ദക്ഷിണ കൊറിയയില്‍ അടിയന്തരാവസ്ഥ; പ്രതിപക്ഷം ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് പ്രസിഡന്റ്
സിയോള്‍: ദക്ഷിണ കൊറിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് യൂന്‍ സുക് യോള്‍. ബജറ്റ് ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിലെ തര്‍ക്കത്തിനിടയില്‍ പ്രതിപക്ഷം ഭരണത്തെ അട്ടിമറിക്കാനുള്ള രാജ്യവിരുദ്ധ നീക്കം നടത്തുന്നു എന്ന് ആരോപിച്ചാണ് യൂന്‍ സുക് യോള്‍ രാജ്യത്ത് അടിയന്തര സൈനിക നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തര കൊറിയയുടെ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് സ്വതന്ത്ര ദക്ഷിണ കൊറിയയെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും കൊള്ളയടിക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാന്‍ അടിയന്തര പട്ടാള നിയമം പ്രഖ്യാപിക്കുന്നു എന്നും പ്രസിഡന്റ് ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു. യൂനിന്റെ പീപ്പിള്‍ പവര്‍ പാര്‍ട്ടിയും പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടിയും അടുത്ത വര്‍ഷത്തെ ബജറ്റ് ബില്ലിനെച്ചൊല്ലി തര്‍ക്കം തുടരുന്നതിനിടെയാണ് അപ്രതീക്ഷിത നീക്കം.

ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം പരിഗണിക്കാതെ, പ്രതിപക്ഷ പാര്‍ട്ടി ഭരണം സ്തംഭിപ്പിച്ചത് ഇംപീച്ച്മെന്റുകള്‍ക്കും പ്രത്യേക അന്വേഷണങ്ങള്‍ക്കും അവരുടെ നേതാവിനെ നീതിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും വേണ്ടി മാത്രമാണ് എന്ന് യൂന്‍ ആരോപിച്ചു. പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി കമ്മിറ്റി വഴി ഗണ്യമായി കുറച്ച ബജറ്റ് പദ്ധതി അംഗീകരിച്ചിരുന്നു. യൂനിന്റെ നിര്‍ദ്ദിഷ്ട 677 ട്രില്യണ്‍ ബജറ്റ് പദ്ധതിയില്‍ നിന്ന് പ്രതിപക്ഷം ഏകദേശം 4.1 ട്രില്യണ്‍ വോണ്‍ (2.8 ബില്യണ്‍ ഡോളര്‍) വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
യൂനിന്റെ ഓഫീസ്, പ്രോസിക്യൂഷന്‍, പൊലീസ്, സ്റ്റേറ്റ് ഓഡിറ്റ് ഏജന്‍സി എന്നിവയുടെ സര്‍ക്കാരിന്റെ കരുതല്‍ ഫണ്ടും പ്രവര്‍ത്തന ബജറ്റുകളും വെട്ടിക്കുറച്ചിരിക്കുരയാണ്. ദേശീയ അസംബ്ലി കുറ്റവാളികളുടെ സങ്കേതമായി മാറിയിരിക്കുന്നു എന്നും ജുഡീഷ്യല്‍, ഭരണ സംവിധാനങ്ങളെ സ്തംഭിപ്പിക്കാനും നമ്മുടെ ലിബറല്‍ ജനാധിപത്യ ക്രമത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നു എന്നും യൂന്‍ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നിയമനിര്‍മ്മാതാക്കള്‍ മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ ചെറുക്കലും പൊതു സുരക്ഷ നിലനിര്‍ത്തലും പോലുള്ള രാജ്യത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ പ്രധാന ബജറ്റുകളും വെട്ടിക്കുറച്ചു എന്നും പ്രസിഡന്റ് ആരോപിച്ചു. 300 അംഗ ദക്ഷിണ കൊറയിന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ളത് പ്രതിപക്ഷത്തിനാണ് സ്വതന്ത്ര ദക്ഷിണ കൊറിയയുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിന് സൈനികനിയമം ഏര്‍പ്പെടുത്തുന്നത് അനിവാര്യമാണെന്ന് യൂന്‍ വിശേഷിപ്പിച്ചു.
അതേസമയം ഇത് രാജ്യത്തിന്റെ വിദേശ നയത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''രാജ്യവിരുദ്ധ ശക്തികളെ എത്രയും വേഗം ഒഴിവാക്കി ഞാന്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരും,'' അദ്ദേഹം പറഞ്ഞു. സൈനിക നിയമം ഏര്‍പ്പെടുത്തിയതോടെ ആണവായുധങ്ങളുള്ള ഉത്തര കൊറിയയുമായി സാങ്കേതികമായി യുദ്ധം ചെയ്യുന്ന ദക്ഷിണ കൊറിയയിലെ എല്ലാ സൈനിക യൂണിറ്റുകളോടും അവരുടെ അടിയന്തര പുലര്‍ത്താന്‍ ഭരണകൂടം ഉത്തരവിട്ടു.
ദേശീയ അസംബ്ലിയുടെ പ്രവേശന കവാടം അടയ്ക്കുകയും എംപിമാരെ കെട്ടിടത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന ഏറ്റവും പുതിയ ഗാലപ്പ് വോട്ടെടുപ്പില്‍ യൂനിന്റെ പിന്തുണ 19 ശതമാനമായി കുറഞ്ഞിരുന്നു. പ്രസിഡന്റ് സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിയില്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications