ആറ് ഗ്രഹണങ്ങള്‍; മൂന്ന് സൂപ്പര്‍മൂണ്‍; 2020ലെ ആകാശ വിസ്മയങ്ങള്‍ ഇങ്ങനെ
ലണ്ടന്‍: ജ്യോതിശാസ്ത്രജ്ഞര്‍ക്കും ആകാശ വിസ്മയങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കൗതുകമേറിയ വര്‍ഷമായിരിക്കും 2020. ആറ് ഗ്രഹണങ്ങള്‍ക്കാണ് ഈ വര്‍ഷം ലോകം സാക്ഷിയാകുക. ജൂണ്‍ 21നാണ് ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം. എത്യോപ്യ, ഒമാന്‍, ടിബറ്റ് എന്നിവിടങ്ങളില്‍ പൂര്‍ണതോതില്‍ കാണാന്‍ സാധിക്കുന്ന ഈ സൂര്യഗ്രഹണം 23 സക്കന്റിലധികം നീണ്ടുനില്‍ക്കും.

സമ്പൂര്‍ണ സൂര്യഗ്രഹണം ഡിസംബര്‍ 14നാണ്. ഭൂമിക്കും സൂര്യനുമിടയില്‍ നിഴല്‍വീഴ്ത്തി ചന്ദ്രന്‍ കടന്നുപോകാന്‍ അന്ന് 24 മിനുട്ട് വേണ്ടി വരും. ചിലി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ പ്രകടമാകുക. സൂര്യഗ്രഹണം രണ്ടാണെങ്കില്‍ നാല് ചന്ദ്രഗ്രഹണങ്ങള്‍ക്കാണ് 2020 സാക്ഷ്യം വഹിക്കുക.
ജനുവരി 10, ജൂണ്‍ 5, ജൂലൈ 5, നവംബര്‍ 29-30 എന്നീ തിയതികളാണ് ചന്ദ്രഗ്രഹണങ്ങള്‍. ജനുവരി 10ലെ ചന്ദ്രഗ്രഹണം ഏഷ്യ, ആസ്‌ത്രേലിയ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് പ്രധാനമായും ദൃശ്യമാകുക. എന്നാല്‍ ജൂണ്‍ അഞ്ചിലെ ഗ്രഹണം യൂറോപ്പ് ഒഴികെയുള്ള മൂന്ന് ഭൂഖണ്ഡങ്ങളിലും ദൃശ്യമാകും. സൗത്ത് അമേരിക്ക, നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് ജൂലൈ അഞ്ചിലെ ചന്ദ്രഗ്രഹണം. നോര്‍ത്ത്-സൗത്ത് അമേരിക്കക്ക് പുറമെ ആസ്‌ട്രേലിയ, കിഴക്കന്‍ ഏഷ്യ എന്നീ മേഖലകളില്‍ നവംബറിലെ ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഈ വര്‍ഷം മൂന്ന് സൂപ്പര്‍മൂണുകളാണ് സംഭവിക്കുക. ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരികയും നല്ല പ്രഭയിലും വലിപ്പത്തിലും കാണുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂപ്പര്‍മൂണ്‍. മാര്‍ച്ച് ഒമ്പത്, ഏപ്രില്‍ എട്ട്, മെയ് ഏഴ് എന്നീ തിയ്യതികളാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്തും തിളക്കമുള്ളതുമായ രീതിയില്‍ രണ്ടു ഗ്രഹങ്ങള്‍ ഈ വര്‍ഷം കാണാന്‍ സാധിക്കും. ജൂലൈ 14ന് വ്യാഴത്തെയും ജൂലൈ 20ന് ശനിയെയും ഇത്തരത്തില്‍ ഭൂമിയില്‍ നിന്ന് കാണാം. ഒരാഴ്ചക്കിടെയാണ് ഇത്തരത്തില്‍ രണ്ടു ഗ്രഹങ്ങളെയും കാണാന്‍ സാധിക്കുക എന്നതും എടുത്തുപറയേണ്ടതാണ്.












Click it and Unblock the Notifications