നേട്ടം കൊയ്യാന്‍ യുഎഇ; ഇളവുകള്‍ നല്‍കി കോടികള്‍ വാരും... ദക്ഷിണ കൊറിയ മാത്രമല്ല, 3 രാജ്യങ്ങള്‍ കൂടി
ദുബായ്: കൂടുതല്‍ രാജ്യങ്ങളുമായി സഹകരിച്ച് വ്യവസായ സാമ്രാജ്യം വികസിപ്പിക്കാന്‍ യുഎഇ പദ്ധതി. ദക്ഷിണ കൊറിയയുമായി പുതിയ വ്യാപാര കരാര്‍ ഒപ്പുവച്ചത് ഈ ലക്ഷ്യത്തോടെ. ഇറക്കുമതി നികുതിയില്‍ ഇളവ് വരുത്തുന്ന കരാര്‍ നിക്ഷേപ സാധ്യതകള്‍ തുറന്നിടുന്നതാണ്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും ചര്‍ച്ച നടത്തിയ ശേഷമാണ് കരാര്‍ ഒപ്പുവച്ചത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലായിരുന്നു യുഎഇ പ്രസിഡന്റ് പങ്കെടുത്ത ഉച്ചകോടി. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യുഎഇ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് യുഎഇ പ്രസിഡന്റിന്റെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനം. ഊര്‍ജം, പ്രതിരോധം എന്നിവയില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍. വലിയ സാമ്പത്തിക ശക്തിയായ യുഎഇയുമായി സഹകരിക്കുന്നത് നേട്ടമുണ്ടാക്കുമെന്ന് ദക്ഷിണ കൊറിയ മനസിലാക്കുന്നു.

ഇലക്ട്രോണിക്, ആയുധ നിര്‍മാണ രംഗത്ത് തിളങ്ങി നില്‍ക്കുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. സാംസങ് ഉള്‍പ്പെടെയുള്ള ലോകോത്തര നിലവാരമുള്ള ഒട്ടേറെ കമ്പനികളുടെ നാട്. ഇവിടെ വിവിധ മേഖലകളിലായി 3000 കോടി ഡോളര്‍ നിക്ഷേപിക്കാമെന്ന് യുഎഇ കഴിഞ്ഞ വര്‍ഷം വാക്ക് നല്‍കിയതാണ്. ഇതിന്റെ തുടര്‍ ചര്‍ച്ചകളാണ് സിയോളില്‍ നടന്നത്. ആണവോര്‍ജം, പ്രതിരോധം, സോളാര്‍ എനര്‍ജി എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് യുഎഇ നിക്ഷേപിക്കുക.
മറൈന്‍ എഞ്ചിനിയറിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദക്ഷിണ കൊറിയന്‍ കമ്പനി ഹന്‍വ ഓഷ്യനുമായി പുതിയ കരാറിന് യുഎഇയുടെ അഡ്‌നോക് ധാരണയിലെത്തി. സാംസങ് ഹെവി ഇന്‍ഡസ്ട്രീസുമായും കരാറൊപ്പിച്ചു. 150 കോടി ഡോളര്‍ ചെലവ് വരുന്ന ആറ് എല്‍എന്‍ജി ടാങ്കുകള്‍ നിര്‍മിക്കുന്ന കരാറാണ് സാംസങ് ഹെവി ഇന്‍ഡസ്ട്രീസുമായുള്ളത്.
കഴിഞ്ഞ ഒക്ടോബറില്‍ യുഎഇയും ദക്ഷിണ കൊറിയയും തമ്മില്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സെപ) ധാരണയായിരുന്നു. പരസ്പരമുള്ള കച്ചവടത്തില്‍ നികുതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതാണ് ഈ കരാര്‍. ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടമാകുമിത്. പ്രത്യേകിച്ച് കയറ്റുമതി കൂടുതല്‍ ചെയ്യുന്ന രാജ്യങ്ങള്‍ക്ക്. ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കളായ ദക്ഷിണ കൊറിയ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്നുണ്ട്.
2027ല്‍ ലോകത്തെ നാലാമത്തെ ആയുധ കയറ്റുമതി രാജ്യമാകുകയാണ് ദക്ഷിണ കൊറിയയുടെ ലക്ഷ്യം. ദക്ഷിണ കൊറിയയില്‍ നിന്ന് ഇറക്കുന്ന ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി യുഎഇ ഒഴിവാക്കും. യുഎഇയില്‍ നിന്ന് ദക്ഷിണ കൊറിയ ഇറക്കുന്ന എണ്ണയുടെ നികുതിയും എടുത്തുമാറ്റും. ഇരുരാജ്യങ്ങളും പരസ്പരം കയറ്റുമതി ചെയ്യുന്ന മിക്ക വസ്തുക്കളുടെയും നികുതിയില്‍ 90 ശതമാനത്തോളം കുറവാണ് വരുത്തുക.
യുഎഇയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ദക്ഷിണ കൊറിയ തീരുമാനിച്ചത് യുഎഇക്ക് നേട്ടമാണ്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. വൈകാതെ സമാനമായ സാമ്പത്തിക കരാര്‍ യുഎഇ കൂടുതല്‍ രാജ്യങ്ങളുമായി ഒപ്പുവയ്ക്കും. മലേഷ്യ, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളുമായിട്ടാണ് കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിപണികള്‍ വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയുടെ നീക്കം.












Click it and Unblock the Notifications