ സംഘാംഗങ്ങള്‍
ശുഭാംഷു ശുക്ലയ്ക്കു പുറമേ അമേരിക്കക്കാരനായ പെഗ്ഗി വിറ്റ്‌സന്‍, പോളണ്ട് സ്വദേശിയായ സ്ലാവേസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപ്പു എന്നിവരാണ് സ്‌പേസ് എക്‌സ് ക്രൂ മൊഡ്യൂളില്‍ ഉള്ളത്. ശുഭാന്‍ഷുവായിരുന്നു മിഷന്‍ ദൗത്യ പൈലറ്റ്. ഇന്നലെ നിശ്ചയിച്ചതിലും 10 മിനിറ്റ് വൈകിയാണ് ഭൂമിയിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇരുപത്തി രണ്ടര മണിക്കൂര്‍ നീളുന്ന യാത്രക്കൊടുവിലാണ് പേടകം ഭൂമിയില്‍ പതിക്കുക.
ഭൂമിയിലെത്തിയാല്‍
ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.07ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവേശിക്കും. തുടര്‍ന്ന് കാലാവസ്ഥ അനുകൂലമാണെങ്കില്‍ പാരച്ചൂട്ടുകളുടെ സഹായത്തോടെയാകും സ്പ്ലാഷ് ഡൗണ്‍. കടലില്‍ തയ്യാറാക്കിയ പ്രത്യേക റിക്കവറി കപ്പലുകള്‍ എത്തി യാത്രികരെ പേടകത്തില്‍ നിന്ന് ഇറക്കും. ഭൂമിയിലെ സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ ഏഴു ദിവസത്തെ നിരീക്ഷണത്തിലേക്ക് സംഘം പോകും.
ഇന്ത്യയിലേക്കുള്ള മടക്കം
യുഎസിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലാണ് ശുഭാംഷു അടക്കമുള്ളവര്‍ മെഡിക്കല്‍ വിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതിനു ശേഷമേ ശുഭാംഷു ഇന്ത്യയിലേക്കു മടങ്ങൂ. ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ശാരീരിക ക്ഷമത, ബാലന്‍സ്, ഹൃദയ സംബന്ധമായ പ്രവര്‍ത്തനം, രോഗപ്രതിരോധ ശേഷി എന്നിവ ഉള്‍പ്പെടെ നിരവധി മെഡിക്കല്‍, സൈക്കോളജിക്കല്‍ പരിശോധനകള്‍ നടത്തും.
ഐഎസ്ആര്‍ഒ, ഇന്ത്യന്‍ വ്യോമസേന എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ ശാസ്ത്ര സ്ഥാപനങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള കാത്തിരിപ്പിലാണ്. ബഹിരാകാശ പര്യവേഷണത്തിലെ നേട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി ബഹുമതികള്‍ ശുഭാംഷുവിനെ തേടിയെത്തും.
ആക്‌സിയം ദൗത്യത്തിന് ഇന്ത്യയുടെ ചിലവ്?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംഷു ശുക്ലയുടെ യാത്രയ്ക്ക് ഏകദേശം 550 കോടി ഐഎസ്ആര്‍ഒ നല്‍കിയത്. 2027 ല്‍ ഭ്രമണപഥത്തിലെത്തിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ശുഭാംഷുവിന്റെ അനുഭവങ്ങള്‍ ഐഎസ്ആര്‍ഒയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശുഭാംഷു ബഹിരാകാശത്ത് ചെയ്തത്
ബഹിരാകാശത്ത് ശുഭാംഷു ശുക്ല ഏഴു പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് ഐഎസ്ആര്‍എ അറിയിച്ചു. ജൂണ്‍ 26-നാണ് ആക്‌സിയം 4 ദൗത്യ സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 433 മണിക്കൂറാണ് ഇവര്‍ ചിലവഴിച്ചത്. 288 തവണ ഭൂമിയെ ചുറ്റി. 7.6 ദശലക്ഷം മൈലുകള്‍ സഞ്ചരിച്ചു.
ബഹിരാകാശത്ത് നിന്ന് കൊണ്ടുവരുന്നത്
ബഹിരാകാശ നിലയത്തില്‍ ദൗത്യ സംഘാംഗങ്ങള്‍ 60-ലധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ ഡാറ്റ ഉള്‍പ്പെടെ 580 പൗണ്ടിലധികം ചരക്കുമായാണ് ശുഭാംഷുവും സംഘവും തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ രാകേഷ് ശര്‍മ്മയ്ക്കായി ഒരു പ്രത്യേക മൊമന്റോ കൊണ്ടുവരുമെന്ന് ശുഭാംഷു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം രാകേഷ് ശര്‍മയ്ക്ക് മൊമന്റോ കൈമാറും. അതുവരെ മൊമന്റോ എന്താണെന്നുള്ളത് രഹസ്യമായിരിക്കും.












Click it and Unblock the Notifications