കൊവിഡ് വീണ്ടും പിടിമുറുക്കുമോ...? ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിൽ ആറ് ലക്ഷം രോഗികൾ
സിയോൾ: ദക്ഷിണ കൊറിയയിൽ കൊവിഡ് കേസുകളിൽ വൻ ഉയർച്ച. ഒരു ദിവസത്തിൽ പുതുതായി ആറ് ലക്ഷത്തിലധികം പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കണക്കുകളിലെ ഉയർന്ന നിരക്കാണ് ഇത്. രാജ്യത്ത് 6,21,328 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് സൗത്ത് കൊറിയ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ ഏജൻസി അറിയിച്ചു. 429 പേർ രോഗം ബാധിച്ച് മരിച്ചു. ഈ ദിവസം 55 ശതമാനം ഉയർച്ചയാണ് കൊവിഡ് കേസുകളിൽ റിപ്പോർട്ട് ചെയ്‌തത്. പുതിയ കണക്ക് പുറത്തുവന്നതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 8,250,592 ആയി.
ആരോഗ്യ വിദഗ്‌ധർ പ്രവചിച്ചിരുന്നതിനേക്കാൾ വലിയ തോതിലാണ് രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നത്. പ്രാദേശിക തലത്തിൽ രോഗം പടരുന്നുവെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തൽ. റിപ്പോർട്ടുകൾ പ്രകാരം ചൊവ്വാഴ്‌ച മാത്രം 293 പേർ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. മാർച്ച് മാസം പകുതിയോടെ കൊവിഡിന്റെ അടുത്ത തരംഗം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു. പ്രതിദിനം ഒന്നര ലക്ഷം മുതൽ രണ്ടര ലക്ഷം രോഗികൾ ഉണ്ടായേക്കാമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പ്രവചനങ്ങളെക്കാൾ കൂടുതൽ കേസുകളാണ് രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്.













Click it and Unblock the Notifications