ഒരു മുട്ടയ്ക്ക് 30 രൂപ, ഒരു കിലോ പഞ്ചസാരയ്ക്ക് 240 രൂപ,പാല്‍പ്പൊടി 1900 രൂപ; ലങ്കയില്‍ സ്ഥിതി ഗുരുതരം
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. കുതിച്ച് ഉയരുന്ന പണപ്പെരുപ്പവും ദുര്‍ബലമായ കറന്‍സിയും ശ്രീലങ്കയില്‍ അടിസ്ഥാന വസ്തുക്കളുടെ വില കുതിച്ചുയരാന്‍ ഇടയാക്കി. അഭൂതപൂര്‍വമായ സാമ്പത്തിക തകര്‍ച്ചയുടെ ദുരിതത്തില്‍, ദ്വീപ് രാഷ്ട്രത്തിലെ ആളുകള്‍ ഇന്ധനവും ഭക്ഷണവും മരുന്നുകളും വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുകയാണ്. മിക്കപ്പോഴും, പലരും വെറും കൈയോടെ തിരിച്ചു പോകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കക്കാര്‍ അവരുടെ ദൈനം ദിന പലചരക്ക് സാധനങ്ങള്‍ക്കായി വളരെയേറെ സമയം ചെലവഴിക്കേണ്ടി വരുന്നെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊളംബോയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെ വില കഴിഞ്ഞ ആഴ്ചകളിലേക്കാള്‍ ഇരട്ടിയായി. ഒരു കിലോ പഞ്ചസാര 240 രൂപയും വെളിച്ചെണ്ണ ലിറ്ററിന് 850 രൂപയുമാണ്. ഒരു മുട്ടയുടെ വില 30 രൂപ. ഒരു കിലോ പാല്‍പ്പൊടി ഇപ്പോള്‍ 1900 രൂപയ്ക്കാണ് വില്‍ക്കുന്നത് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരിയില്‍ ശ്രീലങ്കയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഇതിനകം 17.5 ശതമാനത്തിലെത്തി. ഭക്ഷ്യ പണപ്പെരുപ്പം 25 ശതമാനത്തിലധികം ഉയര്‍ന്നു. ഇത് ഭക്ഷണത്തിന്റെയും ധാന്യങ്ങളുടെയും വില ഉയര്‍ന്നതിലേക്ക് നയിച്ചു. മരുന്നിനും പാല്‍പ്പൊടിക്കും വലിയ ക്ഷാമവുമുണ്ട്. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ജനരോഷം ശക്തമാകുകയാണ്. അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും ദീര്‍ഘകാല വൈദ്യുതി തടസ്സത്തിനും രാജപക്സെ ഭരണകൂടത്തെ കുറ്റപ്പെടുത്തി പ്രക്ഷോഭകര്‍ തലസ്ഥാനം ഉള്‍പ്പെടെ രാജ്യത്തിന്റെ പല പോക്കറ്റുകളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ രാജ്യവ്യാപകമായി സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, യൂട്യൂബ്, സ്നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവ ഉള്‍പ്പെടെ പന്ത്രണ്ടോളം സമൂഹ മാധ്യമങ്ങള്‍ക്കാണ് രാജ്യത്ത് വിലക്ക്. അതേസമയം ഇന്ത്യയില്‍ നിന്ന് 40,000 ടണ്‍ ഡീസല്‍ എത്തിയതോടെ നിശ്ചലമായിരുന്ന ബസ് സര്‍വീസ് അടക്കമുള്ള പൊതുഗതാഗത സംവിധാനം വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈന്യത്തിന് പൂര്‍ണ നിയന്ത്രണം നല്‍കുന്ന അടിയന്തരാവസ്ഥയ്ക്ക് പിന്നാലെയാണ് കര്‍ഫ്യൂവും ദ്വീപ രാഷ്ട്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് ആറു മുതല്‍ തിങ്കള്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യൂ. കര്‍ഫ്യൂവായതോടെ അവശ്യസാധനത്തിനായി ജനം തെരുവില്‍ പരക്കം പായുകയാണ്. അതിനിടെ ശ്രീലങ്കയില്‍ 13 മണിക്കൂര്‍ പവര്‍കട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications