അതിര്‍ത്തി ലംഘിച്ച് ജെറ്റ് വിമാനം, പിന്തുടര്‍ന്ന് യുദ്ധവിമാനങ്ങള്‍; പ്രകമ്പനത്തില്‍ അമ്പരന്ന് വാഷിംഗ്ടണ്‍
വാഷിംഗ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ച് പറന്ന ജെറ്റ് വിമാനത്തെ തകര്‍ന്ന് വീഴുന്നതിന് മുന്‍പ് യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നിരുന്നുവെന്ന് സ്ഥിരീകരിച്ച് യുഎസ് വ്യോമസേന. എഫ്-16 യുദ്ധവിമാനങ്ങള്‍ ആണ് സെസ്‌ന 560 സൈറ്റേഷന്‍ എന്ന ജെറ്റിനെ പിന്തുടര്‍ന്നത്. സെസ്‌ന ജെറ്റിലെ പൈലറ്റുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സെസ്‌ന ജെറ്റ് പിന്നീട് വിര്‍ജീനിയയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. വാഷിംഗ്ടണിനും വടക്കന്‍ വിര്‍ജീനിയയ്ക്കും മുകളിലൂടെയാണ് സെസ്‌ന ജെറ്റ് പറന്നത്. വിമാനം പ്രദേശം വിട്ടുപോകുന്നതുവരെ യുഎസ് ക്യാപിറ്റല്‍ കോംപ്ലക്സില്‍ അല്‍പ്പസമയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. 2001 ലെ പെന്റഗണ്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണങ്ങള്‍ക്ക് ശേഷം വാഷിംഗ്ടണിന് അടുത്തുള്ള വ്യോമാതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

വാഷിംഗ്ടണ്‍ മേഖലയില്‍ അനുഭവപ്പെട്ട കനത്ത പ്രകമ്പനം ജെറ്റ് വിമാനത്തെ യുദ്ധവിമാനങ്ങള്‍ പിന്തുടര്‍ന്നതിന്റെ ഫലമായി ഉണ്ടായതാണ് എന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 1987-ല്‍ ആദ്യമായി അവതരിപ്പിച്ച ഇരട്ട-ജെറ്റ് ബിസിനസ് വിമാനമാണ് സെസ്‌ന.
അപകടത്തില്‍പ്പെട്ട സെസ്‌നയില്‍ നാല് പേരുണ്ടായിരുന്നു എന്നാണ് വിവരം. ഏഴ് മുതല്‍ 12 പേര്‍ക്ക് വരെ ഈ വിമാനത്തില്‍ സഞ്ചരിക്കാം. വിര്‍ജീനിയയിലെ മോണ്ടെബെല്ലോയിലെ പര്‍വതപ്രദേശത്ത് ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സെസ്‌ന തകര്‍ന്ന് വീണത് എന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു. ടെന്നസിയിലെ എലിസബത്തണ്‍ മുനിസിപ്പല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് മക്ആര്‍തര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നുവെന്നും എഫ്എഎ അറിയിച്ചു.
വാഷിംഗ്ടണിന്റെ തെക്ക് പടിഞ്ഞാറ് 161 കിലോമീറ്റര്‍ അകലെയാണ് അപകടം സംഭവിച്ചത്. വിര്‍ജീനിയയില്‍ ജെറ്റ് വീഴുന്നതുവരെ പൈലറ്റുമായി ബന്ധം സ്ഥാപിക്കാന്‍ നോറാഡ് ശ്രമിച്ചുവെന്ന് എഫ്എഎ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. പറന്നുയര്‍ന്നതിന് ശേഷം സെസ്ന ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡ് മക്ആര്‍തര്‍ എയര്‍പോര്‍ട്ടിലേക്ക് ഏകദേശം 34,000 അടി ഉയരത്തിലാണ് പറന്നത്.
എന്നാല്‍ 2:30യോടെ ലാന്‍ഡ് ചെയ്യുന്നതിന് പകരം തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് അടുത്ത 50 മിനിറ്റ് നേരായ പാതയില്‍ തുടരുകയായിരുന്നു. അതീവ സുരക്ഷാ മേഖലയായ യുഎസ് ക്യാപിറ്റോളും, വൈറ്റ് ഹൗസും ഉള്‍പ്പടെയുള്ള പ്രദേശത്തിന് മുകളിലൂടെയാണ് സെസ്‌ന കടന്ന് പോയത്. വിര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലെ കടന്ന ജെറ്റ് വലത്തോട്ട് തിരിഞ്ഞ് അതിവേഗം താഴേക്ക് പോവുകയായിരുന്നു.
രണ്ട് മിനിറ്റിനുള്ളില്‍ 34000 അടിയില്‍ നിന്ന് 27635 അടിയിലേക്ക് ജെറ്റ് നീങ്ങി, ഫ്‌ലൈറ്റ്റാഡാര്‍ 24 വക്താവ് ഇയാന്‍ പെറ്റ്ചെനിക് പറഞ്ഞു. സെസ്നയുടെ തകര്‍ച്ചയ്ക്ക് കാരണമായത് എന്താണെന്നതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എഫ്എഎയുടെ എയര്‍ക്രാഫ്റ്റ് രജിസ്ട്രി പ്രകാരം ഫ്‌ലോറിഡയിലെ മെല്‍ബണിലെ എന്‍കോര്‍ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് സൈറ്റേഷന്‍ 560 എന്ന സെസ്‌ന ജെറ്റ് വിമാനം.












Click it and Unblock the Notifications