സ്പേസ് എക്സിന്റെ റോക്കറ്റിലേറി ചരിത്രം കുറിച്ച് ഇന്ത്യ; ജിസാറ്റ്-20 വിജയകരമായി വിക്ഷേപിച്ചു
ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിജയകരമായി വിക്ഷേപിച്ചു. ഇലോൺ മസ്കിന്റെ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ കേപ് കനവെറിൽ വെച്ച് 12.01 ഓടെയായിരുന്നു വിക്ഷേപണം. 34 മിനിറ്റ് യാത്ര കഴിഞ്ഞ് ഉപഗ്രഹം വേർപെട്ട് ഭ്രമണപഥം തൊട്ടു. വിക്ഷേപണം വിജയകരമാണെന്ന് ഐ എസ് ആർ ഒയും പ്രതികരിച്ചു.
വാർത്താവിനിമയ ഉപഗ്രഹങ്ങളായ ജിസാറ്റിന്റെ തുടർച്ചയാണ് ജിസാറ്റ് 20യുടെ കാലാവധി 20 വർഷമാണ്. വിദൂര പ്രദേശങ്ങളിലേക്കുള്ള ഇൻ്റർനെറ്റ് കണക്റ്റിവിറ്റിയും ഇൻ-ഫ്ലൈറ്റ് ഇൻറർനെറ്റ് സേവനങ്ങളും ഉൾപ്പെടെ രാജ്യത്തുടനീളം സുപ്രധാന സേവനങ്ങൾ നൽകാൻ ജിസാറ്റ്-20 ക്ക് സാധിക്കും.ജിസാറ്റ്-20 അല്ലെങ്കിൽ ജിസാറ്റ്-എൻ 2 യിൽ എട്ട് നാരോ സ്പോട്ട് ബീമുകളും 24 വൈഡ് സ്പോട്ട് ബീമുകളും ഉൾപ്പെടെ 32 യൂസർ ബീമുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഈ വർഷം ജനവരിയിലാണ് ജിസാറ്റ് -20 യുടെ വിക്ഷേപണത്തിനായി സ്പേസ് എക്സുമായി സഹകരിക്കാൻ തീരുമാനിച്ച കാര്യം ഐ എസ് ആർ ഒ അറിയിച്ചത്. ഇതാദ്യമായാണ് ഇത്തരത്തിൽ ഇന്ത്യ സ്പേസ് എക്സുമായി സഹകരിക്കുന്നത്. ബാഹുബലി റോക്കറ്റിലാണ് നാല് ടൺവരെയുള്ള ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിരുന്നത്. എന്നാൽ ജിസാറ്റിന്റെ ഭാരം 4700 കിലോഗ്രാമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ മറ്റൊരു റോക്കറ്റിനെ ആശ്രയിച്ചത്.
ഏരിയൻസ്പേസിന്റെ സഹായത്തോടെയാണ് മുൻപ് ഭാരമേറിയ ഉപഗ്രഹങ്ങൾ ഇന്ത്യ വിക്ഷേപിച്ചിരുന്നത്. എന്നാൽ ജിസാറ്റ്-20 വിക്ഷേപിക്കാനുള്ള വാണിജ്യ സ്ലോട്ട് നിലവിൽ യൂറോപ്യൻ ബഹിരാകാശ റോക്കറ്റിന് ഇല്ല. ചൈനയുടെ റോക്കറ്റുകൾ ഇന്ത്യ ഇതുവരെ ഉപയോഗിച്ചിട്ടില്ല. റഷ്യയുടേതാകട്ടെ യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉപയോഗിക്കുക സാധ്യവുമല്ല. ഇതോടെയാണ് ഫാൽക്കൺ റോക്കറ്റിന്റെ സാധ്യത തേടിയത്.
70 മീറ്റർ നീളവും ഏകദേശം 549 ടൺ ഭാരവുമാണ് ഫാൽക്കൻ റോക്കറ്റിനുള്ളത്. റോക്കറ്റിന് 8,300 കിലോഗ്രാം വരെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്കും 22,800 കിലോഗ്രാം ലോ എർത്ത് ഓർബിറ്റിലേക്കും ഫാൽക്കൺ ഉയർത്താനാകും. ഫാൽക്കൺ 9 ഭാഗികമായി പുനരുപയോഗിക്കാവുന്ന റോക്കറ്റാണെന്നാണ് സ്‌പേസ് എക്‌സ് അവകാശപ്പെടുന്നത്.
ഫാൽക്കൺ ഇതുവരെ 396 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. ഇതിൽ രണ്ട് വിക്ഷേപണങ്ങൾ മാത്രമാണ് പരാജയപ്പെട്ടത്. ഫാൽക്കൺ 9 റോക്കറ്റിൻ്റെ വിക്ഷേപണത്തിന് ശരാശരി 70 ദശലക്ഷം ഡോളർ വരെ ചിലവാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications