മരിച്ച് 4 വർഷത്തിന് ശേഷവും ജീർണിച്ചില്ല; അത്ഭുതമായി കത്തോലിക്ക കന്യാസ്ത്രീയുടെ മൃതദേഹം
മരിച്ച് 4 വർഷത്തിന് ശേഷവും ജീർണിക്കുകയോ അഴുകുകയോ ചെയ്യാതെ കത്തോലിക്ക കന്യസ്ത്രീയുടെ മൃതദേഹം. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. സിസ്റ്റർ വിൽഹെൽമിനയുടെ മൃതദേഹമാണ് അഴുകാത്ത നിലയിൽ കണ്ടെത്തിയത്. 2019 മേയ് 29ന് മരിച്ച സിസ്റ്റർ വിൽഹെൽമിനയെ തടികൊണ്ട് നിർമ്മിച്ച ശവപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നത്. മഠം സ്ഥിതിചെയ്യുന്ന സെമിത്തേരിയിൽ അടക്കാനായി 2023 മേയ് 18 ന് കുഴിച്ചെടുത്തപ്പോഴാണ് അഴുകാത്ത നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. മരിക്കുമ്പോൾ 95 വയസ്സായിരുന്നു സിസ്റ്റർ വിൽഹെൽമിനയ്ക്ക്.
ഈ വാർത്ത കേട്ടറിഞ്ഞ് സിസ്റ്റർ വിൽഹെൽമിനയുടെ മൃതദേഹം കാണാൻ ആളുകൾ ഒഴുകിയെത്താൻ തുടങ്ങി, പലരും ഈ സംഭവത്തെ 'മിസോറിയിലെ അത്ഭുതം' എന്നാണ് വിളിക്കുന്നത്. അഴുകാത്ത നിലയിൽ കണ്ടെത്തിയ സിസ്റ്റർ വിൽഹെൽമിനയുടെ മൃതദേഹത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. എംബാം ചെയ്യാതെ അടക്കം ചെയ്തത് കൊണ്ട് അസ്ഥികൾ മാത്രമേ ശവപ്പെട്ടിയിൽ ഉണ്ടാകൂ എന്നാണ് കരുതിയതെന്നും എന്നാൽ ഒട്ടും അഴുകാത്ത മൃതദേഹം കണ്ട് അത്ഭുതപ്പെട്ടുപോയി എന്നുമാണ് ന്യൂസ് വീക്കിനോട് ഒരു കന്യാസ്ത്രീ പറഞ്ഞത്.

PC: Kelsey Wicks/CNA
മുഖത്ത് കുറച്ച് അഴുക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ കൺപീലികൾ, പുരികം, മൂക്ക്, ചുണ്ട്, മുടി എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ലെന്നും ചുണ്ടുകളിൽ പുഞ്ചിരി ഉണ്ടായിരുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുമെന്നും ദൈവഹിതം അറിയാനുളള അന്വേഷണത്തിന്റെ ഈ സമയത്ത് എല്ലാ വിശ്വാസികളോടും പ്രാർത്ഥന തുടരാൻ ആവശ്യപ്പെടുന്നുവെന്നും ബിഷപ്പ് (ജെയിംസ്) ജോൺസ്റ്റൺ പറഞ്ഞു. കത്തോലിക്കരിൽ മരണാന്തരം ജീർണതയെ ചെറുത്തുനിൽക്കുന്ന ശരീരത്തെ പാവനമായാണ് കണക്കാക്കുന്നത്.
എന്നാൽ മരണപ്പെട്ടതിന് ശേഷമുള്ള കുറച്ച് വർഷങ്ങൾ മൃതദേഹം കേടുകൂടാതെ നിൽക്കുന്നത് അസാധരണമല്ലെന്നാണ് ചില വിദഗ്ധർ പറയുന്നത്. സംസ്ക്കാരത്തിന് ശേഷം അപൂർവ്വമായി മാത്രം മൃതദേഹം പുറത്തെടുക്കുന്നതിനാൽ ഇത് എത്രത്തോളം സാധാരണമായ സംഭവം ആണെന്ന് പറയാൻ സാധിക്കില്ലെന്നാണ് വെസ്റ്റേൺ കരോലിന യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും ഫോറൻസിക് ആന്ത്രോപോളജി ഡയറക്ടറുമായ നിക്കോളാസ് വി പാസലാക്വാ പറഞ്ഞത് .
എന്നാൽ മനുഷ്യാവശിഷ്ടങ്ങൾ കേടുകൂടാതെ കണ്ടെത്തിയ നിരവധി കേസുകളുണ്ട്. ഈജിപ്ഷ്യൻ മമ്മികൾ ആരും സംരക്ഷിച്ച് വെച്ചതല്ലെന്നും ആയിരക്കണക്കിന് വർഷങ്ങളായി യൂറോപ്പിലെ ബോഗ് ബോഡികൾ കേടുകൂടാതെ കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. അവ ബാക്ടീരിയകളുടെ വളർച്ച പരിമിതപ്പെടുത്തുന്ന അന്തരീക്ഷത്തിൽ ആയിരുന്നതിനാലാണ് ജീർണിക്കാതിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.












Click it and Unblock the Notifications