പണിമുടക്കി എക്സ്; ഒരു മണിക്കൂറോളം സാങ്കേതിക തകരാര്‍: കമ്പനി മൗനത്തില്‍
ന്യൂയോര്‍ക്ക്: സമൂഹ മാധ്യമമായ എക്സ് ഇന്ത്യ ഉള്‍പ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളില്‍ പണിമുടക്കിയതായി റിപ്പോര്‍ട്ട്. നിരവധി എക്സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനും ടൈംലൈന്‍ റീഫ്രഷ് ചെയ്യാനും കഴിഞ്ഞില്ല. ഓണ്‍ലൈന്‍ സേവനങ്ങള്‍ നിരീക്ഷിക്കുകയും സാങ്കേതിക തകരാറുകള്‍ ആഗോള തലത്തില്‍ ട്രാക്ക് ചെയ്യുകയും ചെയ്യുന്ന ഡൗണ്‍ ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഏകദേശം 2500 പരാതികളാണ് എക്സുമായി ബന്ധപ്പെട്ട് ലഭിച്ചത്.
പ്രധാനമായും യുഎസിലെയും യുകെയിലെയും ഉപയോക്താക്കള്‍ക്കാണ് സാങ്കേതിക തടസം നേരിട്ടത്. ആയിരക്കണക്കിന് ഉപയോക്താക്കളുടെ എക്സ് അക്കൗണ്ടുകള്‍ ഹ്രസ്വ നേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. നിലവില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് എക്സ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. യുഎസില്‍ മാത്രം 40,000ത്തിലധികം ആളുകള്‍ പ്ലാറ്റ്ഫോമിലെ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുകെയില്‍ 10,800ലധികം പേരെയാണ് സാങ്കേതിക തകരാര്‍ ബാധിച്ചത്.

അതേസമയം, സാങ്കേതിക തകരാറിനു പിന്നിലെ കാരണത്തെക്കുറിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കുറഞ്ഞത് 30 മുതല്‍ 40 മിനിറ്റ് വരെ തടസം നേരിട്ടതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും സാങ്കേതിക തകരാറിനെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തു.
2022 ലാണ് അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വാങ്ങിയത്. മസ്‌ക് വാങ്ങിയതിനു പിന്നാലെയാണ് എക്സ് എന്നു പേര് മാറ്റിയത്. മസ്‌ക് ഉടമസ്ഥാവകാശം ഏറ്റെടുത്ത ശേഷം പ്ലാറ്റ്ഫോമില്‍ സേവന തടസങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല. പ്ലാറ്റ്‌ഫോമിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള നിരവധി വിമര്‍ശനങ്ങള്‍ക്കും സാങ്കേതിക തകരാര്‍ കാരണമാകുന്നുണ്ട്.












Click it and Unblock the Notifications