അടിയന്തരാവസ്ഥ പിന്‍വലിച്ച് ദക്ഷിണ കൊറിയ; പട്ടാളനിയമം പിന്‍വലിച്ച് ഉത്തരവിറക്കി
സിയോൾ: ദക്ഷിണ കൊറിയയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ച് പ്രസിഡന്റ് യൂൻ സുക് യിയോൾ. വ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആറ് മണിക്കൂറിനുള്ളിൽ പട്ടാള നിയമം പിൻവലിച്ച് ഉത്തരവ് ഇറക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയായിരുന്നു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സൈനിക നിയമം ചുമത്തുന്നതിനെതിരെ ദക്ഷിണ കൊറിയൻ എം പിമാർ എകകണ്ഠമായി വോട്ട് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പട്ടാളനിയമം പിൻവലിച്ചത്. വിന്യസിച്ച സൈന്യത്തെ സർക്കാർ പിൻവലിച്ചെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം സൈനിക നിയമം പിൻലിച്ച് ഔദ്യോഗിക അറിയിപ്പിറക്കുമെന്നും യൂൻ സുക് യിയോൾ പറഞ്ഞു. പിന്നാലെ പട്ടാള നിയമം പിൻവലിച്ച് ഉത്തരവ് ഇറക്കി.

" കുറച്ച് നേരം മുൻപ് അടിയന്തരാവസ്ഥ പിൻവലിക്കാൻ പാർലമെന്റിൽ നിന്ന് ഒരു ആവശ്യം ഉയർന്നിരുന്നു. സൈന്യത്തെ ഞങ്ങൾ പിൻവലിച്ചു. ഞങ്ങൾ ദേശീയ അസംബ്ലിയുടെ അഭ്യർത്ഥന അംഗീകരിക്കുകയും ക്യാബിനറ്റ് മീറ്റിംഗിലൂടെ സൈനിക നിയമം പിൻവലിക്കുകയും ചെയ്യും" എന്നാണ് യൂൻ സുക് യിയോൾ പറഞ്ഞത്.
ചൊവ്വാഴ്ച രാത്രി വൈ ടി എൻ ടെലിവിഷനിൽ നടത്തിയ പ്രസംഗത്തിലൂടെയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നാണംകെട്ട ഉത്തര കൊറിയൻ അനുകൂല രാഷ്ട്ര വിരുദ്ധ ശക്തികളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജ്യത്ത് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യവിരുദ്ധ ശക്തികളെ തകർക്കാനാണ് തീരുമാനമെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലർത്തുന്നുവെന്നും ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ഉത്തര കൊറിയയുടെ കമ്മ്യൂണിസ്റ്റ് ശക്തികൾ ഉയർത്തുന്ന ഭീഷണികളിൽ നിന്ന് സ്വതന്ത്ര്യ ദക്ഷിണ കൊറിയയെ സംരക്ഷിക്കേണ്ടതുണ്ടെന്നും യൂൻ സുക് യിയോൾ പറഞ്ഞിരുന്നു. ഏകദേശം അഞ്ച് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ദക്ഷിണ കൊറിയ പട്ടാള നിയം ചുമത്തുന്നത്. അവസാനത്തേത് 1980 ൽ ആയിരുന്നു.
അതേ സമയം രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്റിന് പുറത്ത് പ്രതിഷേധക്കാർ തടിച്ചുകൂടുകയും പട്ടാളനിയമത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ച് വിടാൻ സുരക്ഷാ സേന കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിച്ചു. രാജ്യത്തിന്റെ കറൻസിയുടെ മൂല്യവും കുത്തനെ കുറഞ്ഞു. ഇതിന് പിന്നാലെ പാർലമെന്റിന്റെ വോട്ട് അംഗീകരിച്ച പ്രസിഡന്റ് അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കുമെന്ന് അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications