ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു: ലോക്ക്ഡൗണ്‍ ലംഘിച്ചതില്‍ ഖേദപ്രകടനം നടത്തി ബോറിസ് ജോണ്‍സണ്‍
ലണ്ടന്‍: വിവാദമായ ഡൗണിംഗ് സ്ട്രീറ്റ് പാര്‍ട്ടിയില്‍ പാർലമെന്റ് മുമ്പാകെ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പാര്‍ട്ടിയെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ക്ഷമാപണം. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നുമായിരുന്നു ബോറിസ് ജോണ്‍സണ്ന്റെ വിശദീകരണം.
സംഭവത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഓഫീസിനും ഗുരുതരമായ തെറ്റുപറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ലോക്ഡൗൺ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സർക്കാർ മന്ദിരങ്ങളിലും കുറഞ്ഞത് 11 മദ്യവിരുന്നുകളെങ്കിലും നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നുണ്ടെങ്കിലും രാജിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബോറിസ് ജോണ്‍സൺ. എന്നാല്‍ രാജിക്കായുള്ള മുറവിളി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട് പ്രതിപക്ഷം. പ്രധാനമന്ത്രിയുടേത് നാണംകെട്ട നിലപാടെന്നാണ് അവർ വിമർശിക്കുന്നത്.

അതേസമയം ബോറിസ് ജോണ്‍സണ്‍ രാജിവെച്ചാല്‍ ഇന്ത്യന്‍ വംശജനായ റിഷി സുനക് പ്രധാനമന്ത്രി പദവിയിലേക്ക് എത്തിയേക്കുമെന്ന വിലയിരുത്തലും ശക്തമാണ്. ബ്രിട്ടനിലെ അധികാരതലത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ അടുത്തയാള്‍ ധനമന്ത്രി(ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍)യാണ്. നിലവില്‍ റിഷി സുനകാണ് ധനമന്ത്രി. 2020 മേയില്‍ രാജ്യം ലോക്ഡൗണില്‍ ആയിരുന്നപ്പോള്‍ ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയില്‍ സ്വന്തം പാർട്ടിയില്‍ നിന്ന് തന്നെ ബോറിസിനെതിരെ വിമർശനം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ യാത്രയയപ്പുമായി ബന്ധപ്പെട്ട് വീണ്ടും മദ്യസത്കാരം നടന്നതായി ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത്.












Click it and Unblock the Notifications